പൊള്ളിക്കുന്ന ഓര്‍മ്മക്കാറ്റുപോലെ സെല്ലുലോയ്ഡ്
വി കെ ജോസഫ്
![]() |
|
"ജാതിയും മതവും ഒന്നും ഇല്ല എന്ന് നമ്മള്‍ പുറമേ ചിന്തിക്കുമ്പോഴും അതില്‍നിന്ന് ആത്യന്തികമായി മാറാന്‍ നമുക്ക് സാധിക്കുന്നില്ല. മുമ്പൊക്കെ ഞാന്‍ മുസ്ളീമിന്റെ കടയില്‍ കയറി കഴിക്കില്ല. ജാതി നമ്മുടെ മനസ്സില്‍നിന്ന് പറിച്ചെറിയാന്‍ സാധിക്കുന്നില്ല. നമ്മളെ ഒരു ഭ്രാന്തുപോലെ അതങ്ങ് പിന്തുടരുകയാണ്. തെറ്റാണത്. അങ്ങനെ പാടില്ല എന്നൊക്കെ അറിയാം. എന്നാലും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മഞ്ചേരിയില്‍ ഞാന്‍ ജോലിക്കുപോയി ആദ്യം. മഞ്ചേരിയില്‍ ചെല്ലുമ്പോള്‍ അവിടെ മുസ്ളീങ്ങളുടെ കടകള്‍ മാത്രമേയുള്ളല്ലോ. ആദ്യ ദിവസം മുസ്ളീമിന്റെ കടയില്‍ കയറി ഊണുകഴിച്ചപ്പോള്‍ ഞാന്‍ ഛര്‍ദ്ദിച്ചു! എത്ര തീവ്രമായിരുന്നു ഉള്ളിലെ ജാതിചിന്ത എന്നുള്ളതാ. അതായിരുന്നു ആ കഥയുടെ തീം. നമ്മള്‍ തന്നെ വീട്ടില്‍ വളര്‍ത്തിയ ഒരു നായ നമ്മെ വേട്ടയാടുന്നതായിട്ടാ. കൊണ്ടു കളഞ്ഞാലും അതിന്റെ അസ്ഥികൂടം നമ്മളെ ഭീഷണിപ്പെടുത്തുന്നു.'' ഈ അനുഭവത്തിന്റെ ഏറ്റുപറച്ചില്‍ സെല്ലുലോയിഡിന്റെ കാഴ്ചാവേളയിലും പിന്നീട് രൂപംകൊണ്ട വിവാദങ്ങളുടെയും എതിര്‍പ്പുകളുടെയും വിമര്‍ശനങ്ങളുടെയും ചരിത്ര സന്ദര്‍ഭത്തിലും ഓര്‍ത്തുവെക്കുന്നത് നന്നായിരിക്കും. |
'സെല്ലുലോയ്ഡ്' ജെ സി ദാനിയല്‍ എന്ന മനുഷ്യന്‍ മലയാളത്തിന്റെ ആദ്യ ചലച്ചിത്രകാരനായിട്ടും അജ്ഞാതനായി ജ•മൊടുങ്ങിയതിന്റെ ദുരന്തകാരണങ്ങളന്വേഷിക്കുന്ന സര്‍ഗാത്മകവും രാഷ്ട്രീയവുമായ ഒരു അന്വേഷണമാണ്. ഒരു ചലച്ചിത്രകാരന്‍, അപ്രത്യക്ഷനാവുകയും തിരസ്ക്കരിക്കപ്പെടുകയും ചെയ്ത മറ്റൊരു ചലച്ചിത്രകാരന്റെ ജീവിതത്തിലേക്ക് നടത്തുന്ന സഞ്ചാരം മാത്രമല്ലിത്. മലയാള സിനിമയുടെ ആദ്യനായിക പി കെ റോസിയുടെയും കാണിയായിത്തീര്‍ന്ന മലയാളിയുടെയും സംഘര്‍ഷങ്ങളുടെയും രൂപപ്പെടലിന്റെയും കഥ കൂടിയാണിത്. 85 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരള സമൂഹത്തിന്റെ ജാതിമത മേല്‍ക്കോയ്മാ ബന്ധങ്ങളിലേക്കുംകൂടി ഈ സിനിമ സഞ്ചരിക്കുന്നു. അപ്പോള്‍ ഇത് ജെ സി ദാനിയലിനെക്കുറിച്ചും പി കെ റോസിയെക്കുറിച്ചും മലയാളിയുടെ ഇന്നും തിളച്ചുമറിയുന്ന ജാതിബോധത്തെക്കുറിച്ചുമുള്ള വേദനാകരവും സ്ഫോടനാത്മകവുമായ സത്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കുന്ന നീറ്റലുകളും കൂടിയാവുന്നുണ്ട്. ചരിത്രത്തിന്റെ പക്ഷപാതിത്തമുള്ള ഏകശിലാരചനകളില്‍ അമര്‍ന്നുപോയ യാഥാര്‍ഥ്യങ്ങളുടെ നിലവിളികളും ഈ സിനിമയില്‍ ഉയര്‍ന്നുവരുന്നുണ്ട്. തമസ്ക്കരിക്കപ്പെട്ട ചരിത്രത്തിന്റെ കണ്ണുകളുടെ ഏകാന്തതയില്‍ ഭയപ്പെട്ട് ഒളിച്ചു കഴിഞ്ഞ പി കെ റോസി എന്ന മലയാളസിനിമയുടെ ആദ്യനായികയെക്കുറിച്ച് മലയാളിയുടെ ലോകം കേട്ടുതുടങ്ങിയിട്ട്തന്നെ കുറച്ചു വര്‍ഷങ്ങളേ ആയിട്ടുള്ളൂ. ജെ സി ദാനിയല്‍ ആണ് നമ്മുടെ ആദ്യ ചലച്ചിത്രകാരന്‍ എന്ന് മലയാളി അംഗീകരിച്ചിട്ടും അധികം വര്‍ഷങ്ങളായിട്ടില്ല. സിനിമ എന്താണെന്ന് പോലും അറിയാതെ, അതിലഭിനയിക്കുകയും അത് തിരശ്ശീലയില്‍ കാണാനാവാതെ, അപമാനിതയായി, കൊട്ടകയ്ക്കു വെളിയില്‍ പേടിച്ചു വിറച്ചുനിന്ന റോസി എന്ന പുലയയുവതിയുടെ ചുടുകണ്ണുനീര്‍ ചരിത്രത്തെ പിളര്‍ന്നൊഴുകുന്നത് ഈ സിനിമയില്‍ നമുക്കനുഭവിക്കാം.
