മൂന്ന് എംഎൽഎമാർ മാത്രമെങ്കിലും കേരളത്തിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടെന്ന പ്രതീതി: മുഹമ്മദ് റിയാസ്
കേരളം ഭരിക്കുന്നത് ബിജെപിയാണെന്ന പ്രതീതിയാണ് നിലവിലെ സാഹചര്യങ്ങളിലൂടെ ഉണ്ടാകുന്നതെന്ന് എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് സംസ്ഥാനത്ത് മൂന്ന് എംഎൽഎമാർ മാത്രമാണുള്ളതെങ്കിലും ഭൂരിപക്ഷം എംഎൽഎമാരുണ്ടെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലാണ് പല വിഷയങ്ങളിലുമുള്ള നിലപാടുകളെന്ന് റിയാസ് വിമർശിച്ചു. മയിൽപ്പീലി സ്കോളർഷിപ്പ് വിവാദത്തിൽ കോൺഗ്രസോ മുസ്ലിം ലീഗോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് കേരളത്തിലും ഇപ്പോൾ സംഭവിക്കുന്നതെന്നും റിയാസ് ആരോപിച്ചു.
വിവിധ കോഴ്സുകളുടെ പേരിൽ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലടി സർവകലാശാല ഇപ്പോൾ പൗരാവകാശ ലംഘനങ്ങളുടെ പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വൈസ് ചാൻസലർ പൊലീസിൽ പരാതി നൽകിയതെന്നാണ് റിയാസിന്റെ ആരോപണം. ആർഎസ്എസിന്റെ താൽപര്യങ്ങൾ നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.