മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം; സിപിഐഎമ്മിന് പങ്കില്ലെന്ന് തോമസ് ഐസക്
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരല്ലെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്. മമ്മൂട്ടി കേരളത്തിലെ ഏറ്റവും വലിയ നടനാണെന്നും ഇടതുപക്ഷത്തോട് സൗഹാർദ്ദം പുലർത്തുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർക്കും സിപിഐഎമ്മിന് വേണ്ടി എന്ന പേരിൽ പ്രതികരിക്കാമെന്നും എന്നാൽ പാർട്ടിക്ക് ഔദ്യോഗിക നേതാക്കളും ഹാൻഡിലുകളുമുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. രാഷ്ട്രീയ നിലപാട് പരസ്യമായി പറയണമോ എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സിഐടിയു സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളിലും തോമസ് ഐസക് പ്രതികരിച്ചു. സമ്മേളനത്തിൽ നടന്ന കാര്യങ്ങൾ കൃത്യമായി അറിയില്ലെന്നും സിപിഐഎം അംഗീകരിച്ച രേഖയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ നടക്കുന്നതിൽ അത്ഭുതമില്ലെന്നും തിരുത്തൽ നടപടികളുടെ ഭാഗമാണ് ഇത്തരം ചർച്ചകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സാമ്പത്തിക സ്ഥിതിയല്ല രണ്ടാം സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതെന്നും കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
E20 ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപിയാണെന്നും എഥനോൾ നിർമാതാക്കളിൽ പലർക്കും ബിജെപിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. E20 സംബന്ധിച്ച ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.