ഇന്ത്യ വിടണമെന്ന FRRO ഉത്തരവിനെതിരെ ഇമ്രാൻ ഖാൻ; ബോംബെ ഹൈക്കോടതിയെ സമീപിക്കും
ഇന്ത്യ വിടാൻ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) നൽകിയ ഉത്തരവിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയെ സമീപിക്കും. അമേരിക്കൻ പൗരനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമയുമായ ഇമ്രാൻ ഖാൻ ഒക്ടോബർ 28-നകം രാജ്യം വിടണമെന്നാണ് FRRO നിർദേശിച്ചിരിക്കുന്നത്. ഉത്തരവിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ സുൽഫിക്കർ മേമൻ മുഖേന ഹർജി സമർപ്പിക്കാനാണ് നടന്റെ നീക്കം.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്തത് നിയമലംഘനമാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി FRRO-യ്ക്ക് കൈമാറിയതിന് പിന്നാലെയാണ് നടന് നാടുവിടാൻ നിർദേശം നൽകിയത്.
OCI കാർഡ് ഉടമയായിരുന്നാലും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്നാണ് FRROയുടെ നിലപാട്. 2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലേക്കുള്ള വിദേശികളുടെ പ്രവേശനം, രാജ്യം വിടൽ, രാജ്യത്തെ സാന്നിധ്യം, സഞ്ചാരം എന്നിവ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് നിയമത്തിലെ ഏഴാം വകുപ്പ്.
നടനെതിരായ നടപടിക്കെതിരെ സമാജ്വാദി പാർട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷൻ അബു ആസ്മി രംഗത്തെത്തി. ഇമ്രാൻ ഖാൻ ഈ രാജ്യവുമായി ബന്ധമുള്ളയാളാണെന്നും പൗരത്വം മാറിയെങ്കിലും ഇന്ത്യയുമായുള്ള ബന്ധം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിന്റെ പരാജയങ്ങൾ പുറത്തുവരുന്നത് തടയാനുള്ള ശ്രമമാണ് നടപടിയെന്നും അബു ആസ്മി ആരോപിച്ചു.
മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ ഖാനൊപ്പം പങ്കാളി ലേഖ വാഷിംഗ്ടണും ബന്ധു സെയ്ൻ മേരി ഖാനും പങ്കെടുത്തിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
കസ്റ്റഡിയിലിരിക്കെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നുള്ള ചിത്രം പങ്കുവെച്ച ഇമ്രാൻ ഖാൻ, താൻ ഡ്രൈവിന് പോവുകയാണെന്ന തരത്തിൽ തമാശയായി കുറിച്ചിരുന്നു. ഒരു പൗരനെന്ന നിലയിലും നഗരത്തിൽ താമസിക്കുന്ന ഒരാളെന്ന നിലയിലും സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്നതും എന്തിനാണെന്ന് ചോദിക്കാനാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
FRROയുടെ ഉത്തരവിനെതിരെ നടൻ കോടതിയെ സമീപിക്കുന്നതോടെ, OCI കാർഡ് ഉടമകളുടെ പ്രതിഷേധിക്കാനുള്ള അവകാശവും വിദേശ പൗരന്മാർക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ അധികാരങ്ങളും സംബന്ധിച്ച നിയമപോരാട്ടത്തിന് വഴിയൊരുങ്ങുകയാണ്.