ചിന്തിക്കുന്ന കസേര
ബൃന്ദ
![]() |
|
|
അസാധാരണമായ ചിന്താരീതികളില്ല. പ്രവര്‍ത്തികളില്ല എങ്കില്‍ പിന്നെ ഈ ആളൊഴിഞ്ഞ കടല്‍ത്തീരത്ത് ചിന്താമഗ്നനായി ഏറെ നേരമായി ഇരിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. നിങ്ങളില്‍ ചിലര്‍ കരുതുന്നതുപോലെ കടല്‍ എനിക്കൊരു 'നൊസ്റാള്‍ജീയ' ഒന്നും അല്ല. എന്റെ ഭാര്യ സുനീതിയും മക്കളായ അപ്പുവും ശ്രാവണുമൊത്ത് പലപ്പോഴും ഞങ്ങള്‍ ഏറെ നേരം ഇവിടെ ഉല്ലസിച്ചിരുന്നു. അന്നൊന്നും കടലിനെപ്പറ്റി എനിക്കൊന്നും അറിയുമായിരുന്നില്ല. ഇപ്പോഴാണ്, ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞ കുറെ മണിക്കൂറുകള്‍കൊണ്ടാണ് കടല്‍ എന്താണെന്ന് എനിക്ക് മനസ്സിലായത്. കടലിനെ ഞാനറിഞ്ഞത്.
എന്റെ പേര് ശ്യാമദര്‍ശന്‍ എന്നാണ്. നോക്കൂ എത്ര നല്ല പേര്. പക്ഷേ ആരെങ്കിലും എന്നെ ഈ പേരു മുഴുവനായി വിളിച്ചുകേട്ട കാലം മറന്നു. എല്ലാവര്‍ക്കും ഞാന്‍ വെറും ശ്യാമനാണ്. മാത്രമല്ല ഒരു ചീത്ത സ്വാഭാവവും എനിക്കില്ല. അതായത് മദ്യപാനം, പുകവലി, മറ്റു കലാപരിപാടികള്‍ തുടങ്ങിയവ. ഞാന്‍ ഒരു ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. അതുകൊണ്ട് ഗ്രാമീണത്വമുള്ള ഒരു മനസ്സ് എനിക്കുണ്ട്.
എന്റെ കുടുംബ പശ്ചാത്തലം നോക്കിയാല്‍ തരക്കേടില്ലാത്ത പാരമ്പര്യം. സഹോദരങ്ങള്‍ ഒക്കെ ഉയര്‍ന്ന നിലയിലാണ്. ഞാനും അങ്ങനെ തന്നെ. വീമ്പു പറച്ചിലല്ല കെട്ടോ. ഞാന്‍ അത്യാവശ്യം സമ്പന്നനാണ്, സുന്ദരനാണ്. സംതൃപ്തമായ ദാമ്പത്യജീവിതം. മിടുക്കന്മാരായ രണ്ടു കുട്ടികള്‍. അങ്ങനെ യാതൊരു അലട്ടലുമില്ലാതെ ഞാന്‍ കഴിഞ്ഞുവരികയായിരുന്നു.
എന്നാല്‍, ഇന്ന് വല്ലാത്ത തലവേദനയുള്ളതുകൊണ്ട് ഞാന്‍ ഉച്ചതിരിഞ്ഞപ്പോള്‍ ലീവെടുത്ത് വീട്ടിലെത്തി. എന്റെ കാര്‍ വന്ന് നിന്നത് സുനീതി അറിഞ്ഞില്ലെന്ന് തോന്നുന്നു. മുറ്റത്ത് എബി കുരുവിളയുടെ ബൈക്ക് വച്ചിട്ടുണ്ടായിരുന്നു. മുന്‍ വാതില്‍ പകുതി ചാരിയിട്ടേ ഉള്ളൂ.
പറഞ്ഞില്ലല്ലോ എബി കുരുവിള എന്റെ ഉറ്റസുഹൃത്താണ്. ഞങ്ങള്‍ ചിലപ്പോഴൊക്കെ അവന്റെ വീട്ടില്‍ ഡിന്നറിന് പോകാറുണ്ട്. അപ്പോഴൊക്കെ എന്നെക്കൊണ്ട് ഒരു ബിയറെങ്കിലും കുടിപ്പിക്കാന്‍ അവന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. “ഇവന്‍ എന്തൊരു പച്ചമനുഷ്യനാണ്.." എബി കുരുവിള കളിയാക്കും. "നീ സുനീതിയെ കണ്ടു പഠിക്ക്" അവന്‍ കളിയാക്കല്‍ തുടരും.
സുനീതി ബിയര്‍ കഴിക്കും. അത്യാവശ്യം ഒരു പെഗ്ഗൊക്കെ കഴിക്കുന്നതും കണ്ടിട്ടുണ്ട്. അതില്‍ കൂടുതല്‍ കഴിക്കുമായിരുന്നോ എന്തോ? എനിക്കെങ്ങനെ എതിര്‍ക്കാന്‍ പറ്റും. അവള്‍ക്കാദ്യം മദ്യം വാങ്ങിക്കൊടുത്തതുതന്നെ ഞാനാണ്. അതും അവളുടെ പ്രസവരക്ഷാവേളയില്‍. എബി കുരുവിള വഴിയാണ് ഒരു കുപ്പി സംഘടിപ്പിച്ചു കൊടുത്തത്. ആ ഞാന്‍ അവള്‍ അല്‍പം മദ്യം കഴിക്കുന്നതില്‍ എങ്ങനെ എതിര്‍പ്പു പ്രകടിപ്പിക്കും?
എബികുരുവിളയുടെ വീട്ടില്‍ വച്ചു മാത്രമേ സുനീതി മദ്യപിക്കാറുണ്ടായിരുന്നുള്ളൂ. അല്ലെങ്കില്‍ പിന്നെ ഇതൊക്കെ ഒരു വലിയ കാര്യമാണോ. ഇക്കാലത്ത് ഇതൊന്നും ചെയ്യാത്തവരെയാണ് ജനം ശ്രദ്ധിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നവന്‍, സഹകരിക്കാന്‍ അറിയാത്തവന്‍ എന്നിങ്ങനെയൊക്കെയുള്ള സ്ഥാനപ്പേരുകള്‍ അവര്‍ക്ക് ലഭിക്കും.
പറഞ്ഞുവന്നത് എന്നെപ്പറ്റിയാണല്ലോ. ഞാന്‍ കാര്‍ ഒതിക്കിയിട്ട് വീട്ടിലേക്ക് കയറി. കോളിംഗ്ബെല്ലില്‍ വിരലമര്‍ത്തിയിട്ട് പാതിചാരിയ വാതില്‍ പതുക്കെ തുറന്ന് അകത്തേക്ക് കടന്നു. അപ്പോള്‍ മുകള്‍നിലയിലെ ഞങ്ങളുടെ ബെഡ്റൂമില്‍ നിന്നും എബി കുരുവിള തിരക്കിട്ട് പുറത്തേക്കു വന്നു. തൊട്ടുപിന്നാലെ മുടിമാടിയൊതുക്കി പിന്നിലേക്ക് കെട്ടിവച്ചുകൊണ്ട് സുനീതിയും. അപ്പോള്‍ ഇരുവരുടേയും മുഖത്ത് രക്തമയമില്ലായിരുന്നു. “എന്താ നേരത്തേ” എന്ന് അവരിലാരോ ചോദിച്ചു. "നല്ല തലവേദന, ഒന്നു കിടണം'' എന്നു പറഞ്ഞ് ഞാന്‍ ബെഡ്റൂമിലേക്കു നടന്നു. സുനീതിക്കു നല്ല വൃത്തിയും വെടിപ്പുമാണുള്ളത്. മുറികളിലെ സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി സൂക്ഷിച്ചു വയ്ക്കും. ബെഡ്ഷീറ്റുകള്‍ പോലും എപ്പോഴും ഒരു ചുളിവുകള്‍ പോലും വീഴ്ത്താതെ ഭംഗിയായി സൂക്ഷിച്ചിരുന്നു.