ആധുനികകലയായ സിനിമയോടുള്ള അഭിനിവേശംകൊണ്ടും പ്രണയംകൊണ്ടും ജെ സി ദാനിയല്‍ എന്ന ചെറുപ്പക്കാരന്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നിടത്ത് ആരംഭിച്ച് അദ്ദേഹത്തിന്റെ ഏറ്റവും ഇളയമകന്‍, ജെ സി ദാനിയല്‍ അവാര്‍ഡ് വേളയില്‍, കുറ്റബോധത്തോടെയും വേദനയോടെയും അച്ഛനെ ഓര്‍മ്മിച്ച് വിതുമ്പുന്നിടത്തവസാനിക്കുന്ന സിനിമ, മലയാളിയോട് ചില അപ്രിയസത്യങ്ങളും പറയുന്നുണ്ട്. ജെ സി ദാനിയല്‍ എന്ന യുവാവ് ഭാര്യ ജാനറ്റുമായി തിരുവനന്തപുരത്തെ വളരെ സമ്പന്നമായ മാളികവീട്ടിലാണ് താമസിക്കുന്നത്. തന്റെ സിനിമാസ്വപ്നങ്ങള്‍ അയാള്‍ പ്രിയപ്പെട്ടവളുമായി പങ്കുവെക്കുന്നു. സിനിമ നിര്‍മ്മിക്കാന്‍ ഭീമമായ മുതല്‍മുടക്ക് വേണ്ടിവരും. സിനിമ ആളുകള്‍ വ്യാപകമായി കണ്ടുതുടങ്ങിയിട്ടുപോലുമില്ല. അപ്പോഴാണ് ദാനിയല്‍ കിട്ടാവുന്ന ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങളൊക്കെ വായിച്ച് അറിവുണ്ടാക്കി സിനിമയെടുക്കാന്‍ തുനിയുന്നത്. ക്യാമറ, സ്റുഡിയോ, പ്രോസസിംഗ് ലാബ് തുടങ്ങിയ എല്ലാ സാങ്കേതിക സൌകര്യങ്ങളും സ്വന്തമായി ഒരുക്കണം. ദാനിയല്‍ തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ സമുദായക്കാരനായ സമ്പന്നകുടുംബാംഗമാണ്. അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഓഹരിയിലുള്ള നൂറ് ഏക്കറോളം ഭൂമി വിറ്റുകൊണ്ടാണവര്‍ പണമുണ്ടാക്കുന്നത്. 1928 ല്‍ മദ്രാസില്‍ നടരാജ മുതലിയാരും ബോംബെയില്‍ ദാദാസാഹേബ് ഫാല്‍ക്കേയുമാണ് ചലച്ചിത്രനിര്‍മ്മാണം നടത്തിക്കൊണ്ടിരുന്നത്. ദാനിയല്‍ ബോംബെയിലെത്തി ഫാല്‍ക്കെയെ കണ്ട് സഹായമഭ്യര്‍ഥിച്ചു. കുറച്ചുദിവസമവിടെ തങ്ങി സിനിമാനിര്‍മ്മാണത്തിന്റെ ചുരുക്കം ചിലകാര്യങ്ങള്‍ മനസ്സിലാക്കി. പിന്നീട് മദ്രാസിലെ സ്റുഡിയോയില്‍ പോയി നടരാജ മുതലിയാരെ കണ്ട് കുറച്ചുകാര്യങ്ങള്‍ ഗ്രഹിച്ചു. നാട്ടില്‍ തിരിച്ചെത്തി ഷൂട്ടിങ്ങിനു വേണ്ട ക്യാമറയും ഫിലിമും മറ്റുപകരണങ്ങളുമൊക്കെ ലണ്ടനില്‍നിന്ന് ഇറക്കുമതി ചെയ്തു. അന്നുവരെ പതിവായി എല്ലാവരും നിര്‍മ്മിച്ചിരുന്ന പുരാണകഥകള്‍ക്ക് പകരം 'സോഷ്യല്‍ ഡ്രാമ' സിനിമയാക്കണമെന്ന് ആഗ്രഹിച്ചു. ഹിന്ദു പുരാണങ്ങള്‍ക്കു പകരം ബൈബിള്‍ കഥകളോ മിശിഹാചരിത്രമോ സിനിമയാക്കാന്‍ ചിലരുപദേശിച്ചെങ്കിലും ദാനിയല്‍ ചാപ്ളിന്റെ 'ദി കിഡ്' എന്ന സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 'വിഗതകുമാരന്‍' എന്ന കഥയുണ്ടാക്കി സിനിമയാക്കാന്‍ തീരുമാനിച്ചു. ഭാര്യയും ചില സുഹൃത്തുക്കളും ശക്തമായ പിന്തുണ നല്‍കി കൂടെനിന്നു. ചാലയില്‍ വ്യവസായിയായിരുന്ന ധനികസുഹൃത്ത് സുന്ദരരാജന്‍ അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു. അദ്ദേഹമാണ് പിന്നീട് മലയാളത്തിലെ രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മ്മ നിര്‍മ്മിച്ചത്.
