Skip to main content
വാർത്തകൾ

സരൾ നിയമം കുത്തകകളെ സഹായിക്കാൻ; കേരളം ഒറ്റക്കെട്ടായി എതിർക്കുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

mv govindan

സരൾ നിയമഭേദഗതി കുത്തകകൾക്ക് തീരപ്രദേശങ്ങളും വയലേലകളും എളുപ്പത്തിൽ കൈമാറാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.  സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുന്ന നിയമമാണിതെന്നും കേരളം ഒറ്റക്കെട്ടായി ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തുനിന്നുതന്നെ നിയമത്തിനെതിരെ എതിർപ്പുയരുന്നുണ്ടെന്നും ജി. സുധാകരൻ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർചൂണ്ടിക്കാട്ടി.

മലപ്പുറത്ത് എസ്എഫ്ഐ നേതാക്കൾക്കെതിരെ എംഎസ്എഫ് പ്രവർത്തകർ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ ഇതുവരെ ഫലപ്രദമായ കേസ് രജിസ്റ്റർ ചെയ്യുകയോ കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ശക്തമായ പ്രതിരോധം തീർക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

മഹാരാജാസ് കോളേജിൽ ചോദ്യങ്ങൾ ഉയർന്നപ്പോൾ മന്ത്രി റോജി എം. ജോൺ പരിപാടി ബഹിഷ്കരിച്ച് മടങ്ങിയെന്നും അവിടെ സംഘർഷമൊന്നും ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർപറഞ്ഞു. എന്നാൽ ചോദ്യം ചോദിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു.