ഓമനതിങ്കള്‍ കിടാവോ...
ധന്യ നാരായണന്‍ നായര്‍
![]() |
|
ഉമിനീര്‍ പോലും ഇറക്കാത്ത മണിക്കൂറുകള്‍. വിശപ്പും ദാഹവും വേദനയും കൊണ്ട് തളര്‍ന്നു. നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടതടവില്ലാത്ത വേദന മാത്രം. ചുണ്ടുകള്‍ വരണ്ട് തൊണ്ട പൊട്ടുന്നു. ഒരു സ്പൂണ്‍ വെള്ളമെങ്കിലും കിട്ടിയില്ലെങ്കില്‍ ചത്ത് പോകും. എന്റെ വെപ്രാളം കണ്ടപ്പോള്‍ ഹെഡ്നഴ്സ് നേര്‍ത്തൊരു തുണി വെള്ളത്തില്‍ മുക്കിയെടുത്ത് രണ്ടുതുള്ളി നാവിലേക്ക് ഇറ്റിച്ചു തന്നു. വേദനയുടെ മൂന്നാം ദിവസമാണ്. മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങുന്നു. രക്തയോട്ടത്തിന്റെ കുറവ് നിമിത്തം കുഞ്ഞിന്റെ തളര്‍ച്ച കൂടികൂടി വന്നു. ഇനിയൊരു പ്രതീക്ഷക്ക് വകയില്ല. വീണ്ടും സിസേറിയനുള്ള ഒരുക്കങ്ങള്‍. രാത്രി 11.45ന് സിസേറിയനുള്ള സമയം തീരുമാനിച്ചു. പത്തരയ്ക്ക് അനസ്തേഷ്യ തരാനുള്ള ഒരുക്കങ്ങള്‍ക്കായി നേഴ്സ് വന്നു. പെട്ടെന്ന് വീണ്ടും പ്രസവ വേദന. മോണിട്ടറില്‍ ജീവന്റെ പരാക്രമങ്ങള്‍. അവസാനം 11.20ന് അപ്രതീക്ഷിതമായി, മൂന്നു ദിവസത്തെ തീവ്രവേദനയ്ക്ക് വിരാമമിട്ട് എന്റെ മോന്‍ ഈ ഭൂമിയിലേക്ക്... ഒരുനോക്ക് കണ്ടതെയുള്ളൂ ഞാനാ കുഞ്ഞു മുഖം. പൊക്കിള്‍ കൊടി മുറിച്ചത് ജയേട്ടന്‍ ആയിരുന്നു. |
2007ഒക്ടോബര്‍ മാസം
എന്നും ഞാന്‍ തനിച്ചായിരുന്നു ചെക്കപ്പിന് പോയിരുന്നത്. ആഴ്ചയില്‍ നാലഞ്ചു തവണ പോകേണ്ടത് കൊണ്ടും രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന സ്കാനിംഗ് തുടങ്ങിയ ചെക്ക് അപ്പുകളിലൂടെ പന്ത്രണ്ടോളം ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിംഗ് കഴിയുമ്പോഴേക്കും വൈകുന്നേരമാകും. ഞാന്‍ അവിടെ ഗോള്‍ഡന്‍ ടീമില്‍ ആയിരുന്നു. എന്നുവച്ചാല്‍ അത്രയും അപകടം പിടിച്ച ഗര്‍ഭിണികളെ ഉള്‍ക്കൊള്ളിച്ച ഒരു വിഭാഗം. അതുകൊണ്ട് തന്നെ സ്പെഷ്യല്‍കെയര്‍ ലഭിച്ചു. ഒക്ടോബര്‍ മാസം അവസാന ആഴ്ചയിലെ പരിശോധന. സ്കാന്‍ ചെയ്തോണ്ടിരിക്കുമ്പോള്‍ പെട്ടന്നായിരുന്നു അടിവയറ്റില്‍ ഒരു വേദനയുടെ മിന്നല്‍പ്പിണര്‍. കിടന്നകിടപ്പില്‍ നിന്നും ഒരടി