എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ സാംബശിവറാവുവിന് അതൃപ്തി; യാത്രയയപ്പും ഔദ്യോഗിക വാഹനവും ഒഴിവാക്കി
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി. ചട്ടപ്രകാരം പ്രവർത്തിച്ചിട്ടും തന്നെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ കാരണം മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അറിയിക്കേണ്ട എല്ലാ കാര്യങ്ങളും കൃത്യമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സർക്കാരിന് ദോഷകരമായ ഏതെങ്കിലും പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തന്നെ മാറ്റിയതിനു പിന്നിൽ സർക്കാരിന് എന്തെങ്കിലും താൽപര്യമുണ്ടാകാമെന്ന സൂചനയാണ് സാംബശിവറാവു നൽകുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായിട്ടില്ല. ഔദ്യോഗിക യാത്രയയപ്പ് സ്വീകരിക്കാതെയും ഔദ്യോഗിക വാഹനം ഉപയോഗിക്കാതെയുമാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.
സ്ഥാനമൊഴിയുന്നതിന് മുമ്പ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണവും സാംബശിവറാവു ഉന്നയിച്ചിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദും ഡെപ്യൂട്ടി കമ്മീഷണർ അജയും ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളാണ് അദ്ദേഹം സർക്കാരിന് നൽകിയ റിപ്പോർട്ടിലുള്ളത്. ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, വിമാനത്താവളത്തിൽ ബാർ ലൈസൻസ് അനുവദിച്ച നടപടിയെ സാംബശിവറാവു ന്യായീകരിച്ചു. എഫ്.എൽ-7 ലൈസൻസ് അനുവദിക്കാൻ എക്സൈസ് കമ്മീഷണർക്ക് അധികാരമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചട്ടപ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ കസ്റ്റംസ് കമ്മീഷണറുടെയും വിമാനത്താവള അധികൃതരുടെയും സമ്മതത്തോടെ ലോഞ്ച് ബാർ ലൈസൻസ് അനുവദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.