അതിസാഹസികമായ ഒരു സ്വപ്നയാത്രയാണ് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ദാനിയല്‍ നടത്തിയത്. തന്റെ ഒരു സ്വപ്നസാക്ഷാത്ക്കാരത്തിനുവേണ്ടി, തന്റെ വര്‍ത്തമാനവും ഭാവിയും പണയപ്പെടുത്തിക്കൊണ്ടാണയാള്‍ ചലച്ചിത്രനിര്‍മ്മാണത്തിനു വേണ്ട ധനസമാഹരണം നടത്തിയത്. 1920 കള്‍ കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക പരിസരം ജാതീയമായ മേല്‍ക്കോയ്മകളുടെ ഭാരംകൊണ്ട് തകര്‍ന്ന് വ്രണമായിത്തീര്‍ന്നിട്ടുണ്ടായിരുന്നു. പുരുഷാധികാരത്തിന്റെയും സവര്‍ണതയുടെയും ഇരട്ടകള്‍ ഉടല്‍ പിണഞ്ഞാടിയ നാളുകള്‍. തെക്കന്‍ തിരുവിതാംകൂറില്‍ നായര്‍ മാടമ്പിത്തരത്തിന്റെ ചെങ്കോല്‍, രാജാധികാരത്തിന്റെയും നാട്ടാചാരങ്ങളുടെയും തണലില്‍ നാടാരുടെയും പുലയരുടെയും മറ്റു പിന്നോക്ക ജാതിക്കാരുടെയും തോലുരിയുന്നകാലം. സ്ത്രീകള്‍ നാടകത്തിലും സിനിമയിലുമൊന്നും അഭിനയിക്കാത്തകാലം. വേശ്യാവൃത്തിയിലേര്‍പ്പെട്ട സ്ത്രീകള്‍ പോലും സിനിമയിലഭിനയിക്കുന്നത് അപമാനമായി കരുതിയ കാലത്തിന്റെ ഇരുണ്ട പിന്നാമ്പുറങ്ങളില്‍നിന്നാണ്, വരുംവരായ്കകളാലോചിക്കാതെ പി കെ റോസി എന്ന പുലയ യുവതി, മലയാളത്തിന്റെ ആദ്യസിനിമയുടെ നായികയാകുന്നത്. സിനിമാതിയേറ്ററിന്റെ പൊതുഇടങ്ങളില്‍ കയറാന്‍ അനുമതിയില്ലാതിരുന്ന ദളിത സമൂഹത്തിന്റെ കണ്ണീരില്‍ നിന്നാണ് റോസി സിനിമയിലെ സരോജിനിയെന്ന നായര്‍ യുവതിയിലേക്ക് നടക്കുന്നത്. ഷൂട്ടിങ്ങിന്റെ ദിവസങ്ങളിലൊക്കെ, ദാനിയലും ഭാര്യ ജാനറ്റും റോസിയെ ഒരു നടിയായികണ്ട് ജാതിയുടെ തീണ്ടായ്മകളെ മറികടന്നിരുന്നു. ജാനറ്റിന്റെ ആഭരണങ്ങളാണ് ജാതിമതിലുകളെ മറികടന്ന് റോസിക്കണിയാന്‍ നല്‍കിയിരുന്നതെന്നുള്ളത്, ഇന്ന് വളരെ നിസ്സാരമായി തോന്നാമെങ്കിലും അന്നത് പൊതുബോധത്തിലുറച്ചുപോയ ജാത്യാധിഷ്ഠിത അയിത്താചാരങ്ങളെ പിളര്‍ക്കുന്ന വിപ്ളവകരമായ പ്രവര്‍ത്തനമായിരുന്നു.
സെല്ലുലോയ്ഡിന്റെ ചലച്ചിത്ര ഭാഷ, ആഖ്യാനത്തിന്റെ ലളിത രൂപങ്ങളില്‍ നിന്നാണ് രൂപം കൊള്ളുന്നത്. ഒരു പീരിയഡ് സിനിമയുടെ ബാഹ്യസൌന്ദര്യവും ചരിത്രത്തിന്റെ ആന്തരികമായ സഞ്ചാര, വ്യാഖ്യാന സാധ്യതകളും സംഘര്‍ഷങ്ങളില്ലാതെ രൂപപ്പെടുത്തുന്നതില്‍ കമല്‍ അസാമാന്യമായ യൂക്തി ബോധവും ചലച്ചിത്ര ബോധവും പ്രകടമാക്കിയിട്ടുണ്ടെന്ന് സിനിമ സാക്ഷ്യപ്പെടുത്തുന്നു. ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും ഇടയിലൂടെ സഞ്ചരിക്കുന്ന സിനിമയ്ക്ക് അതിന്റെ പ്രമേയമാവശ്യപ്പെടുന്ന സൌന്ദര്യശാസ്ത്രനിയമങ്ങളും വ്യാകരണവും സൃഷ്ടിച്ചെടുക്കാനാവുകയും ദാനിയലിന്റെ ജീവിതത്തിന്റെ വ്യത്യസ്ഥ ഘട്ടങ്ങളെ പ്രേക്ഷകരുടെ ഉറഞ്ഞുപോയ ഭാവുകത്വശീലങ്ങള്‍ക്കപ്പുറത്തേയ്ക്ക് വികസിപ്പിച്ചെടുക്കാനുമായിട്ടുണ്ട്. പ്രധാനപ്പെട്ട മൂന്നു ഘട്ടങ്ങളായാണ് ദാനിയലിന്റെ ജീവിതം വിഭജിക്കപ്പെട്ടിരിക്കുന്നത്. സിനിമനിര്‍മ്മാണത്തിന്റെയും സിനിമ പൂര്‍ത്തിയാക്കി പ്രദര്‍ശിപ്പിച്ചതിനു ശേഷമുള്ള തകര്‍ച്ചയുടെയും ദുരന്തത്തിന്റെയും ഒന്നാം ഘട്ടം. തിരുവനന്തപുരത്ത് നിന്ന് അഗസ്തിപുരത്തേക്കുള്ള