സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്, വളർമതി ഒന്നാം പ്രതി
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്ത് പൊലീസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി.
സമരവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം വളർമതി തല മുണ്ഡനം ചെയ്തത്. സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സർക്കാരിൽനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നതെന്നും വളർമതി ആരോപിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് 45 ദിവസം കാത്തിരുന്നിട്ടും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് സമരക്കാരുടെ ആരോപണം. മന്ത്രി നൽകിയ ഉറപ്പ് 50 ദിവസം പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ലെന്നും സമരസമിതി പറയുന്നു. ഇതോടെയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും പ്രതിഷേധം ശക്തമാക്കിയത്.