പൊങ്ങിയുയര്‍ന്നുപോയി. ഏഴു മാസത്തില്‍ എന്താണിങ്ങനെ എന്ന് സ്കാന്‍ ചെയ്യുന്ന ഡോക്ടര്‍ അത്ഭുതം കൂറി. ഡിറ്റെയില്‍ സ്കാനിങ്ങില്‍ കുട്ടി പുറത്തേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നു. പക്ഷെ, കുട്ടിയുടെ ഹൃദയം പ്രവര്‍ത്തനക്ഷമമായിട്ടില്ല. പ്രസവം നടന്നാലും എന്താകുമെന്ന് അറിയാത്ത അവസ്ഥ. അവസാനം അവര്‍ തീരുമാനിച്ചു, എല്ലാ ദിവസവും പരിശോധനക്ക് പോകണമെന്ന്. എപ്പോഴാണോ അവസ്ഥ ഗുരുതരമാകുന്നത് ആ സ്റ്റേജില്‍ കുട്ടിയെ പുറത്തെടുക്കാം അതുവരെ കുട്ടി വയറ്റില്‍ തന്നെ നില്‍ക്കുന്നതാണ് നല്ലതെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. ലംഗ്സിന്റെ വളര്‍ച്ച കൂട്ടാനുള്ള സ്റിറോയിഡ് ഇന്‍ജക്ഷനും തന്നു. അന്ന് വൈകുന്നേരത്തോടെ വീട്ടിലേക്ക് തിരിച്ചു വന്നു. പിന്നീടുള്ള ഓരോ നിമിഷത്തിലും മരിച്ചു ജീവിക്കുകയായിരുന്നു. ഒന്ന് പുലര്‍ന്ന് കിട്ടിയിരുന്നെങ്കില്‍ ആശുപത്രിയിലേക്ക് ഓടാമല്ലോ എന്ന ചിന്തമാത്രം. ഞാനറിയാതെ കുട്ടിയുടെ ശ്വാസം നിലക്കുമോ എന്നാ ഭയം. ഒരഞ്ചു മിനിറ്റ് അനക്കമില്ലാതെയിരുന്നാല്‍ വീര്‍ത്ത വയറിന്റെ ഓരോ ഭാഗവും ഞാന്‍ അമര്‍ത്തി നോക്കും. എങ്ങനേലും ഒന്ന് അനങ്ങിയാല്‍ മതിയെന്നുള്ള പ്രാര്‍ത്ഥനയോടെ.
നവംബര്‍ മാസം
ഓരോ ദിവസവും രാവിലെ ഹോസ്പ്പിറ്റലിലേക്ക് പോകാന്‍ തുടങ്ങി. സ്കാനിംഗ് കഴിഞ്ഞാല്‍ വീട്ടിലേക്കു മടങ്ങാതെ അവിടെത്തെ വിസിറ്റേഴ്സ് റൂമിലും ,സമയം കഴിഞ്ഞാല്‍ മുന്നില്‍ തന്നെയുള്ള ബസ്സ്റ്റോപ്പിലും ഇരിക്കും. പെട്ടന്ന് എന്തെങ്കിലും വേദന തോന്നിയാല്‍ എമര്‍ജന്‍സിയിലേക്ക് ഏതു നിമിഷവും പോകാനുള്ള അനുവാദം കിട്ടിയിരുന്നു. നാട്ടിലെപ്പോലെ ദിവസങ്ങള്‍ക്ക് മുന്നേ അഡ്മിറ്റ് ആക്കില്ല ഇവിടെ. പ്രസവം ഇന്ന് നടക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രേ അഡ്മിറ്റ് ഉള്ളു. അങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കി. അവസാനം നവംബര്‍ 18 വരെ രാത്രിയൊഴികെ മറ്റെല്ലാ സമയവും ആശുപത്രിയിലും ബസ്സ്റ്റോപ്പിലുമായി കഴിച്ചുകൂട്ടി. അതിനിടയില്‍ ചെറുതും വലുതുമായി അടിവയറ്റില്‍ നിന്നുള്ള വേദനകള്‍.
