കോരന് കുമ്പിളില്‍ തന്നെ കഞ്ഞി
എം വി ഗോവിന്ദന്‍ മാസ്റ്റര്‍
![]() |
|
വികസനമുരടിപ്പിന്റെയും രൂക്ഷവിലക്കയറ്റത്തിന്റെയും അനുസ്യൂതമായ തുടര്‍ച്ചയുണ്ടാകുമെന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ് ഈ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാരിന് ചൂണ്ടിക്കാട്ടാനുള്ളത് ധനകമ്മി കുറച്ചുകാട്ടി നടത്തിയ അഭ്യാസത്തിനും ജനപ്രിയമെന്ന് തോന്നിക്കുന്ന ഏതാനും പ്രഖ്യാപനത്തിനുമപ്പുറം കേരളത്തെ മുന്നോട്ടുനയിക്കാന്‍ കെല്‍പ്പുള്ള കാഴ്ചപ്പാടോ നിശ്ചയദാര്‍ഢ്യമോ ബജറ്റില്‍ കാണാനില്ല. സംസ്ഥാനം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം വിലക്കയറ്റത്തിന്റേതും വികസനത്തിന്റേതുമാണ്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവലിബറല്‍ നയങ്ങളുടെ ആഘാതത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കൃഷിയെയും വ്യവസായത്തെയും രക്ഷിച്ചുനിര്‍ത്തുന്നതെങ്ങനെ എന്ന സമസ്യയാണ് കേരളത്തെ സ്നേഹിക്കുന്ന ഒരു സര്‍ക്കാരിനെ അലട്ടേണ്ടത്. അങ്ങനെയൊരു അലട്ടലും ഇല്ലാതെ നില്‍ക്കുന്നവരോട് എന്ത് പറയാന്‍! |
ബജറ്റവതരണവേളയില്‍ മാണി കാണിച്ച കള്ളം പൊതുജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ചില മാധ്യമങ്ങള്‍ക്ക് സാധിച്ചു. പ്രതിഷേധം ഭയന്ന് പുതുതായി നിയമിക്കപ്പെടുന്നവരുടെ പെന്‍ഷന്‍പ്രായം അറുപതാക്കുമെന്ന ഭാഗം സഭയില്‍ പറയാതെ വിട്ടുകളഞ്ഞത് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നടുവുളുക്കി ഇരുന്നപ്പോള്‍ വിട്ടുപോയതാണ് എന്നാണ് മാണി പറഞ്ഞത്. പക്ഷെ, തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ ഇരിക്കുമ്പോള്‍ വായിച്ച ഭാഗവും വിട്ടുകളഞ്ഞ ഭാഗവും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ കണ്ടുപിടിച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്തു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ ശരിയല്ല എന്ന അഭിപ്രായം മാണിക്കുള്ളത് കൊണ്ടാണല്ലൊ അത്തരത്തിലുള്ള ഒരു കള്ളം കാണിക്കാന്‍ അദ്ദേഹം തയ്യാറായത്. നിയമസഭയെയും ജനങ്ങളെയും നോക്കുകുത്തികളാക്കി എക്സിക്യൂട്ടീവ് തീരുമാനങ്ങളിലൂടെ ജനവിരുദ്ധനയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കുന്ന സര്‍ക്കാരിന് കൂടുതല്‍ എന്തൊക്കെയോ ചെയ്യാനുള്ള മറയായിമാത്രമേ പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ച തീരുമാനത്തെ വിലയിരുത്താനാകൂ. ബജറ്റ് തുടര്‍ച്ചയാണ്. മുന്‍ബജറ്റില്‍ നല്‍കിയ വാഗ്ദാനങ്ങളും നടത്തിയ പ്രഖ്യാപനങ്ങളും എന്തായി എന്ന പരിശോധനയുടെ ഘട്ടവുമാണ്. ഇതേധനമന്ത്രി കഴിഞ്ഞവര്‍ഷം ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച 253 പദ്ധതികളില്‍ നൂറ്റമ്പതിലേറെ ഇനങ്ങള്‍ക്ക് ഇന്നും ധനവകുപ്പ് ഭരണാനുമതി നല്‍കിയിട്ടില്ലെന്ന വിചിത്രമായ വസ്തുത ഇങ്ങനെ പരിശോധിക്കുമ്പോള്‍ കാണാനാവും. കൃഷി, വ്യവസായം, അടിസ്ഥാനസൌകര്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം. കാര്‍ഷികമേഖലയില്‍ പ്രഖ്യാപിച്ച റൈസ് ബയോ പാര്‍ക്ക്, നാളികേര ബയോപാര്‍ക്ക്, ഗ്രീന്‍ ഹൌസ് ഇങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ മാണി അക്കാലത്ത് തട്ടിവിട്ടു. ഒന്നും നടപ്പിലായില്ല. കാര്‍ഷികപ്രതിസന്ധിക്ക് ഹൈടെക് പരിഹാരം പ്രഖ്യാപിച്ച അതേ മാണിയാണ് ഒരു പച്ചപ്പുല്‍ക്കൊടി പോലും വെച്ച് പിടിപ്പിക്കാതെ ഇപ്പോള്‍ പുതിയ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇത്തരം ജനപ്രിയ നാട്യങ്ങളെ മനസിലാക്കാനുള്ള ബോധമൊക്കെ കേരളത്തിനുണ്ട്.
വികസനമുരടിപ്പിന്റെയും രൂക്ഷവിലക്കയറ്റത്തിന്റെയും അനുസ്യൂതമായ തുടര്‍ച്ചയുണ്ടാകുമെന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ് ഈ ബജറ്റില്‍ യുഡിഎഫ് സര്‍ക്കാരിന് ചൂണ്ടിക്കാട്ടാനുള്ളത് ധനകമ്മി കുറച്ചുകാട്ടി നടത്തിയ അഭ്യാസത്തിനും ജനപ്രിയമെന്ന് തോന്നിക്കുന്ന ഏതാനും പ്രഖ്യാപനത്തിനുമപ്പുറം കേരളത്തെ മുന്നോട്ടുനയിക്കാന്‍ കെല്‍പ്പുള്ള കാഴ്ചപ്പാടോ നിശ്ചയദാര്‍ഢ്യമോ ബജറ്റില്‍ കാണാനില്ല. സംസ്ഥാനം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം വിലക്കയറ്റത്തിന്റേതും വികസനത്തിന്റേതുമാണ്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന നവലിബറല്‍ നയങ്ങളുടെ ആഘാതത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കൃഷിയെയും വ്യവസായത്തെയും രക്ഷിച്ചുനിര്‍ത്തുന്നതെങ്ങനെ എന്ന സമസ്യയാണ് കേരളത്തെ സ്നേഹിക്കുന്ന ഒരു സര്‍ക്കാരിനെ അലട്ടേണ്ടത്. അങ്ങനെയൊരു അലട്ടലും ഇല്ലാതെ നില്‍ക്കുന്നവരോട് എന്ത് പറയാന്‍!
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമവും ബജറ്റിലില്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ നൂറുകോടി രൂപ നീക്കിവച്ചു എന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് സഭയില്‍ നിരാശയോടെ കൈമലര്‍ത്തിക്കാട്ടി. മാത്രമല്ല, കോട്ടയത്തിനും മലപ്പുറത്തിനും വേണ്ടിയുള്ള ബജറ്റാണിതെന്ന് പ്രതിഷേധിക്കാനും ആര്യാടന്‍ മടിച്ചില്ല.