പക്ഷേ, പതിവിനു വിപരീതമായി വെല്‍വെറ്റ് കിടക്കവിരിയില്‍ ഒരു ചുളിവ്, ഒരു വിളര്‍ച്ച. മാത്രമല്ല അവളുടെ സ്വര്‍ണ്ണപാദസരം അതില്‍ പൊട്ടിവീണുമിരിക്കുന്നു.
ഇത് ജീവിതത്തിന്റെ ഒന്നാം ഭാഗം. അല്ലെങ്കില്‍ ശ്യാമന്റെ ഒന്നാം തിരുമുറിവ്. ഇതിന് ശ്യാമന്‍ എങ്ങനെ നേരിട്ടു എന്ന് നമുക്കു നോക്കാം. ഓര്‍ക്കണം ശ്യാമന്‍ ഒരു സല്‍സ്വഭാവിയാണ്.
ശ്യാമന്‍ കിടക്കയിലേക്കു വീഴാതെ ബാല്‍ക്കണിയിലെ ചാരുകസേരയില്‍ ചെന്നിരുന്നു. അതായിരുരുന്നു ആ വീട്ടിലെ ഏക പുരാവസ്തു. തേക്കില്‍ തീര്‍പ്പിച്ച കൊത്തുപണികള്‍ ചെയ്ത മനോഹരമായ ആ കസേര അയാള്‍ തന്റെ മുത്തച്ഛന്റെ കാലം മുതല്‍ കണ്ടുവരുന്നതായിരുന്നു. മുത്തച്ഛന്‍ അതിനു മുമ്പും.
അത് ചിന്തിക്കാനുള്ള കസേരയാണ്. അതിന് മനുഷ്യന്റെ അല്ലെങ്കില്‍ ശ്യാമന്റെ ചിന്തകളും പ്രവൃത്തികളും അറിയാനും പോംവഴികള്‍ കണ്ടുപിടിക്കാനും നിര്‍ദേശിക്കാനുമുള്ള കഴിവുണ്ട്. കാലാകാലങ്ങളായുള്ള നിതാന്തധ്യാനത്തില്‍ അതിന്റെ മനീഷ തെളിമയാര്‍ന്നിരുന്നു.
ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പോംവഴികളുണ്ടെങ്കിലും എന്നും പ്രശ്നങ്ങളും പോംവഴികളും സമാന്തരപാതയിലൂടെ സഞ്ചരിക്കുന്നു. അതുകൊണ്ടാണ് കസേരകള്‍ക്ക് പ്രസക്തിയുണ്ടാകുന്നത്.
അതെന്തായാലും ശരി അയാള്‍ ചാരുകസേരയുടെ മടിയിലേക്കിരുന്നു. എന്നിട്ട് അതിന്റെ നെഞ്ചിലേക്ക് പുറം ചേര്‍ത്ത് കണ്ണടച്ചിരുന്നു. അപ്പോള്‍ മുറ്റത്ത് മാവിന്റെ ചില്ലകള്‍ അയാളെ തേടിവന്നു. അതിന്റെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലിരുന്ന് കിളികള്‍ ചിലച്ചാര്‍ത്തു. ഇപ്പോള്‍ ചിന്തിക്കാനുള്ള സമയമായി എന്ന് ചാരുകസേര അറിയിച്ചു.
അപ്പോള്‍ ശ്യാമന്റെ തലവേദന പലവഴികളിലൂടെ നീങ്ങാന്‍ തുടങ്ങി.
ആദ്യത്തേത് ഭര്‍ത്താവില്ലാത്ത നേരത്ത് ഭാര്യയുടെ കൂടെ കിടപ്പുമുറിയില്‍ നിന്ന് ഒരു അന്യപുരുഷന്‍ ഇറങ്ങി വരുന്നതിനെ പറ്റിയാണ്. അതായത് എബി കുരുവിളയും ശ്യാമനും കുട്ടൂകാരാണ്. ശ്യാമന്‍ ഇല്ലാത്ത നേരങ്ങളിലും അയാള്‍ക്ക് വരാം. അതില്‍ തെറ്റില്ല. വന്നാല്‍ അയാള്‍ക്ക് ഡ്രോയിംഗ് മുറിയിലെ കസേരയില്‍ ഇരിക്കാം. ശ്യാമന്‍ വരുംവരെ കാത്തിരിക്കാം. അല്ലെങ്കില്‍ പോകാം. പക്ഷേ, കിടപ്പുമുറിയില്‍ എന്താവശ്യമുണ്ടാകാനാണ്? ഒന്നുകില്‍ ബെഡ്റൂമിലെ ബള്‍ബ് മാറ്റിയിടാനോ അല്ലെങ്കില്‍ അലമാരയുടെ പുറത്തിരിക്കുന്ന എന്തെങ്കിലും എടുത്തുകൊടുക്കാനോ അങ്ങനെ എന്തെല്ലാം ആവശ്യം ഉണ്ടായിക്കൂടെന്നില്ല.
അഥവാ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നെറ്റിയിലെ പൊട്ടുനോക്കിയാല്‍ അറിയാം. പാതിമാഞ്ഞിരിക്കും എന്നാല്‍, ഇക്കാലത്ത് അങ്ങനെയൊരു അടയാളം കിട്ടുക പ്രയാസമാണ്. കാരണം സ്ത്രീകള്‍ സ്റിക്കര്‍ പൊട്ടുകളാണ് ധരിക്കുന്നത്. അതുകൊണ്ട് മിക്കവാറും പുരുഷന്റെ മീശയിലോ താടിയിലോ പറ്റിപ്പിടിക്കാറാണ് പതിവ്.
പിന്നെ മുടി മാടിയൊതുക്കി കെട്ടിവച്ച് വരുന്ന രംഗം അത് സര്‍വ്വസാധാരണമായ കാര്യം. മുടിയുടെ കാലം മുതല്‍ക്ക് പെണ്‍കൈകളെ വിടാതെ പിന്തുടരുന്ന മഹാവ്യാധി.
ഇനിയുള്ളത് ഭാവങ്ങളാണ്. ഭാവങ്ങള്‍ തെളിവുകളായി ആരും സ്വീകരിക്കുന്നില്ല, അതൊക്കെ തോന്നലുകളുടെ പട്ടികയില്‍ പെടുത്തി മാറ്റിവയ്ക്കാറാണ് പതിവ്. വന്നു കയറുമ്പോഴേ നല്ല തലവേദന ഉണ്ടായിരുന്നു. അതിനാല്‍ തലവേദനയും ഭാവങ്ങളും ഒരു കണ്‍ഫ്യൂഷനുണ്ടാക്കുന്നു.
എങ്കിലും ഇനി ഭാവങ്ങളിലേക്ക് കടക്കാം എബി കുരുവിളയുടെ മുഖം വല്ലാതെ വിളറിയിരിക്കുന്നു. ആവശ്യത്തില്‍ കൂടുതല്‍ ആരോഗ്യമുള്ള അയാള്‍ക്ക് അനിമീയ ഉണ്ടാകാന്‍ വഴിയില്ല. അപ്പോല്‍ അത് പരിഭ്രമത്തിന്റെ പകര്‍ച്ചയാകാണം. അയാളുടെ കണ്ണുകളില്‍ രക്ഷപ്പെടാനുള്ള വ്യഗ്രതയും. എബി കുരുവിളയ്ക്ക് തന്നെ കാണുമ്പോള്‍ രക്ഷപ്പെടണമെങ്കില്‍ തനിക്കിടഷ്ടമില്ലാത്ത എന്തു കാര്യമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? തന്റെ തലവേദന അയാള്‍ക്കൊരു അനുഗ്രഹമായി എന്നുവേണം പറയാം. അത്രയ്ക്കു സ്പീഡിലായിരുന്നു ബൈക്ക് പറന്നുപോയത്. നിഷ്കളങ്കനായ ശ്യാമന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ കത്തുന്ന തലവേദനയ്ക്കിടയിലും അങ്ങനെ ചിന്തിച്ചുപോയി.
