ബൊളിവേറിയന്‍ വിപ്ളവസൂര്യന് വിട
അഡ്വ. കെ. അനില്‍കുമാര്‍
![]() |
|
അധികാരമേറ്റയുടനെ തന്നെ തന്റെ രാജ്യത്തെ എണ്ണവ്യവസായം ദേശസാല്‍ക്കരിച്ച ഷാവേസ്, എണ്ണ വിറ്റുകിട്ടിയ പണമെല്ലാം തന്റെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവക്കായി നീക്കി വച്ചു. ആഗോള വത്ക്കരണകാലത്ത് ക്ഷേമ രാഷ്ട്ര സങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കാന്‍, എല്ലാ ദേശീയ ഭരണകൂടങ്ങളും നിര്‍ബന്ധിക്കപ്പെട്ടപ്പോഴാണ്, വ്യത്യസ്തമായ ഭരണ വഴികളിലൂടെ ഷാവേസ് ബൊളിവേറിയന്‍ ബദല്‍ സൃഷ്ടിച്ചത്. അതിന്റെ ചൂടും ചൂരുമേറ്റ് ലാറ്റിനമേരിക്കയില്‍ ഒരു ഇളം ചുവപ്പ് വിപ്ളവം തന്നെ അരങ്ങേറി. ഒന്നു പകുതി രാജ്യങ്ങളില്‍ ഇടതുപക്ഷ ഭരണകൂടങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്തുക മാത്രമല്ല, ദക്ഷിണ അമേരിക്കയുടെ ഒരു കൂട്ടായ്മയ്ക്ക് വെനിസ്വലേയും ക്യൂബയും നേതൃത്വം നല്‍കുന്ന ഉയരത്തിലേക്ക് അതെത്തി. തെക്കിന്റെ ടെലിവിഷനായ ടെലിസൂറും, തെക്കിന്റെ ബാങ്കും, ലാറ്റിനമേരിക്കയുടെ സ്വന്തമായ ഒരു കറന്‍സിയുടെ സ്വപ്നങ്ങളും, വിശ്വസനീയമായ ഒരു ലാറ്റിനമേരിക്കന്‍ ബദലിന്റെ സാധ്യതകളെ വികസിപ്പിച്ചു. ധൈഷണിക ധീരതയുടെ, വേറിട്ട വഴികള്‍ വെട്ടിത്തുറന്ന്, ലോകത്തെ വിസ്മയിപ്പിച്ച ആ ധീര നേതൃത്വമാണ് മാദ്ധ്യാഹ്ന സൂര്യന്റെ വിടവാങ്ങല്‍ പോലെ ചരിത്രത്തില്‍ ലയിച്ചു ചേരുന്നത്. |
ഒരു കൊള്ളിയാന്‍ മിന്നി മറയുന്നതുപോലെ, രണ്ടുദശകം മാത്രം നീണ്ട രാഷ്ട്രീയ ജീവിതം കൊണ്ട് ലോകമാകെയുള്ള ജനകോടികളുടെ മനസ്സുകളില്‍, ചരിത്രത്തില്‍, സ്വന്തം സിംഹാസനം തീര്‍ത്ത വിപ്ളവതാരകമാണ് ഹ്യൂഗോ ഷാവേസ്. ഭൂഗോളത്തില്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും മാത്രം രാഷ്ട്രീയ സമവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതപ്പെട്ടിരുന്ന ചരിത്രത്തിലേക്ക്, തെക്കിന്റെ ആത്മബോധവുമായി കടന്നുവന്ന്, ഒരു ലാറ്റിനമേരിക്കന്‍ വിപ്ളവസൂര്യനെ ജ്വലിപ്പിച്ചുയര്‍ത്തിയ ഷാവേസ് ആഗോളവത്ക്കരണത്തിന്റെ തേരോട്ടങ്ങളില്‍ പകച്ചുപോയ ഇടതു രാഷ്ട്രീയത്തിന് തെക്കേ അമേരിക്കയില്‍ ഇളം ചുവപ്പിന്റെ കൂടൊരുക്കി. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും വിപ്ളവ ദര്‍ശനങ്ങള്‍ക്ക് പ്രയോഗപടുത്വം കൊണ്ട് റഷ്യയിലും ചൈനയിലും സാക്ഷാത്ക്കാരം നേടിയ ലെനിന്റെയും, മാവോയുടെയും വഴികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് തെക്കേ അമേരിക്കയിലെ ക്യൂബയില്‍ ഫിദലിന്റെ സ്വപ്നങ്ങളിലെ വിപ്ളവ കാമനകള്‍ക്ക് ഒരു സിന്ദൂര തിലകം ചാര്‍ത്തപ്പെട്ടത്. സോവ്യറ്റ് തകര്‍ച്ചയോടെ ക്യൂബന്‍ വിപ്ളവം പൊലിഞ്ഞുവെന്ന പ്രചാരണഘോഷങ്ങള്‍ക്കിടയില്‍, ക്യൂബ തോറ്റു മടങ്ങുമെന്ന് ധരിച്ചവരെ വിസ്മയിപ്പിച്ചുകൊണ്ട്, തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ വെനിസ്വലയില്‍ ഹ്യൂഗോ ഷാവേസ് ജ്വലിച്ചുയര്‍ന്നു. ചരിത്രത്തിലും വര്‍ത്തമാനങ്ങളിലും സമാനതകളിലാത്ത ഷാവേസ്. ചരിത്ര രഥ്യയില്‍ ആദ്യമായും അവസാനമായും ഒരേ ഒരു ഷാവേസ്.
ക്യൂബ ചെറിയ രാജ്യമാണെങ്കില്‍ വെനിസ്വല താരതമ്യേന വലിയ രാജ്യമാണ്. തെക്കേ ഇന്ത്യയോളം വലുപ്പമുള്ള എണ്ണ സമ്പന്നമായ നാട്. ഷാവേസ് അധികാരത്തിലെത്തും വരെ, വെനിസ്വലയിലെ ഭരണാധികാരികള്‍ വെറും ഇത്തിള്‍ കണ്ണികളായിരുന്നു. അമേരിക്കന്‍ കമ്പനികള്‍ ടണ്‍ കണക്കിന് ബാരല്‍ എണ്ണ പ്രതിദിനം ഊറ്റികൊണ്ടു പോകുമ്പോള്‍ അതിന്റെ കമ്മീഷന്‍ പറ്റി ജീവിച്ചുവന്ന കോമ്പ്രദോര്‍ ബൂര്‍ഷ്വാസിയായിരുന്നു ഭരണത്തില്‍. വെനിസ്വലന്‍ പട്ടാളത്തിലെ ചെറിയ ഒരാഫീസര്‍ മാത്രമായിരുന്നു ഷാവേസ്, അധികാരം നേടാന്‍ നടത്തിയ ആദ്യ പോരാട്ടം ആദ്ദേഹത്തെ ജയിലിലെത്തിച്ചു. ജയില്‍ മുറികള്‍ പാഠശാലയാക്കിയ ഷാവേസ് പുറത്തിറങ്ങിയപ്പോള്‍ ക്യൂബയിലേക്ക് പോയി. ഫിദല്‍ കാസ്ട്രോയില്‍ തന്റെ ഗുരുവിനെ കണ്ടെത്തി. സ്പാനിഷ് അധിനിവേശത്തിനെതിരെ തെക്കേ അമേരിക്കയുടെ വിമോചന ധീഷണകളെ ജ്വലിപ്പിച്ചുയര്‍ത്തിയ ഫ്രാന്‍സിസ് ഡി മിരാന്തയുടെയും, സൈമണ്‍ ബൊളിവറുടെയും, സാമ്രാജ്യത്വ വിരുദ്ധ ചോദന ജനകോടികളുടെ സിരകളില്‍ തിരകളായിരമ്പിക്കൊണ്ടിരുന്നു. ലാറ്റിനമേരിക്കന്‍ മണ്ണിന്റെ മണവും ഗുണവുമുള്ള ആ രാഷ്ട്രീയത്തെ കണ്ടറിഞ്ഞ് അതിനെ ആധുനിക കാലത്തിലെ ചാലക ചക്രങ്ങളാക്കി, സോഷ്യലിസ്റ് സ്വപ്നങ്ങളുടെ വിമോചന ശേഷികൂടി അതിലാവഹിച്ചാണ് ഹ്യൂഗോ ഷാവേസ് വിപ്ളവങ്ങളുടെ ചരിത്രങ്ങളില്‍ വ്യത്യസ്തമായ ഒരു വഴി കണ്ടെത്തിയത്. ജനാധിപത്യത്തിന്റെ നിയമ നിഷ്ഠകള്‍ക്കിടയിലൂടെ വിപ്ളവമുന്നേറ്റത്തിന്റെ നൂതന വഴികള്‍ ഷാവേസ് കണ്ടെത്തി. വലതുപക്ഷം നടത്തിയ അട്ടിമറിയുടെ കനല്‍ വഴികള്‍ അതിനിടയില്‍ താണ്ടേണ്ടി വന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിറകില്‍ അമേരിക്ക തന്നെയായിരിക്കുമെന്ന് ഷാവേസ് പല തവണ പറഞ്ഞിരുന്നു. പക്ഷെ കാലം ഒളിപ്പിച്ചുവെച്ച ദുരന്തം കാന്‍സറിന്റെ രൂപത്തിലാണ് കടന്നു വന്നത്. ഒന്നര പതിറ്റാണ്ടുകള്‍ക്കിടയില്‍ ആറു തവണ തുടര്‍ച്ചയായി ജനവിധി നേടി, ജനാധിപത്യ രാഷ്ട്രീയത്തിന് ഷാവേസ് പുതിയ ചരിത്രമെഴുതി. ആശുപത്രിയിലേക്ക് ഒരിക്കല്‍കൂടി പോകും മുമ്പ് തന്റെ പിന്‍ഗാമിയെ കൂടി പ്രഖ്യാപിച്ച് ഭാവികാലത്തേക്ക് വിരല്‍ ചൂണ്ടി പ്രത്യശാഭരിതമായ ഒരു പുഞ്ചിരിയുമായി ഷാവേസ് ആരിലും ആത്ഭുതവും ആദരവും അവശേഷിപ്പിച്ച് അധൃഷ്യനായി ഓര്‍മ്മയില്‍ നില്‍ക്കുന്നു.
