Skip to main content
വാർത്തകൾ

നവംബർ 26ന് രാജ്യവ്യാപക കർഷക പ്രക്ഷോഭം; എംഎസ്പി നിയമം, തൊഴിലുറപ്പ് പുനഃസ്ഥാപിക്കൽ തുടങ്ങി ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച

farmers

കർഷക സമരത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് നവംബർ 26ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) പുനഃസ്ഥാപിക്കൽ, സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ്ടിഎ) തള്ളിക്കളയൽ, നാല് തൊഴിൽ കോഡുകൾ പിൻവലിക്കൽ, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) റദ്ദാക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

നവംബർ 9ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് നരേന്ദ്ര മോദി സർക്കാരിനെതിരായ സമരപരിപാടികൾ ശക്തമാക്കാൻ എസ്‌കെഎം ആഹ്വാനം ചെയ്തത്. ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ഡൽഹിയിൽ ഉച്ചയ്ക്ക് ഒന്നിന് മന്ദിർ മാർഗിൽ ഒത്തുചേരുന്ന കർഷകർ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും.

2020ൽ കോർപറേറ്റ് അനുകൂലമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ലക്ഷക്കണക്കിന് കർഷകർ നടത്തിയ ഐതിഹാസിക പോരാട്ടത്തെ സംഘടന അനുസ്മരിച്ചു. 2021 ഡിസംബർ ഒമ്പതിന് കേന്ദ്രസർക്കാരുമായി ഒപ്പുവച്ച ധാരണ കർഷകർക്ക് നൽകിയ പ്രതീക്ഷകൾ സർക്കാർ പാലിച്ചില്ലെന്നാണ് എസ്‌കെഎമ്മിന്റെ ആരോപണം. കർഷകർക്ക് നൽകിയ രേഖാമൂലമുള്ള ഉറപ്പുകൾ നടപ്പാക്കുന്നതിൽ മോദി സർക്കാർ പൂർണമായി പരാജയപ്പെട്ടെന്നും സംഘടന കുറ്റപ്പെടുത്തി.

2026 ഒക്ടോബർ 12ന് കർണാലിൽ ചേർന്ന എസ്‌കെഎം ജനറൽ ബോഡി യോഗത്തിലാണ് സമരം ശക്തമാക്കാനും നവംബർ 26ന് വൻ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചത്. രാജ്യത്തുടനീളമുള്ള കർഷകർ പ്രക്ഷോഭത്തിൽ അണിനിരക്കുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം.

എല്ലാ വിളകൾക്കും നിയമപരമായ താങ്ങുവില ഉറപ്പാക്കണം

എല്ലാ കാർഷിക വിളകൾക്കും ഉൽപാദനച്ചെലവിന്റെ (സി2) 50 ശതമാനം അധികം ചേർത്തുള്ള നിരക്കിൽ താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ടുവരണമെന്നാണ് എസ്‌കെഎമ്മിന്റെ പ്രധാന ആവശ്യം. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 3,200 രൂപയായി ഉയർത്തണമെന്നും പാട്ടകർഷകർ ഉൾപ്പെടെ എല്ലാ കർഷകർക്കും ഈ നിരക്കിൽ നെല്ല് സംഭരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

നിലവിൽ പ്രഖ്യാപിച്ച നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,441 രൂപയാണെന്നും ശരാശരി വിപണിവില 1,850 രൂപ മാത്രമാണെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി. ഇതുമൂലം കർഷകർക്ക് ഏക്കറിന് ഏകദേശം 30,000 രൂപയുടെ നഷ്ടമുണ്ടാകുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ലഭിക്കുന്ന 6,000 രൂപ ഈ നഷ്ടത്തിന്റെ 20 ശതമാനം മാത്രമാണ് നികത്തുന്നതെന്നും സംഘടന പറഞ്ഞു.

2026-27 നെല്ല് സീസണിൽ മാത്രം രാജ്യത്തെ കർഷകർക്ക് 3.07 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായും എസ്‌കെഎം അവകാശപ്പെട്ടു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി നൽകിയ ശരാശരി ആനുകൂല്യം ഏകദേശം 63,000 കോടി രൂപ മാത്രമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

എസ്ഐആർ റദ്ദാക്കണം; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നടപടി വേണം

വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) ഉടൻ റദ്ദാക്കണമെന്നും 13.4 കോടി വോട്ടർമാരുടെ പേരുകൾ ഏകപക്ഷീയമായി നീക്കം ചെയ്ത നടപടി അതിക്രമവും കുറ്റകരവുമാണെന്നും എസ്‌കെഎം ആരോപിച്ചു. ഒഴിവാക്കിയ വോട്ടർമാരുടെ പട്ടിക ഓരോ പഞ്ചായത്തിലും പ്രസിദ്ധീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സ്ത്രീകൾ, ചെറുകിട-നാമമാത്ര കർഷകർ, തൊഴിൽ തേടി നഗരങ്ങളിലേക്ക് കുടിയേറുന്നവർ, മുസ്ലിം വിഭാഗങ്ങൾ, ദിവസവേതന തൊഴിലാളികൾ എന്നിവരാണ് വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ആഘാതം ഏറ്റവുമധികം നേരിടുന്നതെന്നും എസ്‌കെഎം പറഞ്ഞു. റേഷൻ കാർഡുകളും തൊഴിലുറപ്പ് കാർഡുകളും റദ്ദാക്കുന്നതും പേരുകൾ നീക്കം ചെയ്യപ്പെട്ടവരുടെ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും ആശങ്കാജനകമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടി സ്വീകരിക്കണമെന്നും എസ്‌കെഎം ആവശ്യപ്പെട്ടു. ‘എസ്ഐആർ റദ്ദാക്കാത്ത പക്ഷം തിരഞ്ഞെടുപ്പില്ല’ എന്ന മുന്നറിയിപ്പും മോദി സർക്കാരിന് സംഘടന നൽകി.

പ്രക്ഷോഭത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ ഏകോപന സമിതികൾക്ക് വിതരണം ചെയ്യുന്നതിനായി എസ്‌കെഎം ലഘുലേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് വിവിധ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യും. പദയാത്രകളിലൂടെയും ഗ്രാമങ്ങളിലെ വീടുകൾ കയറിയുള്ള പ്രചാരണത്തിലൂടെയും കർഷകരിലേക്ക് ആവശ്യങ്ങൾ എത്തിക്കാനാണ് സംഘടനയുടെ തീരുമാനം.