നവംബര്‍ 19
പതിവിനു വിപരീതമായി അന്നെന്റെ കൂടെ ഏട്ടനും വന്നു. ചെക്ക് അപ്പ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ വീണ്ടും അതേ വേദന. ശ്വാസം എടുക്കാന്‍ പോലും കഴിയാതെ പാസേജില്‍ കുത്തിയിരുന്നു. മിനിറ്റുകള്‍ക്ക് ശേഷം ഒരിത്തിരി ആശ്വാസം തോന്നിയപ്പോള്‍ തിരിച്ചു നടന്നു, എമര്‍ജന്‍സി സ്കാനിംഗിന് വേണ്ടി. സി ടി ജി ചെയ്യുമ്പോള്‍ കിട്ടുന്ന ഗ്രാഫില്‍ അറിയാന്‍ കഴിയും ഡെലിവറി പെയിന്‍ എത്ര തീവ്രമാണെന്ന്. തുടര്‍ച്ചയായി കുറച്ചു മിനിറ്റുകള്‍ ഒരേ ലെവലില്‍ വേദന വന്നാല്‍ മാത്രമേ ആ ഗ്രാഫില്‍ അത് അതേപോലെ അടയാളപ്പെടുത്തു. ഒരു മണിക്കുറില്‍ ഹൈ ഇന്റെന്‍സിറ്റിയില്‍ മുപ്പതില്‍ അധികം വേദന അതില്‍ രേഖപ്പെടുത്തിയതോടെ അവര്‍ എന്നെ അഡ്മിറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ 19ന് ഉച്ചയോടു കൂടി അഡ്മിറ്റ് ആയി. വൈകുന്നേരം ഒരു സ്കാന്‍ കൂടി നടത്തിയതില്‍ കുട്ടിയിലേക്കുള്ള രക്തയോട്ടം കൃത്യമായല്ല എന്ന് മനസിലാക്കി. ഇടയ്ക്കിടെ ഓരോ ഗ്യാപ് വന്നു കൊണ്ടിരിക്കുന്നു. എന്നുവച്ചാല്‍ ആ ഗ്യാപ് ഉള്ള സമയം പൊക്കിള്‍ കൊടിയില്‍ കൂടിയുള്ള എല്ലാ പ്രവര്‍ത്തനവും നില്‍ക്കുന്നു. ഓരോ മണിക്കൂറിലും ആ ഇടവേളയുടെ സമയം നീണ്ടു വരുന്നു. അത്രേം നേരം കുട്ടിക്ക് വേണ്ടുന്നതൊന്നും പൊക്കിള്‍ കൊടിയിലൂടെ കിട്ടുന്നില്ല. ഇനിയും കാത്തു നിന്നാല്‍ അപകടമാകുമെന്ന് കണ്ട ഡോക്ടര്‍മാര്‍ നോര്‍മല്‍ ഡെലിവറിയാണ് പ്രിഫര്‍ ചെയ്യുന്നതെങ്കില്‍ ഒരു ദിവസവും സിസേറിയന്‍ ആണെങ്കില്‍ അന്ന് രാത്രി തന്നെ നടത്താമെന്നും വേണ്ടത് ചൂസ് ചെയ്യാമെന്നും പറഞ്ഞു. സഹായിക്കാന്‍ ആരും ഇല്ല. നോര്‍മല്‍ പ്രസവം മതി. അതാണ് വേണ്ടതെന്ന് പറഞ്ഞു. അന്ന് രാത്രി തന്നെ വേദന കൂട്ടാനുള്ള ഇന്‍ജക്ഷന്‍ തന്നു. വെള്ളം കുടിക്കാതെ ഉമിനീര്‍ പോലും ഇറക്കാതെയിരിക്കണമെന്ന് ആശ്വാസവാക്കുകളോടൊപ്പം ഡോക്ടര്‍ പറഞ്ഞു. ഇന്‍ജക്ഷന്‍ തന്നു രണ്ടു മണിക്കൂര്‍ ആയപ്പോലെക്കും എല്ലാ തീവ്രതയോടും കൂടി വേദന ആരംഭിച്ചു. സ്കാനിംഗ്, സി ടി ജി ഉപകരണങ്ങള്‍ അപ്പോഴും എന്റെ ദേഹത്ത് ബന്ധിപ്പിച്ചിരിക്കയാണ്. ഉള്ളിലെ ജീവന്‍ ശ്വാസം കഴിക്കാന്‍ പെടാപ്പാടുപെടുന്നത് സ്കാനിംഗ് മോനിട്ടറില്‍ എനിക്ക് കാണാന്‍ സാധിക്കും. ഓരോ നിമിഷവും പ്രാര്‍ത്ഥിച്ചു. മോണിട്ടറില്‍ കാണുന്ന കുഞ്ഞിനോട് നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞു. ഇനിയും സങ്കടപ്പെടുത്താതെ ഒന്ന് പെട്ടെന്ന് വാന്ന് നെഞ്ച് വിങ്ങി അപേക്ഷിച്ചു. കരളുരുകി കെഞ്ചിയത് കുഞ്ഞിന് മനസിലായോ എന്തോ, സര്‍വ ശക്തിയുമെടുത്ത് കുഞ്ഞ് പുറത്തേക്ക് വരാനുള്ള ശ്രമം നടത്തി. പക്ഷെ, പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത ആ പിഞ്ചുശരീരത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആ പരിശ്രമം. അതോടെ നനഞ്ഞ തൂവല്‍ പോലെ വീണ്ടും അനങ്ങാതെയായി. സി ടി ജിയില്‍ ഗ്രാഫ് താഴാന്‍ തുടങ്ങി. ഓക്സിജന്റെ ഫ്ളോ കുറഞ്ഞു. പഴയതുപോലെ ഇത്തവണയും ജീവനില്ലാത്തൊരു ശരീരം തന്നെയാണോ ദൈവം തരാന്‍ പോകുന്നതെന്ന് മനസ് ശങ്കിച്ചു. കുഞ്ഞ് അല്‍പ്പാല്‍പ്പമായി ശ്വസിക്കുന്നതിന്റെ നേര്‍ത്തരേഖകള്‍ ആ ഗ്രാഫ് പേപ്പറില്‍ അപ്പോഴും അടയാളപ്പെടുത്തികൊണ്ടേയിരിക്കുന്നുണ്ട്. ആ സമയത്ത് ഡോക്ടര്‍മാര്‍ ഒരു സിസേറിയനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയാണ്.
നവംബര്‍ 20
ഭ്രാന്തെടുത്തതുപോലെ കഴിഞ്ഞ കുറെ മണിക്കുറുകള്‍ യുഗങ്ങളാണെന്ന് തോന്നി. ഉറങ്ങാതെ, ഉമിനീര്‍ ഇറക്കാതെ... വേദന കൂടുതല്‍ കൂടുതല്‍ വന്നു എന്നല്ലാതെ പ്രസവം നടക്കാത്ത കഴിഞ്ഞ രാത്രി. അപ്പോഴും മോണിട്ടറില്‍ ആ കുഞ്ഞു ശരീരം ഇടയ്ക്കിടെ ഇളകുന്നുണ്ട്. പെട്ടെന്ന് നിശ്ചലമാകുകയും ചെയ്യുന്നു. പ്രാര്‍ഥനകള്‍ മനസില്‍ നിന്ന് ഒഴിഞ്ഞു. വല്ലാത്തൊരു മരവിപ്പ് മനസില്‍ കൂടുകെട്ടി. കുഞ്ഞിലെ എപ്പോഴും മനസ്സുതുറക്കുന്നത് ഉള്ളിലുള്ള കണ്ണനോടായിരുന്നു. ഒരവസാന ശ്രമമെന്ന നിലയില്‍ ഒന്നുകൂടി പ്രാര്‍ത്ഥിച്ചു. “കണ്ണാ നിന്റെ ഇഷ്ടത്തിനനുസരിച്ചേ വിധിയുണ്ടാകു, മരിച്ച കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടി വരുന്ന എന്റെ സങ്കടം നിനക്ക് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, ഇത്രേം നാള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചതില്‍ ഒരിത്തിരി ആത്മാര്‍ത്ഥതയുണ്ടെന്ന് നിനക്ക് തോന്നിയെങ്കില്‍ എന്റെ കണ്ണീര് നീ കാണണം. ഈ ലേബര്‍റൂമില്‍ നിന്ന് തന്നെ നിന്റെ പേര് ആയിരത്തൊന്നു വട്ടം ഞാന്‍ എഴുതി തീര്‍ക്കാം” ജയേട്ടനെ വീട്ടിലേക്കു പറഞ്ഞയച്ചു. പെന്നും പേപ്പറും രാമായണവും എടുത്തു വരാന്‍. ഓരോ പതിനഞ്ചു മിനുട്ടിലും ഡോക്ടര്‍മാര്‍ വന്നു നോക്കി. ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും ജയേട്ടന്‍ തിരികെയെത്തി. കണ്ണന്റെ പേരെഴുതാന്‍ വേണ്ടി വലതു കയ്യില്‍ ഇട്ട ഡ്രിപ്സ് ഇടതു കയ്യിലേക്ക് മാറ്റാന്‍ പറഞ്ഞു. അങ്ങനെ മരിക്കാന്‍ പോകുന്ന ജീവനെ തിരിച്ചു കൊണ്ടുവരാനുള്ള ഭ്രാന്തമായ പ്രാര്‍ത്ഥന.
രണ്ടാമത്തെ ദിവസമായിട്ടും നോര്‍മല്‍ പ്രസവമാവാത്തുകൊണ്ട് അന്ന് രാത്രി സിസേറിയന്‍ ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അവര്‍ വന്നു അതിന്റെ കാര്യങ്ങളൊക്കെ വിശദീകരിച്ചു. ഞാന്‍ എഴുതുകയാണ്. ജീവന് വേണ്ടി. കുഞ്ഞിന് വേണ്ടി. എഴുതുമ്പോള്‍ വേദനകൊണ്ട് പുളയുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സ്ഥിതി മാറാന്‍ തുടങ്ങി. വേദനയുടെ തീവ്രത കുറഞ്ഞു കുറഞ്ഞു വന്നു. രാത്രി ആയതോടെ കുഞ്ഞിന്റെ കാര്യത്തില്‍ ഉള്ള എല്ലാ പ്രതീക്ഷയും എന്നില്‍ നിന്ന് ചോര്‍ന്ന് പോയി. ആ അവസ്ഥയിലും കണ്ണനോട് പറഞ്ഞ വാക്ക് തെറ്റിച്ചില്ല. ചോരാത്ത ഭക്തിയോടെ എഴുതി തീര്‍ത്തു. ആയിരത്തൊന്നു തവണ കണ്ണന്റെ നാമം.
