ദാഹജലവും നിഷേധിക്കുന്നു!
എം വി ഗോവിന്ദന്‍ മാസ്റ്റര്‍
![]() |
|
ഒരു ലിറ്റര്‍ വെള്ളത്തിന് ‘വെറും 25 പൈസ’ നല്‍കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവില്‍ വാട്ടര്‍ അതോറിറ്റി ജനങ്ങളില്‍ നിന്ന് വാങ്ങുന്നത് 1000 ലിറ്ററിന് 4 രൂപ 20 പൈസയാണ്. ഇത്രയും ജലം ശുദ്ധീകരിക്കുന്നതും അതിന്റെ പരിപാലന ചിലവും വഴി അതോറിറ്റിക്ക് വരുന്ന ചിലവ് 12 രൂപയാണ്. ഇവിടെ കുറവ് വരുന്ന 8 രൂപയാണ് വാട്ടര്‍ അതോറിറ്റിയുടെ ധനകാര്യ പ്രതിസന്ധി. ആ തുക സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കും. എന്നാല്‍, ജനങ്ങളെ സഹായിക്കുന്ന അത്തരം ഗ്രാന്‍ഡുകളൊന്നും നല്‍കാതെ ജനങ്ങളില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി. ലിറ്ററിന് 25 പൈസ ചുമത്തുമ്പോള്‍ 1000 ലിറ്ററിന് 250 രൂപ നല്‍കേണ്ടി വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോലിറ്റര്‍ വെള്ളം വരെ സൌജന്യമായി നല്‍കുന്ന വാട്ടര്‍ അതോറിറ്റിയുടെ സ്ഥാനത്ത് പുതിയ കമ്പനി വരുമ്പോള്‍ 2500 രുപ എണ്ണി കൊടുക്കേണ്ടി വരും. പണം കൊടുത്തില്ലെങ്കില്‍ വെള്ളം കുടിക്കാതെ മരിക്കാം. അതാണ് ചാണ്ടി സ്റൈല്‍. |
2001ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു യുഡിഎഫ് കണ്‍വീനര്‍. അന്നായിരുന്നു കേരളാ വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള പൊതു സംവിധാനങ്ങളെ പറ്റി പഠിച്ച് അവ സ്വകാര്യവത്കരിക്കാനുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ സി ചൌധരി എന്ന ഉദ്യോഗസ്ഥനെ നിയോഗിക്കുന്നത്. അതിനെ തുടര്‍ന്ന് ഒരു ധവളപത്രം പുറത്തിറക്കുകയുണ്ടായി. അതിലെ കണക്കുകളും നിറം പിടിപ്പിച്ച നുണകളും തന്നെയാണ് ഇന്നും അവര്‍ അവലംബിക്കുന്നത്. പൊതു ടാപ്പുകള്‍ക്ക് മീറ്റര്‍വെക്കാനും ക്രമേണ ഇല്ലാതാക്കാനും അന്ന് ആന്റണി ശ്രമിച്ചു. മോഡേണൈസിംഗ് ഗവര്‍മെന്റ് പ്രോഗ്രാം (എം ജി പി) വഴി ജീവനക്കാര്‍ അധികമാണെന്നും മുണ്ട് മുറുക്കിയുടുക്കണമെന്നും യു ഡി എഫ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ചെറിയ പദ്ധതികള്‍ വരെ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണം എന്ന സിദ്ധാന്തം അവതരിപ്പിച്ച് അഴിമതി വ്യാപകമാക്കാനുള്ള പിന്നണിപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. അന്ന് ആന്റണി പുറത്തിറക്കിയ ജലനയം ജലസമ്പത്ത് കച്ചവടം നടത്താനുള്ള പരിപാടി ആയിരുന്നു. അത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ട നടപ്പിലാക്കലായി മാറി.
