മതി, പീഡനങ്ങള്‍!
സുഗതകുമാരി
![]() |
|
ചെറിയ പ്രശ്നങ്ങളുടെ പേരില്‍പ്പോലും ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് ഭര്‍ത്താവിനും വ്ീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ സ്ത്രീപീഡനപരാതി നല്‍കാന്‍ മടിക്കുന്നില്ല. ഭര്‍ത്താവിനെയും മറ്റും അറസ്റ്റ് ചെയ്യിക്കാന്‍ അത് ധാരാളം. വാശിയുടെയും ദുരഭിമാനത്തിന്റെയും ഫലമാണ് ഇത്തരം സംഭവങ്ങള്‍. അത് തടയേണ്ടതുതന്നെ. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി ഉന്നത പോലീസുദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ കേസ് എടുക്കാവൂ എന്ന് സുപ്രീം കോടതി വ്യവസ്ഥ ചെയ്തത് നിയമത്തിന്റെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിനാലാണ്. അത് നല്ലതുതന്നെ എന്നാല്‍, അതിനപ്പുറം ദുരുപയോഗത്തിന്റെ പേരു പറഞ്ഞ് അത് ജാമ്യമില്ലാക്കുറ്റമല്ലാതാക്കുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെയാകും. നിയമത്തിന്റെയും വിവാദവകുപ്പിന്റെയും പരിരക്ഷ ആവശ്യമുള്ള ഒട്ടേറെ പേരെ ദോഷകരമായി ബാധിക്കുന്ന അത്തരമൊരു നടപടിക്ക് നിയമനിര്‍മാതാക്കള്‍ ഒരിക്കലും ശ്രമിക്കരുത്. |
ഗാര്‍ഹികപീഡനസംരക്ഷണനിയമപ്രകാരമുള്ള സഹായങ്ങള്‍ സ്ത്രീക്ക് നല്‍കാന്‍ ജോലിഭാരം മൂലം ഈ ഉദ്യോഗസ്ഥന് സാധിക്കാറില്ല. ആദ്യപരാതി കുറ്റമറ്റ രീതിയിലായാല്‍ മാത്രമേ നിയമത്തിന്റെ പരാമാവധി പരിരക്ഷ സ്ത്രീക്ക് കിട്ടുകയുള്ളൂ. പരാതിക്കാരിയെ സഹായിക്കേണ്ട ചുമതലയുള്ള പോലീസുദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും കളംമാറി പ്രതികളോടൊപ്പം നില്‍ക്കുന്നതാണ് നിയമത്തിന്റെ നടത്തിപ്പിലെ മറ്റൊരു പ്രശ്നം. പ്രതിഭാഗം പണം നല്‍കിയും മറ്റും ഇക്കൂട്ടരെ സ്വാധീനിക്കുന്നതോടെ ഇര ഒറ്റപ്പെട്ടുപോവുകയാണ്. ഇരുവിഭാഗത്തെയും അഭിഭാഷകര്‍ ഒത്തുകളിക്കുന്നതോടെ മജിസ്ട്രേട്ടിനുമുന്നിലെയോ അദാലത്തിലെയോ ഒത്തുതീര്‍പ്പുകളില്‍പ്പോലും പരാതിക്കാരി പൂര്‍ണമായും കബളിപ്പിക്കപ്പെട്ടു പോകുന്നു. പോലീസിന്റെയും പ്രോസിക്യൂട്ടര്‍മാരുടെയും ഭാഗത്തുനിന്നുള്ള ഇത്തരം നിയമലംഘനങ്ങള്‍ പരിശോധനകളിലൂടെ കണ്ടെത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. ഒത്തുകളിക്ക് തക്ക ശിക്ഷ കിട്ടുമെന്നുവന്നാല്‍ സ്ത്രീകള്‍ക്ക് നിലവിലുള്ള നിയമങ്ങളുടെ പരിരക്ഷ കുറെയെങ്കിലും ലഭ്യമാവും.
എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായി വീട്ടിനകത്തുണ്ടാവുന്നപീഡനം വര്‍ധിച്ചു വരുന്നത്? കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് പേരുകേട്ട ഇന്ത്യയിലാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുന്നത്. നാഷണല്‍ ക്രെെം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍, ഈയിടെയായി ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി വ്യാപകമാവുന്നുണ്ട്. ഇതേപ്പറ്റി മനസ്സിലാക്കാന്‍ ഗാര്‍ഹികാതിക്രമങ്ങളുടെ സ്വഭാവം വിലയിരുത്തേണ്ടതുണ്ട്. കുടുംബബന്ധങ്ങള്‍ താറുമാറാകാന്‍ പ്രധാനമായും രണ്ട് കാരണമാണുള്ളത്. ഒന്ന്, പുരുഷന്‍മാര്‍ക്കിടയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചതും ധാര്‍മിക മൂല്യങ്ങളില്‍ വന്ന അപചയവും ഭര്‍ത്തൃവീട്ടുകാര്‍ക്ക് സ്ത്രീധനത്തോടുള്ള അത്യാര്‍ത്തിയുമാണ്. കുടുംബത്തില്‍ സ്ത്രീകളോടുള്ള അതിക്രമം കൂടാന്‍ ഇതെല്ലാം പ്രധാന കാരണമാവുന്നു. ഭാര്യാ, ഭര്‍ത്താക്കന്മാര്‍ പരസ്പരം ചെറിയ തോതിലുള്ള വിട്ടുവീഴ്ചകള്‍ക്കുപോലും തയ്യാറല്ലെന്നതാണ് കുടുംബപ്രശ്നങ്ങള്‍ കൂടാനുള്ള രണ്ടാമത്തെ കാരണം.
ഒന്നാമത്തെ കാരണം കൊണ്ട് പുരുഷന്റെ അടിയും തൊഴിയും മറ്റ് മാനസിക പീഡനങ്ങളും സഹിച്ചുകഴിയുന്ന സ്ത്രീകള്‍ക്കാണ് 2005ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണനിയമത്തിന്റെ പരിരക്ഷ ഏറ്റവുമധികം ആവശ്യം. ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് അര്‍ധരാത്രി ഉടുതുണി മാത്രമായി അഭയം അഭ്യര്‍ത്ഥിച്ച് ഞങ്ങളെപോലുള്ളവരുടെ അടുത്തേക്ക് ഓടിവരുന്ന സ്ത്രീകള്‍ ഏറെയാണ്. വീട്ടിലെ ഇത്തരം പീഡനങ്ങളില്‍ നിന്ന് സ്ത്രീക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഗാര്‍ഹികപീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം. പുരുഷനോടൊപ്പം താമസിക്കുന്ന വീട്ടില്‍ തുടര്‍ന്നും താമസിക്കാനുള്ള അവകാശം, ഉപദ്രവിക്കുന്ന ആള്‍ പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ കയറരുതെന്ന ഉത്തരവ്, ജീവനാംശം, നഷ്ടപരിഹാരം, പീഡകരില്‍ നിന്നുള്ള സംരക്ഷണം എന്നീ ഉത്തരവുകള്‍ മജിസ്ട്രേട്ടില്‍ നിന്ന് ലഭിക്കാന്‍ നിയമം സഹായിക്കുന്നു. ആരുമില്ലാതെ തെരുവിലിറങ്ങേണ്ട അവസ്ഥയിലെത്തുന്ന സ്ത്രീക്ക് തക്ക സമയത്ത് ആശ്വാസവും സംരക്ഷണവും ഉറപ്പുനല്‍കുന്നതാണ് ഈ നിയമം.
അതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498(എ) വകുപ്പുപ്രകാരം സ്ത്രീകളെ ഇത്തരത്തില്‍ പീഡിപ്പിച്ചവര്‍ക്കെതിരെ കേസ് നടപടിയുമാവാം. ഈ വകുപ്പും സ്ത്രീസംരക്ഷണ നിയമവും പരസ്പര പൂരകമാണ്. ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ നടത്തുന്ന സ്ത്രീപീഡനത്തിനാണ് 498(എ) വകുപ്പുപ്രകാരം കേസെടുക്കുന്നത്. ജാമ്യമില്ലാവകുപ്പാണിത്. അതായത് പോലീസിന് ജാമ്യം അനുവദിക്കാനാവില്ല. അറസ്റ്റ് ചെയ്താല്‍ മജിസ്ട്രേട്ടാണ് വിവേചനാധികാരം വിനിയോഗിച്ച് ജാമ്യം നല്‍കേണ്ടത്. സമന്‍സ് നല്‍കാതെതന്നെ പോലീസിന് അറസ്റ്റ് ചെയ്യാനുമാവും. വളരെ ശക്തമായ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആക്ഷേപമുയര്‍ത്തിയാണ് വലിയൊരു വിഭാഗം ഭേദഗതി ആവശ്യപ്പെടുന്നത്. ഈ ആവശ്യം കൂടി മുന്‍നിര്‍ത്തി വേണം നിയമത്തിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കേണ്ടത്.