എന്റെ മാനസിക നില തെറ്റി എന്ന ധാരണയാണ് ജയേട്ടന് ഉണ്ടായിരുന്നത്. ഒന്നും മിണ്ടാതെ, ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കാതെ എന്റടുത്ത് അദ്ദേഹം ഇരുന്നു. എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു, ആ മനസ്സിന്റെ വിങ്ങല്‍. ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാത്തത്ര ഞാന്‍ ക്ഷീണിച്ച് പോയിരുന്നു. ശ്രമിച്ചിട്ടും ശബ്ദം ഉയര്‍ന്നില്ല. സിസേറിയന്‍ തീരുമാനിച്ചതിന് രണ്ട് മണിക്കൂര്‍ മുമ്പായി ഹെഡ്നഴ്സ് വന്നു. “ധന്യ ഗെറ്റ് റെഡി ഫോര്‍ എ സിസേറിയന്‍ വിത്ത് ഇന്‍ ടു ഹവേഴ്സ്. ഓള്‍ ദി ബെസ്റ്” അവരുടെ പാദപതനം അകന്ന് പോയി. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. "കുഞ്ഞിനെ ജീവനോടെ തരാന്‍ നീ തീരുമാനിച്ചില്ലെങ്കില്‍ അതിന്റെ കൂടെ എന്തിനീ സിസേറിയന്‍? ഇനിയൊരു കുഞ്ഞിനു വേണ്ടി ഞാനെത്രകാലം കാത്തിരിക്കണം ഇത്തിരി ദയ എന്നോട് കാണിക്കണംന്നില്ലേ കണ്ണാ” എത്ര പെയ്തിട്ടും കണ്ണുനീര്‍ വറ്റുന്നേയില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പൂര്‍വാധികം ശക്തിയോടെ വേദന എന്നിലേക്ക് തിരികെയെത്തി. ഡോക്ടര്‍മാര്‍ ഓടിയെത്തി. കുട്ടി വീണ്ടും ആക്റ്റീവ് ആയിരിക്കുന്നു! സിസേറിയന്റെ ആവശ്യമില്ല അതുകൊണ്ട് തന്നെ നമുക്ക് കാത്തിരിക്കാം. ഒരു ദിവസം കൂടി. മരവിച്ച മനസ്സിന് ആ വാക്കുകള്‍ നല്‍കിയ സാന്ത്വനം എത്രയെന്നു പറയാനാവില്ല. വീണ്ടും പ്രതീക്ഷയുടെ ഇത്തിരിവെട്ടം.
നവംബര്‍ 21
ഉമിനീര്‍ പോലും ഇറക്കാത്ത മണിക്കൂറുകള്‍. വിശപ്പും ദാഹവും വേദനയും കൊണ്ട് തളര്‍ന്നു. നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇടതടവില്ലാത്ത വേദന മാത്രം. ചുണ്ടുകള്‍ വരണ്ട് തൊണ്ട പൊട്ടുന്നു. ഒരു സ്പൂണ്‍ വെള്ളമെങ്കിലും കിട്ടിയില്ലെങ്കില്‍ ചത്ത് പോകും. എന്റെ വെപ്രാളം കണ്ടപ്പോള്‍ ഹെഡ്നഴ്സ് നേര്‍ത്തൊരു തുണി വെള്ളത്തില്‍ മുക്കിയെടുത്ത് രണ്ടുതുള്ളി നാവിലേക്ക് ഇറ്റിച്ചു തന്നു. വേദനയുടെ മൂന്നാം ദിവസമാണ്. മണിക്കൂറുകള്‍ ഇഴഞ്ഞു നീങ്ങുന്നു. രക്തയോട്ടത്തിന്റെ കുറവ് നിമിത്തം കുഞ്ഞിന്റെ തളര്‍ച്ച കൂടികൂടി വന്നു. ഇനിയൊരു പ്രതീക്ഷക്ക് വകയില്ല. വീണ്ടും സിസേറിയനുള്ള ഒരുക്കങ്ങള്‍. രാത്രി 11.45ന് സിസേറിയനുള്ള സമയം തീരുമാനിച്ചു. പത്തരയ്ക്ക് അനസ്തേഷ്യ തരാനുള്ള ഒരുക്കങ്ങള്‍ക്കായി നേഴ്സ് വന്നു. പെട്ടെന്ന് വീണ്ടും പ്രസവ വേദന. മോണിട്ടറില്‍ ജീവന്റെ പരാക്രമങ്ങള്‍. അവസാനം 11.20ന് അപ്രതീക്ഷിതമായി, മൂന്നു ദിവസത്തെ തീവ്രവേദനയ്ക്ക് വിരാമമിട്ട് എന്റെ മോന്‍ ഈ ഭൂമിയിലേക്ക്... ഒരുനോക്ക് കണ്ടതെയുള്ളൂ ഞാനാ കുഞ്ഞു മുഖം. പൊക്കിള്‍ കൊടി മുറിച്ചത് ജയേട്ടന്‍ ആയിരുന്നു. ഉടനെ തന്നെ ഡോക്ടര്‍മാര്‍ അവനെ സ്പെഷ്യല്‍ കെയര്‍ലേക്ക് മാറ്റി. പിറന്നു വീണ ഉടനെ കരഞ്ഞെങ്കിലും ശ്വാസമെടുക്കുന്നതില്‍ നൂറുശതമാനം വിജയിയല്ല. ഞാന്‍ അപ്പോഴൊക്കെ അബോധാവസ്ഥയില്‍ ആയിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞു. എനിക്ക് ബോധം വന്നപ്പോള്‍ നേഴ്സ് ഷവര്‍ ചെയ്യാന്‍ പറഞ്ഞു. പിന്നെ സ്യൂട്ടിലേക്ക് മാറ്റി. രാവിലെ പത്തുമണി ആയപ്പോഴേക്കും ഡിസ്ചാര്‍ജ് ചെയ്തു.