ചില ചാനലുകള്‍ എഴുതിക്കാണിക്കുന്നത് പൊടിയരി, അവല്‍, മലര്‍ എന്നിവയുടെ വില കുറയുമെന്നാണ്. അത് ശുദ്ധ വിവരക്കേടാണ്. അരിയുടെയും മറ്റും വില നിലവിലുള്ള നിരക്കില്‍ തുടരുക മാത്രമാണ് ചെയ്യുക. വില്‍പ്പന നികുതിയില്‍ വരുന്ന മൊത്തം വര്‍ധനയിലൂടെ 1138 കോടി രൂപയുടെ അധിക ഭാരമാണ് ജനത്തിന് പേറേണ്ടിവരിക. ഇപ്പോള്‍തന്നെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയിട്ടുള്ള ജനങ്ങള്‍ക്ക് താങ്ങാനാകുന്നതല്ല ഇത്. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ അല്‍പ്പം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും വിധത്തില്‍ അത് വിതരണം ചെയ്യാന്‍ സാധിക്കുമോ എന്ന അന്വേഷണവും മാണി നടത്തുന്നുണ്ട്. ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്കേ ഇത് നല്‍കൂ എന്നു പറയുന്നത് അതിനാലാണ്. നിലവില്‍ 70 ശതമാനം പേര്‍ക്കും ആധാര്‍കാര്‍ഡില്ല എന്ന്തും ഇതോടൊപ്പം കൂട്ടിവായിക്കണം. അതുകൊണ്ട് ഈ പെന്‍ഷന്‍ തുകയുടെയും സിംഹഭാഗവും ഖജനാവില്‍ത്തന്നെ കിടക്കും. പല പദ്ധതികളെയും ഉപാധിവച്ച് ആര്‍ക്കും ലഭിക്കാത്ത സ്ഥിതിയിലാക്കിയിട്ടുണ്ട്. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് സ്കോളര്‍ഷിപ് നല്‍കുമത്രേ. എന്നാല്‍, മൂന്നുലക്ഷം രൂപയില്‍ താഴെയായിരിക്കണം കുടുംബവരുമാനം. ഫലത്തില്‍ ഈ തുകയും ആര്‍ക്കും കൊടുക്കേണ്ടിവരില്ല. എന്‍ആര്‍ഇപി, ആര്‍എല്‍ഇജിപി തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഭാഗമായിരുന്നവ പുതുക്കി പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ പുതിയ പദ്ധതികള്‍ എന്ന മട്ടില്‍ അവതരിപ്പിക്കാനും മാണി മടിച്ചില്ല. ഒരു ചെറു വ്യവസായം വരുന്നതിന്റെ സൂചനപോലും ബജറ്റിലുല്‍പ്പെടുത്താത്ത മാണി എമര്‍ജിങ് കേരളപോലുള്ള മാമാങ്കങ്ങള്‍ വെറും പ്രഹസനം മാത്രമായിരുന്നു എന്ന് ഉറപ്പിച്ച് പറയുന്നു. പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും പെന്‍ഷനും ശമ്പളവും ട്രഷറി സേവിങ്സ് ബാങ്ക് അക്കൌണ്ട് വഴി കൊടുക്കുന്നതിന് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സൌകര്യമൊരുക്കിയിരുന്നു. അതൊക്കെ തകര്‍ത്ത് ശമ്പളവും പെന്‍ഷനും ബാങ്കുവഴിയാക്കിയതാണ് മാണിയുടെ പരിഷ്കാരം. വകുപ്പുകളുടെയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും മിച്ചഫണ്ട് ട്രഷറിയില്‍തന്നെ സൂക്ഷിക്കണമെന്ന നിര്‍ദേശം മാണിയെന്ന സാമ്പത്തിക വിദഗ്ധന്‍! നല്‍കുന്നില്ല. വൈകാതെ അദ്ദേഹം