പറിച്ചുനടിലിന്റെ വേദനാകരമായ കാലവും ദുരന്തങ്ങളെ അതിജീവിച്ച് ഡെന്റല്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തു വിജയകരവും സന്തോഷകരവുമായ കുടുംബജീവിതം നയിക്കുന്നതുമായ രണ്ടാംഘട്ടം. വീണ്ടും സിനിമയുടെ അറുതിയില്ലാത്ത പ്രലോഭനവിളികളിലേക്ക് മടങ്ങി തകര്‍ന്നടിഞ്ഞ്, ഒറ്റപ്പെട്ടവനും, തിരസ്കൃതനും അജ്ഞാതനുമായി മരിക്കുന്നതുവരെയുള്ള മൂന്നാം ഘട്ടം. മൂന്നാം ഘട്ടത്തിലെ ദാനിയലിന്റെ ദുരിതജീവിതത്തിന്റെ നിശബ്ദതയിലേക്കാണ്, ചേലങ്ങാട് ഗോപാലകൃഷ്ണന്‍ എത്തുന്നത്. ഉപേക്ഷിക്കപ്പെട്ട ജീവിതത്തിന്റെ അടയാളങ്ങള്‍ പരിസരങ്ങളായി മാറിയ വീട്ടിലേക്കയാളെത്തുമ്പോള്‍, പൂട്ടിയിട്ട വീടിന്റെ അകത്തു ദാനിയല്‍ ചേലങ്ങാട് ഗോപാലകൃഷ്ണനും പ്രേക്ഷകര്‍ക്കും കാഴ്ചപ്പെടാതെ, അകത്തെ മുറികളിലെവിടെയോ ഇരുട്ടില്‍ മൌനത്തിന്റെ വേവുകളായി അദൃശ്യനായിത്തന്നെയിരിക്കുന്നത് നൊമ്പരമുണര്‍ത്തുന്ന ദൃശ്യാവിഷ്ക്കാരമാണ്. മലയാളത്തിന്റെ ആദ്യ ചലച്ചിത്രകാരനെ കാണാനാണ് വന്നിരിക്കുന്നതെന്ന് വിളിച്ചു പറയുന്ന ഗോപാലകൃഷ്ണനോട് ഞാന്‍ സിനിമാക്കാരനാന്നുമല്ലെന്ന് പറഞ്ഞൊഴിയുന്നുണ്ട് ദാനിയല്‍. ചേലങ്ങാടന്‍ വിടാതെ പിന്തുടരുമ്പോള്‍ ഞാനെല്ലാം മറന്നു, എന്നോ നടന്നതാണതൊക്കെ എന്നുള്ള ക്ഷീണിതസ്വരം കേള്‍ക്കാം നമുക്ക്. സിനിമയുടെയും യുവത്വത്തിന്റെയും ഓര്‍മ്മകളുടെ ലഹരിയൊടുങ്ങിയ മറവിയുടെ കുരിശില്‍ പിടഞ്ഞസ്തമിച്ചുകൊണ്ടിരിക്കുന്നത് ആ മനുഷ്യന്‍ മാത്രമല്ലെന്നും, മലയാളി സമൂഹമൊന്നാകെയാണെന്നും സിനിമയുടെ ദൃശ്യസ്വീക്വന്‍സുകള്‍ സൂചിപ്പിക്കുന്നുണ്ട്. വീണ്ടെടുത്ത ഓര്‍മ്മകളുടെ കടലിടുക്കിലൂടെ, ദാനിയല്‍ പിന്നീട് ഗോപാലകൃഷ്ണനോടൊപ്പം നടന്ന്, അയാളുടെ കഥ പറഞ്ഞു നമ്മളോട്. 1966 മെയ് മാസത്തില്‍ ആണ് ചേലങ്ങാട് ഗോപാലകൃഷ്ണന്‍ ദാനിയലിനെ കണ്ടത്. ജാനറ്റ് വന്നു വാതില്‍ തുറന്നകത്ത് കയറുമ്പോള്‍ നമ്മള്‍ ദാനിയലിനെ കാണുന്നില്ല. നാമയാളുടെ കാലുകള്‍ മാത്രമാണ് കാണുന്നത്. വിസ്മരിക്കപ്പെട്ട ഒരു മനുഷ്യന്‍ ചരിത്രത്തിലവശേഷിപ്പിച്ച പാദമുദ്രകള്‍ മാത്രമാണ് നമ്മള്‍ കാണുന്നതെന്നാണ് അത് സൂചിപ്പിക്കുന്നത്. പിന്നീടുള്ള ഒരുകൂടിക്കാഴ്ചയില്‍ 1930 ഒക്ടോബറിലാണ് സിനിമ തിരുവനന്തപുരത്ത് ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നുള്ളതിന്റെ തെളിവായി ദാനിയല്‍ ഒരു നോട്ടീസും ഫോട്ടോയും ഗോപാലകൃഷ്ണനെ ഏല്‍പ്പിക്കുന്നുണ്ട്. ഈ രേഖകളുമായാണ് അദ്ദേഹം മലയാറ്റൂരിനെ കാണുന്നത്. മലയാറ്റൂരിന്റെ യാന്ത്രികവും മനുഷ്യത്വരഹിതവും ബ്യൂറോക്രാറ്റിക്കുമായ നിലപാടുകളാണ് ഈ സിനിമ ആദ്യ സിനിമയായി അംഗീകരിക്കപ്പെടാതിരിക്കാനും, സര്‍ക്കാരില്‍നിന്ന് ദാനിയലിന്റെ ദുരിതജീവിതത്തിനെന്തെങ്കിലും സഹായം നല്‍കാനാകാതെപോയതുമെന്ന് ചേലങ്ങാട് വിവരിക്കുന്നുണ്ട്. ആ സത്യത്തിനു മേലാണ് ഉദ്യോഗസ്ഥപ്രമാണിമാര്‍ ഇപ്പോള്‍ കുരച്ചുചാടുന്നത്. ഈ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന്റെ വാര്‍ത്ത 1930 ഒക്ടോബറിലെ നസ്രാണി ദീപികയില്‍ അച്ചടിച്ചു വന്നിട്ടുണ്ട്.