പിന്നെ പാദസരത്തിന്റെ കാര്യം അതില്‍ നൂലുകൊണ്ടുള്ള ഏച്ചുപിടിക്കല്‍ ധാരാളമുണ്ട്. അതേ പറ്റി അന്വേഷിച്ചപ്പോള്‍ ഇതു കൂടെക്കൂടെ പൊട്ടിപോകുന്നു എന്നാണ് സുനീതി പറഞ്ഞത്. നമുക്കു നന്നാക്കാന്‍ കൊടുക്കാം എന്നു പറഞ്ഞപ്പോള്‍ എന്നാലും ഇത് പൊട്ടും എന്ന് അവള്‍ അതില്‍ തലോടികൊണ്ട് പറഞ്ഞിരുന്നു.
അപ്പോള്‍ കസേര ഒരു ഉപകഥ ഓര്‍ത്തു. അത് ശ്യാമന്‍ വിവാഹിതനാകും മുമ്പ് നടന്നതാണ്. അന്ന് അയാള്‍ക്ക് ഉദ്യോഗമായി ഒരു ഓണക്കേറാമൂലയില്‍ സഹമുറിയനുമൊത്ത് ഒരു ചെറിയ വീട് വാടയ്ക്കെടുത്ത് വാഴും കാലം.
പാദസരം പൊട്ടല്‍ പോലെ ഊരിതെറിച്ച സ്വര്‍ണമിഞ്ചിയായിരുന്നു ഏറെ കാലം അയാളുടെ ചിന്തയില്‍ ഉത്തരമില്ലാതെ കിടന്ന കഥാപാത്രം ഇനി നേരെ കഥയിലേക്ക് കടക്കാം. അല്ല കാര്യത്തിലേക്ക്. നേരം വൈകുന്നേരം ശ്യാമന്‍ ഓഫീസില്‍ നിന്ന് വാടകവീട്ടിലേക്കു വന്നു. അപ്പോള്‍ വാടകവീടിന്റെ മുന്‍വാതില്‍ പൂട്ടികൊണ്ട് സഹമുറിയന്‍ ഹേമന്ത്. ഒപ്പം ഒരു പുരുഷനും സ്ത്രീയും. ഹേമന്ത് തിടുക്കപ്പെട്ട് പറഞ്ഞു. "ഇത് കൂട്ടുകാരനും ഭാര്യയുമാ.." അവര്‍ മൂവരും ഇപ്പോള്‍ എബി കുരുവിള കാണിച്ചതുപോലെ രക്തമില്ലായ്മയും വേഗതയും പ്രകടിപ്പിച്ചു.
ഹേമന്ത് എന്തെങ്കിലും അധമത്വം കാണിച്ചുവോ എന്ന് ശ്യാമന് ദുര്‍ചിന്ത തോന്നി. ശ്യാമന്‍ നേരെ തന്റെ മുറിയിലേക്ക് കയറി. മുല്ലപ്പൂ സെന്റിന്റെ പൂത്തമണം. ചുളിഞ്ഞുയെന്ന് പറയാന്‍ പറ്റില്ല. ചുരുണ്ടുകൂടിയ ബെഡ്ഷീറ്റ്. തറയില്‍ വീണുകിടക്കുന്ന തലയിണ ശ്യാമന്‍ സൂക്ഷിച്ചു നോക്കി അയാളുടെ കണ്ണുതള്ളിപ്പോയി. കിടക്കയില്‍ നിറയെ തൂവല്‍ മിനിപ്പാര്‍ന്ന ചെറുമുടികള്‍. ഈ മുടിയെല്ലാം എങ്ങനെ പിഴുതുപോയി. പാവം ശ്യാമന്‍. അയാള്‍ അങ്ങനെയാണ് ചിന്തിച്ചത്.
