ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെയും സൈബർ ആക്രമണം; കോൺഗ്രസിൽ പുതിയ വിവാദം
ഷാഫി പറമ്പിലിനെ വിമർശിക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മറിയ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായ കമന്റുകൾ വ്യാപകമാകുന്നത്.
ദൃശ്യമാധ്യമങ്ങൾക്ക് ഇവർ നൽകിയ അഭിമുഖങ്ങളുടെയും വാർത്തകളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയാണ് അധിക്ഷേപ കമന്റുകൾ നിറയുന്നത്. കോൺഗ്രസ് പ്രവർത്തകർ വൈകാരികമായി കാണുന്ന ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ പാർട്ടിയുമായി ബന്ധമുള്ള സൈബർ ഹാൻഡിലുകളിൽ നിന്നുതന്നെ ആക്രമണം ഉണ്ടാകുന്നത് കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയായിട്ടുണ്ടെന്ന് റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോൺഗ്രസിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ഗ്രൂപ്പുകളിലെ സൈബർ പ്രവർത്തകർ തമ്മിലുള്ള പോരും രൂക്ഷമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പുറമെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.സി. വേണുഗോപാൽ, ജെ.എസ്. അഖിൽ എന്നിവർക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്രമണങ്ങളും തുടരുകയാണ്.
തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫി പറമ്പിൽ പക്ഷമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരായ സൈബർ ആക്രമണം പരിധി വിടുന്ന സാഹചര്യത്തിൽ പരസ്യ പ്രസ്താവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെടാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.