ദാനിയലിന്റെ മരണദൃശ്യം അപൂര്‍വ്വമായി സാധ്യമാവുന്ന ദൃശ്യാനുഭവമായിത്തീരുന്നുണ്ട്. രാത്രിയില്‍ ജനാലയ്ക്കപ്പുറത്ത് ഇരുട്ടും നിലാവും നിഴലും മരങ്ങളും കെട്ടുപിണയുന്ന ദൃശ്യങ്ങള്‍ ജനല്‍ ചതുരത്തിന്റെ പ്രതിബിംബമായി ഭിത്തിയില്‍ പതിയുന്നുണ്ട്. അത് തിരശ്ശീലയിലെ തന്റെ സിനിമാദൃശ്യങ്ങളായി തിരിച്ചറിയുന്ന ഭ്രമാത്മകതയുടെ നിറവിലാണയാള്‍ മരിക്കുന്നത്. ഇരുട്ടിന്റെ കിനാവില്‍ കാറ്റും നിഴലുമായി ചിരിച്ചുവിടര്‍ന്നാണ് അയാളുടെ ഓര്‍മ്മകള്‍ അവസാനയാത്ര നടത്തിയത്. അജ്ഞാതമായ ഏതോ കാലസമുദ്രത്തിലേക്കയാള്‍ അവസാന നിദ്രയുടെ കൂട്ടുകെട്ടിപ്പിര്‍ക്കാനായി യാത്ര ചെയ്യുമ്പോള്‍ സിനിമ തീരേണ്ടതായിരുന്നു. പക്ഷേ അത് വീണ്ടും ഏച്ചുകെട്ടലുകളുടെ ചില ദൃശ്യങ്ങളിലൂടെ കയറിയിറങ്ങിയത് സിനിമയുടെ സൌന്ദര്യത്തെ മുറിപ്പെടുത്തുകയും ചെയ്തു. എങ്കിലും ഈ സിനിമ ഓര്‍മ്മകളുടെ തുരങ്കങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി നിശബ്ദതയുടെ തിരശ്ശീലകളെ പിളര്‍ന്ന് വിടര്‍ന്നുകൊണ്ടിരിക്കും.
താന്‍ അഭിനയിച്ച സിനിമയുടെ ആദ്യപ്രദര്‍ശനം നടക്കുമ്പോള്‍ അതിലെ നായിക പുറത്ത് ജാതിത്തമ്പുരാക്കന്മാരാല്‍ അപമാനിക്കപ്പെട്ട് പുറത്ത് നില്‍ക്കുകയായിരുന്നു. അവളുടെയും കൂട്ടരുടെയും കണ്ണീരിന്റെ പൊള്ളിത്തിളയ്ക്കുന്ന ജലപാതയിലാണ് ജാതിക്കോമരങ്ങള്‍ ഇന്നും അസ്വസ്ഥതയോടെ സവര്‍ണബോധത്തിന്റെ തോണിയിറക്കുന്നത്. ഈ സിനിമ തുറന്നുവിട്ട ഓര്‍മ്മകളുടെ കലാപം ഇരുട്ടിന്റെ മാളങ്ങളിലേക്ക് പിന്‍മടങ്ങിയിരിക്കുന്ന ജാതിബോധത്തെ മുറിവേല്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ ആദ്യ സെല്ലുലോയ്ഡിലെ ആദ്യസൃഷ്ടിയായ വിഗതകുമാരനും, ആദ്യനായികയായ റോസിയും ചരിത്രത്തിന്റെ ഉള്ളിലേക്കപ്രത്യക്ഷമായ ഒരു വേദനയും ഉല്‍ക്കണ്ഠയും ആയി ഓര്‍മകളുടെ പൊള്ളുന്ന മഴപോലെ പെയ്യുമ്പോള്‍ മലയാളിയുടെ മനസ്സ് സങ്കടങ്ങളുടെയും മനസ്താപത്തിന്റെയും പ്രായഛിത്തത്തിന്റെയും കടലിരമ്പങ്ങള്‍ക്കായി വഴി തുറന്നുകൊടുത്തിട്ടുണ്ടാകും. ജെ സി ദാനിയലിന്റെയും സുന്ദരരാജന്റെയും റോസിയുടെയും വ്യത്യസ്താനുഭവങ്ങളുടെ കണ്ണീര് വീണ്, മലയാളി പ്രേക്ഷകന്റെ മനം പൊള്ളിനില്‍ക്കുമ്പോഴാണ് കരുണാകരവിലാസത്തിന്റെ രാഷ്ട്രീയ വാള്‍ത്തലപ്പുകളും, ഐ എ എസ് സംഘബോധത്തിന്റെയും വരേണ്യതയുടെയും പീരങ്കികളും മലയാളിയുടെ തിരിച്ചറിവിനെയും ചരിത്രബോധത്തെയും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്രത്യക്ഷപ്പെടുന്നത്. കേട്ടുകേള്‍വി മാത്രമായിരുന്ന ജെ സി ദാനിയലിനെ കണ്ടെത്തി, മലയാള സിനിമയുടെ വ്യാജചരിത്രത്തെ പൊളിച്ചെഴുതാന്‍ പണിയെടുത്ത ചേലങ്ങാട് ഗോപാലകൃഷ്ണന്റെ കണ്ടെത്തലുകളെയാണ് ഇന്ന് കോണ്‍ഗ്രസും രാജ്യംവാണ വരേണ്യ ഉദ്യോഗസ്ഥകുലവും പരിഹസിക്കുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണനും കെ കരുണാകരനും സാംസ്കാരിക വകുപ്പു സെക്രട്ടറിയോ സാംസ്കാരികവകുപ്പുമന്ത്രിയോ ആയിരുന്നോ ഇല്ലയോ എന്ന സാങ്കേതിക ചോദ്യങ്ങള്‍ ചോദിച്ച് ചരിത്രത്തിലെ തീഷ്ണ യാഥാര്‍ഥ്യങ്ങളെ തമസ്ക്കരിക്കാനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളും ബാബുപോളും എന്‍ എസ് മാധവനും തോട്ടം രാജശേഖരനുമൊക്കെ ചെയ്യുന്നത്, പൊതുബോധത്തിന്റെ സാമാന്യയുക്തിക്കുള്ളില്‍നിന്ന് ചരിത്രത്തെ വ്യാഖ്യാനിക്കലാണ്. മറവിയുടെ ഇരുളിലേക്ക് മാഞ്ഞുപോയ ചരിത്രം, സാമൂഹികമാറ്റങ്ങളുടെയും സമീപനങ്ങളുടെയും ഖനനപ്രക്രിയകള്‍കൊണ്ട് പുറത്തേക്ക് തിളച്ചുമറിയും. ആ തിളച്ചുമറിയലുകള്‍കൊണ്ട് പലരുടെയും കാല്‍ വെന്തുപൊള്ളും. കേരളീയ നവോത്ഥാനചരിത്രസംഭവങ്ങളെയും വ്യക്തികളെയും നായകരെയും അടയാളപ്പെടുത്തിയ അക്കാദമിക