പ്രസവം കഴിഞ്ഞു പന്ത്രണ്ടു മണിക്കൂര്‍ ആകുന്നതിനു മുന്നേ ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. മോന്‍ സ്പെഷല്‍ കെയറിലാണ്. പിറ്റേ ദിവസം മുതല്‍ എന്നും രാവിലെ ബസ്സില്‍ ഞാന്‍ ഹോസ്പ്പിറ്റലിലേക്ക് പോകും. മൂന്നു മണിക്കുറില്‍ ഒരു തവണ മാത്രമാണ് മുലയൂട്ടാനുള്ള അനുവാദം. നാല് തവണ ഫീഡ് ചെയ്യണമെങ്കില്‍ പന്ത്രണ്ടു മണിക്കൂര്‍ അവിടെ നില്‍ക്കണം. രാവിലെ ആറു മണിക്ക് പോയാല്‍ തിരിച്ചു വീട്ടില്‍ എത്തുന്നത് രാത്രി എട്ടു മണിക്ക്. പ്രസവാനന്തര വിശ്രമം ആകെ മൂന്നു മണിക്കൂര്‍. അബോധാവസ്ഥയില്‍ ഹോസ്പ്പിറ്റലില്‍ കിടന്നതാണ് വിശ്രമം. ഭക്ഷണം ഒന്നോ രണ്ടോ സ്ളൈസ് ബ്രെഡ്. രാത്രി വീട്ടില്‍ എത്തിയാല്‍ ജോലി കഴിഞ്ഞുവരുന്ന ജയേട്ടന്‍ ഉണ്ടാക്കുന്ന കുറച്ചു കഞ്ഞിയും പപ്പടമോ ഉപ്പേരിയോ എന്തെങ്കിലും. ആശുപത്രിയില്‍ കിടന്ന് ഓരോ ദിവസവും ജീവിക്കാന്‍ പാടുപെടുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ ഒരു വറ്റുപോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥ. ഓരോ ദിവസത്തെയും യാത്രയും ആഹാരക്കുറവും ഉറക്കമില്ലായ്മയും മാനസിക വേദനയും എന്നെ തളര്‍ത്തി. അമ്പത്തിത്തിയെട്ട് ദിവസങ്ങളോളം മോന്‍ ആശുപത്രിയില്‍ കിടന്നു.
അവനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം മോന്റെ ശിരസ്് സ്കാന്‍ ചെയ്തു. മണിക്കുറുകള്‍ക്ക് ശേഷം കിട്ടിയ റിസള്‍ട്ട് ഞങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു, ബ്രെയിനിലെ ബ്ളഡ് സെല്‍സില്‍ ബ്ളീഡിംഗ്! കുട്ടി എത്ര ദിവസം ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ല. ഈ രോഗത്തിന് ചികിത്സയില്ല എന്നുകൂടി അറിഞ്ഞതോടെ ഞാന്‍ അവിടെ തന്നെ തളര്‍ന്നു വീണു. കുട്ടി പോകുന്നത്ര പോകട്ടെ അടുത്തമാസം ഒരു സ്കാനിംഗ് കൂടി വെച്ച് മറ്റൊരു ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യാമെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീടുള്ള പ്രാര്‍ത്ഥന ആ സ്കാനിംഗ് ദിവസം വരെയെങ്കിലും മോന്റെ ആയുസ്സ് നീട്ടി തരണേ എന്നായിരുന്നു. ഏട്ടനോ, ഏട്ടന്റെ കാര്യങ്ങളോ എന്റെ ചിന്തയുടെ ഏഴയലത്ത് പോലും വന്നില്ല. മോന്റെ മുഖം അത് മാത്രമായിരുന്നു മനസ്സില്‍. പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളില്ല, നേരാത്ത നേര്‍ച്ചകളും. ഡോക്ടര്‍മാര്‍ മോനെ എന്നോടൊപ്പം വീട്ടിലേക്കു വിടാന്‍ തീരുമാനിച്ചു.
അവനെയും കൊണ്ട് വീടിന്റെ പടി കടന്നു. സന്തോഷമാണോ സങ്കടമാണോ? ആര്‍ക്കും അത്തരമൊരവസ്ഥ ഉണ്ടാവരുത്. ഓരോ നിമിഷവും അവന്റെ മൂക്കില്‍ കൈ വച്ച് നോക്കും ജീവനോടെ ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍. ഒന്നുറങ്ങിയാല്‍ എന്റെ മോന്‍ പോയാലോ... ഉറങ്ങിയില്ല. ഒന്ന് കണ്ണടച്ചത് പോലുമില്ല. ഈശ്വരനെ മാത്രം വിശ്വസിച്ച ദിവസങ്ങള്‍ കഴിഞ്ഞു. അവസാനം സ്കാനിംഗ് ദിവസം എത്തി. മോന്റെ തല സ്കാന്‍ ചെയ്തു. റിസള്‍ട്ട് അവര്‍ പറയില്ല ഡോക്ടര്‍ക്ക് അയച്ചു കൊടുക്കുകയെ ഉള്ളു. നീ ഞങ്ങളെ വിട്ടുപോയാല്‍ അച്ഛനും അമ്മയ്ക്കും മറ്റൊരു കുഞ്ഞില്ല എന്ന് ഓരോ നിമിഷവും അവന്റെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു. ജീവിതകാലം മുഴുവനും അവനു വേണ്ടി വ്രതമെടുക്കാമെന്ന് നേര്‍ന്നു. പ്രാര്‍ത്ഥനയുടെ ഫലമുണ്ടായി. റിപ്പോര്‍ട്ട് നൂറ് ശതമാനം പെര്‍ഫെക്റ്റ്. അത്ഭുതം. ഡോക്ടറും എന്നോടൊപ്പം വിതുമ്പിയെന്ന് തോന്നുന്നു. അങ്ങനെ 2007 ച്ീലായലൃ 21 ന് ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ രേവതി നക്ഷത്രത്തില്‍ ജനിച്ച ആ കുഞ്ഞാണ് എന്റെ മൂത്ത മോന്‍. നവജ്യോത് കൃഷ്ണ.
ഒരു കുഞ്ഞെങ്കിലും എന്ന് മോഹിച്ച ഞങ്ങള്‍ക്ക് ഓരോ വര്‍ഷവും ഓരോ മക്കളുണ്ടായി. ഇന്ന് അഞ്ചും മൂന്നരയും രണ്ടരയും വയസ്സുള്ള മൂന്നു ആണ്‍മക്കളുടെ അമ്മയാണ് ഞാന്‍..
(വെസ്റ്റേണ്‍ ഓസ്ട്രേലിയ കിംഗ് എഡ്വേഡ് മെമോറിയല്‍ ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഇവരൊന്നും ഇല്ലെങ്കില്‍ അമ്മേയെന്ന വിളി കേള്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവുമായിരുന്നില്ല!)
Comments
RSS feed for comments to this post