അയാല്‍ മുറി സസൂക്ഷ്മം വീക്ഷിച്ചു. മുറിയുടെ മൂലകളിലൊക്കെ മുടികള്‍ ഫാന്‍ സ്പീഡിലിട്ടപ്പോള്‍ പറന്നു പറ്റിയതാകണം. പിന്നെയാണ് ആ അമൂല്യവസ്തു കണ്ണില്‍പ്പെട്ടത്. ഒരു സ്വര്‍ണ്ണമിഞ്ചി ഒരു പേപ്പര്‍ തുണ്ടുകൊണ്ടു അത് കോരിയെടുത്തു കളയാമെന്നാണ് ആദ്യം കരുതിയത്. പിന്നെ പൊതിഞ്ഞുവെച്ചു. ഈ മിഞ്ചി ഇത്രയും ദൂരെത്തേക്ക് കാല്‍ വിരലില്‍ നിന്ന് എങ്ങനെ ഊരിതെറിച്ചു? ഇത്രകാലമായിട്ടും ശ്യാമന് അതിനൊരുത്തരം കിട്ടില്ല.
ശ്യാമന്‍ പിന്നീട് മുറിമൊത്തം അടിച്ചുവാരി മുടിയും കിടക്കയും ചുരുട്ടിക്കൂട്ടി മുറ്റത്തിട്ട് മണ്ണെണ്ണയൊഴിച്ച് തീ കത്തിച്ചു.
പില്‍ക്കാലത്ത് ഈ പഴയ ഓര്‍മ്മയുടെ പേരില്‍ ശ്യാമന്‍ സുനീതിയുടെ കിടക്കവിരി ചുളിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. സുനീതിയുടെ കാല്‍വിരലില്‍ മിഞ്ചിയുണ്ടായിരുന്നില്ല, അതിനാല്‍ അത് തെറിപ്പിക്കല്‍ ശ്രമം ശ്യാമനു വേണ്ടിവന്നില്ല.
ഏതായാലും കഥ ഇവിടെ നില്‍ക്കട്ടെ നമുക്കു പോംവഴികളെക്കുറിച്ച് ആലോചിക്കാം.
പോംവഴികള്‍ - ഒരു സാധാരണ ഭര്‍ത്താവിനുള്ളത് “കുരുവിളേ ചായകുടിച്ചിട്ടു പോടോ. ഞാനൊന്നു കിടക്കട്ടെ തലവേദന ജാസ്തിയാണ്. സുനീതി ബാമെവിടെ?” ഇങ്ങനെ പുലമ്പിയിട്ട് ചുളുങ്ങിയ കിടക്കയില്‍ പൊട്ടിവീണ പാദസരത്തില്‍ പറ്റിചേര്‍ന്ന് കിടന്ന് സുഖശയനം നടത്താം.
സ്ത്രീ സ്വാതന്ത്യ്രത്തിന്റെ പുരോഗമന കാലഘട്ടത്തില്‍ പുരുഷനെ പോലെ ഈ വക കുസൃതികള്‍ സ്ത്രീകള്‍ക്കും ആകാമെന്ന തിരിച്ചറിവില്‍ ഫ്രിഡ്ജ് തുറന്ന് കുറച്ച് ഐസ് വാട്ടര്‍ കുടിച്ച് അവരോടൊപ്പം തമാശകള്‍ പങ്കിടാം. ഒന്നുകൂടെ കരളുറപ്പുണ്ടെങ്കില്‍ പുതിയ 'ഇര' എങ്ങനെയുണ്ട് എന്ന് ചോദിച്ച് വാത്സ്യായന ചര്‍ച്ചകള്‍ നടത്താം.
