കെപിസിസി വിലക്ക് മറികടന്ന് കൂടുതൽ നേതാക്കൾ രംഗത്തേക്ക്; സർക്കാരിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു
കെപിസിസിയുടെ വിലക്കുകൾ അവഗണിച്ച് സർക്കാരിനെതിരെ പരസ്യപ്രതികരണവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയേക്കുമെന്ന് സൂചന. സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള അതൃപ്തി പരസ്യമാക്കാനാണ് നേതാക്കളുടെ നീക്കം. മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും സർക്കാരിനെതിരെ നേരത്തേ വിമർശനമുന്നയിച്ചിരുന്നു.
കൂടിയാലോചനകളില്ലാതെ ബോർഡ്, കോർപറേഷൻ നിയമനങ്ങൾ നടത്തിയെന്നായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി കെ. സുധാകരനും രംഗത്തെത്തി. സർക്കാരിന് ആവശ്യം സ്തുതിപാഠകരെയല്ലെന്നും ഭരണപക്ഷത്തുള്ളവർക്ക് തെറ്റുകൾ ചൂണ്ടിക്കാട്ടാനുള്ള ആർജവം വേണമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ന്യായമായ കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയതെന്നും ഇതിന് പിന്നിൽ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുണ്ടെന്നും സുധാകരൻ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പരസ്യപ്രതികരണം കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
വി.ഡി. സതീശൻ കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നതിൽ പാർട്ടിക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതായാണ് സൂചന. അടൂർ പ്രകാശിനും കെ. സുധാകരനും പിന്നാലെ കൂടുതൽ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയാൽ കോൺഗ്രസ് നേതൃത്വത്തിന് അത് പുതിയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തൽ.