അധികാരമേറ്റയുടനെ തന്നെ തന്റെ രാജ്യത്തെ എണ്ണവ്യവസായം ദേശസാല്‍ക്കരിച്ച ഷാവേസ്, എണ്ണ വിറ്റുകിട്ടിയ പണമെല്ലാം തന്റെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവക്കായി നീക്കി വച്ചു. ആഗോള വത്ക്കരണകാലത്ത് ക്ഷേമ രാഷ്ട്ര സങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കാന്‍, എല്ലാ ദേശീയ ഭരണകൂടങ്ങളും നിര്‍ബന്ധിക്കപ്പെട്ടപ്പോഴാണ്, വ്യത്യസ്തമായ ഭരണ വഴികളിലൂടെ ഷാവേസ് ബൊളിവേറിയന്‍ ബദല്‍ സൃഷ്ടിച്ചത്. അതിന്റെ ചൂടും ചൂരുമേറ്റ് ലാറ്റിനമേരിക്കയില്‍ ഒരു ഇളം ചുവപ്പ് വിപ്ളവം തന്നെ അരങ്ങേറി. ഒന്നു പകുതി രാജ്യങ്ങളില്‍ ഇടതുപക്ഷ ഭരണകൂടങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്തുക മാത്രമല്ല, ദക്ഷിണ അമേരിക്കയുടെ ഒരു കൂട്ടായ്മയ്ക്ക് വെനിസ്വലേയും ക്യൂബയും നേതൃത്വം നല്‍കുന്ന ഉയരത്തിലേക്ക് അതെത്തി. തെക്കിന്റെ ടെലിവിഷനായ ടെലിസൂറും, തെക്കിന്റെ ബാങ്കും, ലാറ്റിനമേരിക്കയുടെ സ്വന്തമായ ഒരു കറന്‍സിയുടെ സ്വപ്നങ്ങളും, വിശ്വസനീയമായ ഒരു ലാറ്റിനമേരിക്കന്‍ ബദലിന്റെ സാധ്യതകളെ വികസിപ്പിച്ചു. ധൈഷണിക ധീരതയുടെ, വേറിട്ട വഴികള്‍ വെട്ടിത്തുറന്ന്, ലോകത്തെ വിസ്മയിപ്പിച്ച ആ ധീര നേതൃത്വമാണ് മാദ്ധ്യാഹ്ന സൂര്യന്റെ വിടവാങ്ങല്‍ പോലെ ചരിത്രത്തില്‍ ലയിച്ചു ചേരുന്നത്.
വെനിസ്വലയുടെ തലസ്ഥാനമായ കരാക്കസ്സില്‍ 2005 ല്‍ നടന്ന യുവജന സമ്മേളനത്തില്‍ യൌവനത്തികവോടെ നിറഞ്ഞാടിയ ഷാവേസിന്റം രൂപം മനസ്സില്‍ നിന്ന് മായുന്നില്ല. ഉദ്ഘാടന സമ്മേളനവേദിയില്‍, ഒരോ രാഷ്ട്രീയത്തിന്റെയും പ്രതിനിധിധി സംഘത്തെ പ്രത്യേകമായി സ്വീകരിച്ച് യുവത്വത്തിന്റെ പ്രസരിപ്പോടെ ഷാവേസ് തിളങ്ങി നിന്നു. ചിരിയും ചിന്തയും വിസ്മയവും സമ്മേളിക്കുന്ന ഷാവേസിന്റെ വാഗ്ദ്ധോരണി മണിക്കൂറുകളോളം സ്വച്ഛന്തമായി പ്രവഹിക്കും. ഇടയ്ക്ക് സംഗീതത്തിന്റെ ചുവടു വയ്പ്പില്‍ ഉദ്ഘാടകന്‍ നര്‍ത്തകനായി മാറുകയായിരുന്നു. ലാറ്റിനമേരിക്കയുടെ ചടുല സംഗീതത്തിന്റെ ഈണങ്ങള്‍ക്കും താളങ്ങള്‍ക്കും ഒത്ത് ഷാവേസും നൃത്തം ചെയ്തപ്പോള്‍ ഉദ്ഘാടന വേദി ഇരമ്പി മറിഞ്ഞു. നിറങ്ങള്‍ പെയ്തിറങ്ങിയ ആ വെനിസ്വലന്‍ രാവിന്റെ ആഭൌമ സൌന്ദര്യം പടര്‍ന്ന പശ്ചാത്തലത്തില്‍ രാഷ്ട്രനായകനായ ഷാവേസ് തന്റെ ലക്ഷ്യം സോഷ്യലിസമാണെന്ന് ലോകത്തോട് ആദ്യമായി പറഞ്ഞപ്പോള്‍ ഈ ലേഖകന്‍ സാക്ഷിയായിരുന്നു. അതെ, നിശ്ചയിച്ചുറപ്പിച്ച വഴികളിലൂടെയാണ് ഷാവേസ് എന്നും സഞ്ചരിച്ചത്. മാനവ രാശിയുടെ ശത്രു സാമ്രാജ്യത്വവും, അതിന്റെ ഹസ്തിനപുരിയായ അമേരിക്കയുമാണെന്ന് ഷാവേസ് സദാ മന്ത്രിച്ചുകൊണ്ടേയിരുന്നു. കമ്മ്യൂണിസ്റുകാരെന്ന് സ്വയം വെളിപ്പെടുത്തുന്ന ഏതൊരു വിപ്ളവകാരിയെയും പ്രസ്ഥാനത്തേയും വളഞ്ഞ് തകര്‍ക്കുന്ന വലതുപക്ഷ കൌടല്യങ്ങള്‍ക്കിടയിലാണ്, തന്റെ സോഷ്യലിസ്റ് ലക്ഷ്യങ്ങളെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്, സാമ്രാജ്യത്വ വിരുദ്ധതയില്‍ നിന്ന് ദേശീയാധികാരത്തിലേക്കും പിന്നീട് ലാറ്റിനമേരിക്കന്‍ കൂട്ടായ്മയിലേക്കും വളര്‍ന്ന് വികസിച്ച് ലോകത്തിന്റെയാകെ വിമോചന സ്വപ്നങ്ങള്‍ക്ക് ഷാവേസ് പുത്തന്‍ ഭാവുകത്വം നല്‍കിയത്.
രോഗ പീഡകള്‍ ഏറ്റു വാങ്ങുന്നതിനിടയിലാണ് ഷാവേസ് വിരുദ്ധ മഹാസഖ്യം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ എല്ലാ ആയുധങ്ങളും പുറത്തെടുത്തത്. ജനങ്ങളില്‍ അന്‍പത്തിയഞ്ചു ശതമാനത്തിന്റെ പിന്തുണ നേടി, ഷാവേസ് വീണ്ടും തന്റെ ബൊളിവേറിയന്‍ വിപ്ളവത്തെ കാത്തു. ഉല്‍സാഹഭരിതവും ചടുലവുമായ ആ ജീവിതത്തിനാണ് 2013 മാര്‍ച്ച് 5ന് തിരശ്ശീല വീണത്. ബൊളിവേറിയന്‍ വിപ്ളവത്തിന്റെ ഭാവിയെത്തന്നെ ബാധിക്കാവുന്ന തീവ്രനഷ്ടമാണ് പുരോഗമനചേരിക്ക് ഇതിലൂടെ സംഭവിക്കുന്നത്.
വ്യക്തിയും ചരിത്ര നിര്‍മ്മിതിയും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷാവേസ് എന്ന വ്യക്തി. എല്ലാ നിര്‍വചനങ്ങളേയും അതി ലംഘിച്ച് നില്‍ക്കുന്നു. റഷ്യന്‍ വിപ്ളവനായകനായ ലെനിന്റെ നേരെ വര്‍ഷിച്ച ഒരു വെടിയുണ്ട അകാലത്തില്‍ ആ ധീരനേതാവിനെ തട്ടിയെടുത്തു. അന്‍പത്തി നാലുകാരനായിരുന്ന ലെനിന്റെ നഷ്ടം ഇരുപതാം നൂറ്റാണ്ടിന് ഏല്‍പ്പിച്ച ക്ഷതത്തോളം തീവ്രതരമായ ആഘാതമാണ്. ഹ്യൂഗോ ഷാവേസിന്റെ വിയോഗം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ളവ പ്രസ്ഥാനത്തിന് നല്‍കുന്നത്. ഷാവേസ് പകര്‍ന്ന വിപ്ളവ ചൈതന്യം അടങ്ങാത്ത തിരമാലകള്‍ പോലെ കാലങ്ങളേയും തലമുറകളേയും ജാഗ്രതപ്പെടുത്തി, അലയടിച്ചുകൊണ്ടേയിരിക്കും.