ചരിത്രരചനാരീതികളിലും മറ്റും പ്രകടമായിരുന്ന സവര്‍ണവും വരേണ്യവുമായ വര്‍ഗ പക്ഷപാതിത്തങ്ങളെ ഇ എം എസ്, പി ഗോവിന്ദപിള്ള തുടങ്ങിയവര്‍ ചോദ്യം ചെയ്തുകൊണ്ട് നടത്തിയ ചില ഇടപെടലുകള്‍ സൃഷ്ടിച്ച സംവാദങ്ങളും വിവാദങ്ങളും ഓര്‍മ്മിക്കുന്നത് നല്ലതാണ്. ആ പൊളിച്ചെഴുതല്‍ പ്രക്രിയ പിന്നീടുള്ള പലരും തുടരുകയും ചെയ്തു. അതിന്റെ ഫലമായാണ് സാമൂഹ്യമാറ്റത്തിന്റെ നവോത്ഥാന പോരാട്ടങ്ങളില്‍ നെഞ്ചുവിരിച്ച് നിന്ന് പൊരുതുകയും പീഢിപ്പിക്കപ്പെടുകയും ചെയ്ത മനുഷ്യരുടെ ചിത്രങ്ങള്‍ മലയാളിയുടെ ബോധത്തില്‍ തിരിച്ചറിവായി പ്രത്യക്ഷപ്പെട്ടത്. വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും സെയ്യ്ദ് ഫസല്‍ പൂക്കോയ തങ്ങളും ഉമര്‍ഖാസിയും പൊയ്കയില്‍ യോഹന്നാനും ഒക്കെ ചരിത്രത്തിന്റെ നടുമുറ്റത്തേക്ക് സമീപകാലങ്ങളില്‍ ആനയിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്തത് അങ്ങിനെയാണ്. അവഹേളനങ്ങളുടെയും തിരസ്ക്കരണത്തിന്റെയും തമസ്ക്കരണത്തിന്റെയും ചരിത്രത്തെ കീറിമുറിച്ചുകൊണ്ട് ഇരകളാക്കപ്പെട്ട മനുഷ്യര്‍ ഇനിയും വര്‍ത്തമാനത്തിന്റെ വരാന്തകളിലേക്ക് കയറിവരും. അങ്ങിനെ കയറിവരുന്നവരാണ് പി കെ റോസിയും ജെ സി ദാനിയലും ഒക്കെ. അപ്പോള്‍ നാം അസ്വസ്ഥരാകേണ്ടതില്ല. ജെ സി ദാനിയലിന്റെ സിനിമയെ മലയാള സിനിമയുടെ ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനും തന്റെ സ്വത്തും ജീവിതവും മുഴുവന്‍ ഹോമിച്ച് നിരാലംബനും അവശനും രോഗിയും ദരിദ്രനുമായി കഴിയുന്ന ദാനിയലിനെ സഹായിക്കാനും വേണ്ടി ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന മലയാള സിനിമയുടെ ചരിത്രകാരന്‍ കരുണാകരന്റെയും മലയാറ്റൂര്‍ രാമകൃഷ്ണന്റെയും അടുക്കല്‍ പലവട്ടം പോയി യാചിക്കുകയും കരയുകയും ചെയ്തുവെന്നുള്ളത് അദ്ദേഹം തന്റെ പുസ്തകത്തില്‍ പരസ്യമായി പറഞ്ഞിട്ടുള്ള രേഖകളാണ്. അവര്‍ രണ്ടുപേരും സ്വീകരിച്ച നിഷേധാത്മകനിലപാടുകളെയാണ് ഇന്ന് ചരിത്രം വിചാരണ ചെയ്യുന്നത്. അപ്പോള്‍ അവര്‍ക്കുവേണ്ടി വെറുതെ നിലവിളിച്ചിട്ടു കാര്യമില്ല. എന്നോ പുറകിലുപേക്ഷിക്കപ്പെട്ട ചില സത്യങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും നിലവിളികള്‍ക്കാണ് ആധുനിക ജനാധിപത്യ സംസ്കാരം ചെവിയോര്‍ക്കേണ്ടത്. സെല്ലുലോയ്ഡ് എന്ന സിനിമ അങ്ങിനെ ചില നിലവിളികളെയാണ് അതിന്റെ തടവറയില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിക്കുന്നത്. സിനിമയിലൊരിടത്ത് ദാനിയലിനുവേണ്ടിയുള്ള ചേലങ്ങാടന്റെ അഭ്യര്‍ഥനയും പിന്തുടരലും സമ്മര്‍ദ്ദവുംകൊണ്ട് സഹികെട്ട മലയാറ്റൂര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് "തനിക്കീ നാടാരുടെ കാര്യത്തിലെന്താ ഇത്ര താല്‍പ്പര്യം?''. ഇത് ആന്തരികമായി മറഞ്ഞുകിടന്നിരുന്ന ഒരു സവര്‍ണ ജാതിസര്‍പ്പത്തിന്റെ ചീറ്റലായിരുന്നു. ഇത് മലയാളി സമൂഹം ഇപ്പോഴും കാണുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള ചീറ്റലുകളാണ്. നവോത്ഥാന പോരാട്ടത്തിന്റെയും കമ്യൂണിസ്റു പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയും ഫലമായി തല്‍ക്കാലം പിന്‍മടങ്ങിയ സവര്‍ണബോധവും മതാത്മകതയും ജാതിബോധവും പലതരത്തിലും തലപൊക്കി കേരളീയ ജീവിതത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നുള്ളതിന്റെ തെളിവുകളാണ് എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്റെയും എന്‍ എസ് എസ് നേതാവ് സുകുമാരന്‍ നായരുടെയും വായാടിത്തരങ്ങള്‍ക്കും മാടമ്പിത്തരങ്ങള്‍ക്കും മുമ്പില്‍ അപൂര്‍വം ചിലരൊഴികെയുള്ള രാഷ്ട്രീയ നേതാക്കളും സാഹിത്യ സാംസ്കാരിക നായകരും വായ്പൊത്തി നില്‍ക്കുന്നത്.