ട്രഷറി സേവിങ്സ് തന്നെ വേണ്ടെന്നുവെച്ചാലും അത്ഭുതപ്പെടാനില്ല. അഗതി വയോജന പെന്‍ഷന്‍, ഭിന്നശേഷിയുള്ളവര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം ചേര്‍ത്ത് പറഞ്ഞ് വലിയ പ്രഖ്യാപനമെന്ന മോടിയിലിരിക്കാനുള്ള തന്ത്രം മാണി കാണിക്കുന്നുണ്ട്. കയര്‍ മേഖലയിലെ പെന്‍ഷന്‍ 300 രൂപ 400 ആക്കി. രണ്ടു വര്‍ഷം മുമ്പ് എല്‍ ഡി എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ എല്ലാ പെന്‍ഷനുകളും 400 രൂപയാക്കിയിരുന്നു. ഇപ്പോള്‍ ആ പ്രഖ്യാപനം ആവര്‍ത്തിച്ചാണ് കൈയടിക്കാന്‍ പറയുന്നത്. പരമ്പരാഗത മേഖലയുടെ തകര്‍ച്ചയ്ക്കുള്ള വല്ല പരിഹാരവും ബജറ്റിലുണ്ടോ എന്ന് നോക്കിയാല്‍ കണ്ണ്കഴക്കുമെന്നത് മാത്രമാണ് ഫലം. ബീഡിത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക അസാധ്യമായപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവര്‍ക്ക് 45ാം വയസ്സില്‍ റിട്ടയര്‍ചെയ്ത് പെന്‍ഷന്‍ വാങ്ങാന്‍ അനുവദിച്ചത്. ഒന്നുകില്‍ തൊഴിലും മിനിമം കൂലിയും നല്‍കുക അല്ലെങ്കില്‍ മാന്യമായി റിട്ടയര്‍ചെയ്യാന്‍ അനുവദിക്കുക. ഇതാണ് തൊഴിലാളികള്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ഉല്‍ക്കാഴ്ചകളൊന്നും ഈ ‘അധ്വാന വര്‍ഗ സിദ്ധാന്തക'ന്റെ ബജറ്റില്‍ കാണാന്‍ സാധിക്കില്ല.
ചില മാധ്യമങ്ങള്‍ സ്ത്രീ ബജറ്റ് എന്നൊക്കെ മാണിയുടെ ഗിമ്മിക്കിനെ വിശേഷിപ്പിച്ച് കണ്ടു. പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു കാര്യവും ആ ബജറ്റില്‍ കാണാനായില്ല. 2008-09 മുതല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയമാണ് ജന്‍ഡര്‍ ബജറ്റ്. ഇതിന്റെ ഫലമായി സംസ്ഥാന ബജറ്റിലെ സ്ത്രീവിഹിതം അഞ്ചു ശതമാനത്തില്‍നിന്ന് 10 ആയി ഉയരുകയുമുണ്ടായി. ഇത് രണ്ടു വര്‍ഷമായി നിര്‍ത്തലാക്കിയിരിക്കയാണ് യു ഡി എഫ് സര്‍ക്കാര്‍. അതിനുപകരം ചില കണ്ണില്‍പ്പൊടിയിടല്‍ പരിപാടികളാണ് യു ഡി എഫ് പകരം വെക്കുന്നത്. സ്ത്രീപീഡനങ്ങള്‍ക്ക് അറുതി വരുത്താനുള്ള നീക്കങ്ങള്‍ക്കും ബജറ്റിലൂടെ പരിശ്രമിക്കാന്‍ മാണി തയ്യാറാവുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയെ ഈ ബജറ്റ് അഭിമുഖീകരിക്കുന്നില്ല. ആസിയന്‍ കരാറിന്റെ തിക്തഫലം നേരിടുമ്പോള്‍ വിലത്തകര്‍ച്ചയുടെ കെടുതികള്‍ അനുഭവിക്കയാണ് കേരളം. ഈ പശ്ചാത്തലത്തില്‍ താങ്ങുവില, വില സ്ഥിരതാ ഫണ്ട്, വിള ഇന്‍ഷുറന്‍സ് തുടങ്ങിയവയൊക്കെ ഗുണം ചെയ്യും ബജറ്റ് ഈ കാര്യങ്ങളെ കുറിച്ച് അറിഞ്ഞഭാവം നടിക്കുന്നില്ല.
തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച, ഊര്‍ജ പ്രതിസന്ധി എന്നിവയെയൊന്നും ബജറ്റ് അഭിമുഖീകരിക്കുന്നതേയില്ല. കര്‍ഷകര്‍ക്കുള്ള സഹായമായി പ്രഖ്യാപിച്ചിട്ടുള്ളതും ഉപാധികള്‍കൊണ്ട് അവര്‍ക്കുതന്നെ വിഷമമുണ്ടാക്കുന്നതാണ്. മുഴുവന്‍ പലിശയും അടച്ചുതീര്‍ക്കുന്നവര്‍ക്കാണ് ആനുകൂല്യം. അത് അടച്ചുതീര്‍ക്കാനാണ് കര്‍ഷകര്‍ വിഷമിക്കുന്നതും. അങ്ങനെ വിഷമിക്കുന്ന കര്‍ഷകരെ ബജറ്റ് പരിഗണിക്കുന്നതേയില്ല. കേരളത്തിന് ഏറ്റവും യോജിച്ച ടൂറിസം, ബയോടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയുടെയൊന്നും രംഗത്ത് ഒരു പുതിയ സ്ഥാപനവുമില്ല. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സംസ്ഥാന വികസനത്തിനു വേണ്ട ഭാവനാപൂര്‍ണമായ ഒരു പദ്ധതിയും ആവിഷ്കരിക്കാത്ത ചില പൊടിക്കൈകള്‍കൊണ്ട് ജനകീയ ബജറ്റ് എന്ന പ്രതീതി വരുത്താനാണ് മാണി ശ്രമിച്ചിട്ടുള്ളത്.
തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് ധനകമീഷന്‍ ശുപാര്‍ശ ചെയ്തതിനെ അപേക്ഷിച്ച് വളരെ താഴെയാണ്. ഇത് അധികാര വികേന്ദ്രീകരത്തിന്റെ അന്തഃസത്തക്കെതിരാണ്. അതുപോലെ പെന്‍ഷന്‍പ്രായം മാറ്റിയത് മാണി ബജറ്റ് പ്രസംഗത്തില്‍ പറയാതിരുന്നത് അനുചിതമായി. ഇത് അസംബ്ളിയോടുള്ള അനാദരവാണ്. പദ്ധതി മേല്‍നോട്ടത്തിനും അവലോകനത്തിനും പ്രത്യേക കമ്മിറ്റിയുണ്ടാക്കുമെന്നു പറയുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഇപ്പോള്‍തന്നെ കമ്മിറ്റിയുണ്ട്. പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രംമതി. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റുന്ന ബജറ്റുതന്നെയാണ് കെ എം മാണി അവതരിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി പോലും സ്വകാര്യ മേഖലയുടെ പങ്കാളിത്ത ബിസിനസുകള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ബജറ്റ് പൊതുമേഖലയെ കൈയൊഴിയുകയും പിപിപി വ്യവസ്ഥയിലുള്ള ഇടപാടുകള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. തന്റെ പതിനൊന്നാമത്തെ ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. മുന്‍ബജറ്റുകളിലേതെന്നപോലെ വലതുപക്ഷ സ്വഭാവമാണ് ഈ ബജറ്റിനുമുള്ളത്. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ ഒരു കാമ്പുമില്ലാത്ത ബജറ്റാണ് ഇതും. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹ നവലിബറല്‍ നയങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് മാണിയും യു ഡി എഫും പരമാവധി ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം. മാണിയുടെ ബജറ്റ് ചുരുക്കിയെഴുതുമ്പോള്‍ കോരന് കുമ്പിളില്‍ കഞ്ഞി തന്നെ.
www.facebook.com/mvgovindan.master
Phone : 0484-2531920