പക്ഷേ, ഇനിയുള്ളതാണ് സാധാരണ പുരുഷന്മാര്‍ അനുഷ്ഠിക്കാറുള്ളത്. മുകളില്‍ പറഞ്ഞതൊക്കെ അസാധാരണ ജനിറ്റിക്കല്‍ വിശേഷങ്ങളുള്ള പുരുഷന്മാര്‍ക്കുള്ളതാണ്.
ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് "കിടക്കമുറിയില്‍ അവനെന്തടീ കാര്യം" എന്നു പറഞ്ഞ് അവളുടെ മുതുകത്തിടിക്കുക ഉറക്കെ ബഹളംവച്ച് നാട്ടുകാരെ അറിയിച്ച് അവരെ ചിരിപ്പിക്കുക. വീട്ടിലുള്ള പാത്രങ്ങള്‍ നശിപ്പിക്കുക. ഒറ്റകുത്തിനു എബി കുരുവിളയെ അല്ലെങ്കില്‍ സുനീതിയെ തട്ടി നേരെ പോലീസ് സ്റേഷനില്‍ ചെന്ന് കീഴടങ്ങുക. അല്ലെങ്കില്‍ അവളെ കഷ്ണമാക്കി വല്ല കായലിലോ കടലിലോ നിക്ഷേപിക്കുക. മദ്യപിച്ച് ഓടകള്‍ മെത്തകളാക്കുക. അതുമല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക. അത് റെയര്‍ കേസിലേ സംഭവിക്കാറുള്ളൂ. കസേര ഒറ്റ ശ്വാസത്തിനു കാര്യങ്ങള്‍ അവതരിപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഇനി തീരുമാനമെടുക്കേണ്ടത് ശ്യാമനാണ്. കസേരകള്‍ ചിന്തിക്കാറേയുള്ളൂ.
ശ്യാമന്‍ ഒരു തീരുമാനമെടുക്കാനാകാതെ കുഴങ്ങി. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപ്പു, ശ്രാവണ്‍ അതുപോലുള്ള ജീവികള്‍ എത്രയും അപ്രസക്തങ്ങളാണ്. അതുകൊണ്ടാണ് അവരെപ്പറ്റി പ്രത്യേക പരാമര്‍ശനങ്ങള്‍ ഒന്നും ഉണ്ടാകാത്തത്.
ഏതായാലും ശ്യാമന്‍ നന്നേ വിഷമിച്ചു. താന്‍ എന്തുചെയ്യണം. ഇനി പാദസരപൊട്ടലുകള്‍ ഉണ്ടാകുന്നതിന് മുന്‍പു വേണം താനും തീരുമാനങ്ങളെടുക്കാന്‍. അയാള്‍ക്ക് ഇപ്പോള്‍ വല്ലാത്ത ദാഹം തോന്നി. ഫ്രിഡ്ജിലുണ്ടായിരുന്ന ഐസ് വാട്ടര്‍ തിരികെ വച്ചിട്ട് അയാള്‍ കാര്‍ എടുത്ത് കടല്‍ തീരത്തേക്ക് ഓടിച്ചുപോയി. കടല്‍ തീരത്തേ ശാന്തമായ അന്തരീക്ഷത്തില്‍ ചിന്തിച്ച് ഒരു തീരുമാനം എടുക്കാനാണ് വന്നത്. പക്ഷേ, ഇപ്പോള്‍ കടലേത്, ആകാശമേത്, മണല്‍ത്തിട്ടയേത,് ഇരുട്ടേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു അവസ്ഥയിലായിരിക്കുന്നു അയാള്‍.
അല്ലാതെ ഒരു പക്ഷേ, നിങ്ങള്‍ കരുതും പോലെ കടല്‍ അയാള്‍ക്കൊരു 'നൊസ്റാള്‍ജിയ' അല്ല.
Comments
Nannayirikkunnu . Nisahayamaya avasthaye nannayi thurannu kattunnu.vedanayude pankuvekkalukal ....
RSS feed for comments to this post