കുടുംബപ്രശ്നങ്ങളുണ്ടാകാനുള്ള രണ്ട് കാരണങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നുവല്ലോ. ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരാണ് 498(എ) ദുരുപയോഗിക്കുന്നത്. ചെറിയ പ്രശ്നങ്ങളുടെ പേരില്‍പ്പോലും ഭാര്യയും ഭാര്യവീട്ടുകാരും ചേര്‍ന്ന് ഭര്‍ത്താവിനും വ്ീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ സ്ത്രീപീഡനപരാതി നല്‍കാന്‍ മടിക്കുന്നില്ല. ഭര്‍ത്താവിനെയും മറ്റും അറസ്റ്റ് ചെയ്യിക്കാന്‍ അത് ധാരാളം. വാശിയുടെയും ദുരഭിമാനത്തിന്റെയും ഫലമാണ് ഇത്തരം സംഭവങ്ങള്‍. അത് തടയേണ്ടതുതന്നെ. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി ഉന്നത പോലീസുദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ കേസ് എടുക്കാവൂ എന്ന് സുപ്രീം കോടതി വ്യവസ്ഥ ചെയ്തത് നിയമത്തിന്റെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതിനാലാണ്. അത് നല്ലതുതന്നെ എന്നാല്‍, അതിനപ്പുറം ദുരുപയോഗത്തിന്റെ പേരു പറഞ്ഞ് അത് ജാമ്യമില്ലാക്കുറ്റമല്ലാതാക്കുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെയാകും. നിയമത്തിന്റെയും വിവാദവകുപ്പിന്റെയും പരിരക്ഷ ആവശ്യമുള്ള ഒട്ടേറെ പേരെ ദോഷകരമായി ബാധിക്കുന്ന അത്തരമൊരു നടപടിക്ക് നിയമനിര്‍മാതാക്കള്‍ ഒരിക്കലും ശ്രമിക്കരുത്.
സ്ത്രീയുടെ കെട്ടുതാലി വരെ ഊരിയെടുത്ത് വീട്ടില്‍ നിന്ന് പുറത്താക്കുന്ന പുരുഷന്മാരുടെ എണ്ണം നാട്ടില്‍ ഏറെയാണ്. പോലീസിലോ കോടതിയിലോ പരാതി നല്‍കാന്‍ അറിയാത്തതിനാല്‍ അവരുടെ കാര്യം കുറ്റകൃത്യങ്ങളുടെ ഔദ്യോഗികരേഖകളില്‍ വരുന്നില്ലെന്നു മാത്രം. സ്ത്രീയുടെ പരാതിയില്‍ 498(എ) പ്രകാരം കേസെടുക്കുമെന്ന് വരുമ്പോള്‍ മാത്രമാണ് അത്തരക്കാര്‍ മജിസ്ട്രേട്ടിനുമുമ്പാകെ ന്യായമായ ഒരു ഒത്തുതീര്‍പ്പിനും ജീവനാംശം നല്‍കാനും സമ്മതിക്കുന്നത്. അതിനാല്‍ 498(എ)യില്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കുകയാണെങ്കില്‍ അത് പീഡനങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാവും. ദുര്‍ബലരായ സ്ത്രീകള്‍ക്ക് മുന്നിലാണ് ഒരിക്കലും നീതിയുടെ പ്രകാശം ലഭിക്കാത്തത്. അവര്‍ക്ക് സഹായകമാവുന്ന നിയമങ്ങള്‍ ഇനിയുമുണ്ടാവട്ടെ.