കമലിന്റെ സെല്ലുലോയ്ഡ് ജെ സി ദാനിയലിനെക്കുറിച്ചും വിഗതകുമാരനെക്കുറിച്ചുമുള്ള ചരിത്രത്തിന്റെ ചുരുള്‍ വിടര്‍ത്തുന്ന സാധാരണവും നിര്‍ദോഷവുമായ ഒരു സിനിമയല്ല. അത് മറവി തിന്നുതീര്‍ത്ത യാഥാര്‍ഥ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളും അതിന്റെ കലാപവും കൂടിയാണ്. മലയാളത്തിന്റെ ആദ്യസിനിമയെക്കുറിച്ചും ആദ്യനായികയെക്കുറിച്ചുമുള്ള രേഖപ്പെടുത്തലുകള്‍ക്കപ്പുറത്തേക്ക് ആദ്യപ്രേക്ഷകനിലേക്കും അതിന്റെ വര്‍ഗ/വര്‍ഗീയ നിലപാടുകളിലേക്കുംക്കൂടി ഈ സിനിമ നമ്മെ കൊണ്ടുപോകുന്നുണ്ട്. ക്യാപിറ്റോള്‍ തീയേറ്ററിന്റെ മുമ്പില്‍നിന്ന് റോസി ഒരടഞ്ഞ നിലവിളിയോടെ തെരുവിലൂടെ ഓടി കേരളത്തിന്റെ പുറത്തേക്ക് അപ്രത്യക്ഷയായത് 85 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ജാതിവ്യവസ്ഥയുടെ ആണ്‍മുഷ്ക്ക് തീമേഘങ്ങളായി പെയ്ത മഴയില്‍ അവളും അവളുടെ പ്രിയപ്പെട്ട സ്വപ്നങ്ങളും നനയുകയായിരുന്നു. ആ തീമഴയില്‍ അവള്‍ കേരളത്തില്‍നിന്നേ അപ്രത്യക്ഷയായി. നമ്മളാരും അവളെക്കുറിച്ചന്വേഷിച്ചതേയില്ല. കേട്ടിട്ടില്ലാത്ത ഒരു കഥപോലെ അവളെവിടെയോ മറഞ്ഞുനിന്നു. ആരാണതിനുത്തരവാദി? കേരളത്തിലെ സിനിമക്കാരുടെ മാത്രം ഒരു പ്രശ്നമല്ലത്. അവളെയും സിനിമയെയും ജെ സി ഡാനിയലിനെയും തകര്‍ത്തുകളഞ്ഞത് കേരളീയ സമൂഹത്തിലെ പ്രതിലോമശക്തികളായിരുന്നു. ഇപ്പോള്‍, ചരിത്രത്തിന്റെ ഇരുള്‍ മറവുകളില്‍നിന്ന് അവളെ കാഴ്ചയുടെ വിസ്മയലോകത്തിലൂടെ, മലയാളിയുടെ ജീവിതത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്നത് കമല്‍ എന്ന ചലച്ചിത്രകാരനാണ്. നേരത്തെ ചേലങ്ങാടനെപ്പോലുള്ള ചിലരുടെ പുസ്തകമുണ്ടായി. വിനു എബ്രഹാമിന്റെ നോവലുണ്ടായി. നമ്മുടെ അക്കാദമിക് ചരിത്രഗവേഷകരുടെ ദൌര്‍ബല്യം തിരിച്ചറിയുന്നത് ഇങ്ങിനെയുള്ള ചില ചരിത്രസന്ദര്‍ഭങ്ങളിലാണ്. സിനിമയുടെ കൈവിരല്‍ നീണ്ടെത്തി അവളെ തൊടുമ്പോള്‍ അവള്‍ ശബ്ദവും വെളിച്ചവുമില്ലാതെ കത്തിക്കൊണ്ടിരിക്കുന്നതിന്റെ വേദന നാം അനുഭവിക്കുന്നു. ഓര്‍മ്മകളുടെ ചുമരിടിയുമ്പോള്‍ ഇക്കാലമത്രയും ദുരിതങ്ങളുടെ നിലയില്ലാക്കയങ്ങളുടെ ഇരുട്ടിലെവിടെയോ, മറഞ്ഞിരുന്ന ദാനിയലും ജാനറ്റും സുന്ദരരാജനും നെഞ്ചെരിഞ്ഞ് കരയുന്നത് കണ്ട് നാം കുറ്റബോധത്തോടെയും പാപബോധത്തോടെയും അസ്വസ്ഥരാകേണ്ടതുണ്ട്. നാം നമ്മുടെ നെഞ്ചുകീറി, സാമൂഹ്യയാഥാര്‍ത്ഥ്യത്തിന്റെ നാള്‍വഴി യാത്രകളില്‍, ചോരവീഴ്ത്തിയ ജാതിപ്പാമ്പുകളൊളിച്ചിരിക്കുന്ന ഇടങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ദയാരഹിതമായ ആത്മപരിശോധനകളില്‍നിന്നാണ് ഭാവിയുടെ സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും അഭിമുഖീകരിക്കാന്‍ കരുത്ത് നേടുക. സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ ഈ ജീവിതങ്ങള്‍ ഓര്‍മ്മക്കാറ്റുപോലെ കടന്നുപോവുമ്പോള്‍ മലയാളി നാട്യങ്ങളുടെയും അഹങ്കാരത്തിന്റെയും വരേണ്യതയുടെയും എല്ലാ പൊങ്ങച്ചങ്ങളെയും അഴിച്ചുവെച്ച് നഗ്നരായി നില്‍ക്കേണ്ടതുണ്ട്. ഈ നഗ്നതയുടെ തിളയ്ക്കുന്ന ആത്മാവില്‍നിന്നുവേണം വര്‍ത്തമാനകാലത്തിന്റെ ഇരുണ്ട ശരീരത്തിലേക്ക് ജനാധിപത്യത്തിന്റെയും സ്വാതന്ത്യ്രത്തിന്റെയും പ്രകാശത്തിന്റെ വാള്‍മുന ആഴ്ന്നിറങ്ങേണ്ടത്.
ജാതിയുടെ അദൃശ്യമായ തീപ്പാമ്പുകള്‍ നമ്മെ ചുറ്റിവരിയുന്ന വര്‍ത്തമാനകാലത്തിന്റെ നടുമുറ്റത്ത്നിന്ന് മലയാളി അതിന്റെ പൊള്ളുന്ന സാന്നിധ്യം സ്വയം പരിശോധിക്കുകയും വേദനാകരമായ ഒരു കര്‍മ്മംപോലെ അറുത്തുമുറിച്ചെറിയുകയും ചെയ്യേണ്ടതുണ്ട്. വേദനാകരമായ പോരാട്ടങ്ങള്‍ നമ്മള്‍ തുടരേണ്ടതുണ്ട്. ജാതി ഇല്ലാതായി എന്നല്ല അതെവിടെയോ സന്ദര്‍ഭം പാര്‍ത്ത് ഒളിച്ചുകഴിയുന്നുണ്ടെന്നാണ് കമലിന്റെ സിനിമ സൂചിപ്പിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നത്. അസാധാരണവും അത്യപൂര്‍വ്വവുമായ സത്യസന്ധതയോടെ, നമ്മുടെ പ്രിയപ്പെട്ട ചെറുകഥാകൃത്ത് എസ്.വി. വേണുഗോപന്‍നായര്‍ ഒരു വാരികയിലെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.
"ജാതിയും മതവും ഒന്നും ഇല്ല എന്ന് നമ്മള്‍ പുറമേ ചിന്തിക്കുമ്പോഴും അതില്‍നിന്ന് ആത്യന്തികമായി മാറാന്‍ നമുക്ക് സാധിക്കുന്നില്ല. മുമ്പൊക്കെ ഞാന്‍ മുസ്ളീമിന്റെ കടയില്‍ കയറി കഴിക്കില്ല. ജാതി നമ്മുടെ മനസ്സില്‍നിന്ന് പറിച്ചെറിയാന്‍ സാധിക്കുന്നില്ല. നമ്മളെ ഒരു ഭ്രാന്തുപോലെ അതങ്ങ് പിന്തുടരുകയാണ്. തെറ്റാണത്. അങ്ങനെ പാടില്ല എന്നൊക്കെ അറിയാം. എന്നാലും അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. മഞ്ചേരിയില്‍ ഞാന്‍ ജോലിക്കുപോയി ആദ്യം. മഞ്ചേരിയില്‍ ചെല്ലുമ്പോള്‍ അവിടെ മുസ്ളീങ്ങളുടെ കടകള്‍ മാത്രമേയുള്ളല്ലോ. ആദ്യ ദിവസം മുസ്ളീമിന്റെ കടയില്‍ കയറി ഊണുകഴിച്ചപ്പോള്‍ ഞാന്‍ ഛര്‍ദ്ദിച്ചു! എത്ര തീവ്രമായിരുന്നു ഉള്ളിലെ ജാതിചിന്ത എന്നുള്ളതാ. അതായിരുന്നു ആ കഥയുടെ തീം. നമ്മള്‍ തന്നെ വീട്ടില്‍ വളര്‍ത്തിയ ഒരു നായ നമ്മെ വേട്ടയാടുന്നതായിട്ടാ. കൊണ്ടു കളഞ്ഞാലും അതിന്റെ അസ്ഥികൂടം നമ്മളെ ഭീഷണിപ്പെടുത്തുന്നു.'' ഈ അനുഭവത്തിന്റെ ഏറ്റുപറച്ചില്‍ സെല്ലുലോയിഡിന്റെ കാഴ്ചാവേളയിലും പിന്നീട് രൂപംകൊണ്ട വിവാദങ്ങളുടെയും എതിര്‍പ്പുകളുടെയും വിമര്‍ശനങ്ങളുടെയും ചരിത്ര സന്ദര്‍ഭത്തിലും ഓര്‍ത്തുവെക്കുന്നത് നന്നായിരിക്കും.