അക്കാലത്താണ് കുപ്രസിദ്ധമായ ‘ജിം’ അരങ്ങേറിയത്. കുറച്ച് നാളുകള്‍ മുമ്പ് ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ചു നടത്തിയ ‘എമര്‍ജിംഗ് കേരള’യുടെ പൂര്‍വരൂപം. വര്‍ഷത്തില്‍ 750 കോടി രൂപ വില നിശ്ചയിച്ച് പെരിയാറിനെ വില്‍പ്പനക്ക് വെച്ച പ്രോജക്ട് അന്ന് വിവാദമായി മാറി. അതിലൂടെ പ്രതിദിനം 2025 കോടി ലിറ്റര്‍ വെള്ളം ഊറ്റിയെടുക്കാനാണ് ഭരണക്കാരും കങ്കാണികളും പദ്ധതിയിട്ടത്. ചെറുകിട പദ്ധതികളെല്ലാം തന്നെ വിവിധ ഏജന്‍സികള്‍ക്കും നോണ്‍ ഗവര്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍ക്കും നല്‍കുന്നതിന് ആന്റണിസര്‍ക്കാര്‍ പദ്ധതിയിട്ടു. ആ കാലത്തും ഭരണകൂടത്തിന്റെ പിടിപ്പ് കേട് പ്രകടമായി. ജലമേഖലയും ജലസമ്പത്തിന്റെ പരിപാലനവും അവതാളത്തിലായി. കേരള വാട്ടര്‍ അതോറിറ്റിയെ ഒരു എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാക്കി മാറ്റുന്നതിനുള്ള രൂപരേഖവരെ യു ഡി എഫ് നേതൃത്വത്തില്‍ തയ്യാറാക്കി. അവസാനം ആ സര്‍ക്കാരിന്റെ നെറികേടുകള്‍ക്കെതിരെ ജനങ്ങള്‍ അതിശക്തമായി വിധിയെഴുതിയ ചരിത്രം നമുക്ക് മുന്നിലുണ്ട്.
ഇന്ന് കുറച്ചുകൂടി വ്യക്തതയോടെ ഉമ്മന്‍ചാണ്ടി അതേ നയം നടപ്പിലാക്കുകയാണ്. ജലവിഭവം വില്‍പ്പനക്കുള്ളതാണ് എന്ന് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നു. ഏ.ഛ(ങട)ചീ.103/2012/ണഞഉ റമലേറ 31122012 എന്ന സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള ഡ്രിങ്കിംഗ് വാട്ടര്‍ സപ്ളേ കമ്പനി ലിമിറ്റഡ് രൂപീകരിച്ചിരിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. സേവന മേഖലയിലെ സ്വകാര്യവല്‍ക്കരണം എന്ന ഉദ്ദേശത്തോടെ 2016 മാര്‍ച്ച് 31ന് മുന്‍പായി നാല് കമ്പനികള്‍ രൂപീകരിക്കാന്‍ പോവുകയാണ്. കേന്ദ്രഗവര്‍മെന്റ് പദ്ധതിയായ പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏര്യാസിന്റെ ഉള്ളടക്കം പ്രാവര്‍ത്തികമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച സപ്തധാരാ പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ ഈ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളി കൂടിയാണ്. കാരണം, 1984ലെ ഏഴാം കേരള നിയമസഭയുടെ 111-ാം ബില്‍ നിയമസഭാ സാമാജികര്‍ വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്ത് പാസാക്കിയതാണ്. ഈ ഉത്തരവ് ആ ആക്ടിനോടുള്ള വെല്ലുവിളികൂടിയാണ്. നിയമസഭയെ അവഹേളിക്കുന്ന, അവകാശലംഘനം നടത്തുന്ന നടപടിക്രമമാണ് ഈ ഉത്തരവ് പുറപ്പെടുവിപ്പിച്ചതിലൂടെ യു ഡി എഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര അവകാശങ്ങള്‍ ഈ കമ്പനിക്ക് മുന്നില്‍ അടിയറവ് വെക്കണമെന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറയുന്നത്.
പൊതുജല വിതരണ ശൃംഖലയെ ഇല്ലാതാക്കി കുടിവെള്ളത്തിന്റെ പേരില്‍ കൊളളയടിക്ക് ലക്ഷ്യമിടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വളരെ നിസാരമായാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരു ലിറ്റര്‍ വെള്ളത്തിന് ‘വെറും 25 പൈസ’ നല്‍കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിലവില്‍ വാട്ടര്‍ അതോറിറ്റി ജനങ്ങളില്‍ നിന്ന് വാങ്ങുന്നത് 1000 ലിറ്ററിന് 4 രൂപ 20 പൈസയാണ്. ഇത്രയും ജലം ശുദ്ധീകരിക്കുന്നതും അതിന്റെ പരിപാലന ചിലവും വഴി അതോറിറ്റിക്ക് വരുന്ന ചിലവ് 12 രൂപയാണ്. ഇവിടെ കുറവ് വരുന്ന 8 രൂപയാണ് വാട്ടര്‍ അതോറിറ്റിയുടെ ധനകാര്യ പ്രതിസന്ധി. ആ തുക സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കും. എന്നാല്‍, ജനങ്ങളെ സഹായിക്കുന്ന അത്തരം ഗ്രാന്‍ഡുകളൊന്നും നല്‍കാതെ ജനങ്ങളില്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഉമ്മന്‍ചാണ്ടി. ലിറ്ററിന് 25 പൈസ ചുമത്തുമ്പോള്‍ 1000 ലിറ്ററിന് 250 രൂപ നല്‍കേണ്ടി വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോലിറ്റര്‍ വെള്ളം വരെ സൌജന്യമായി നല്‍കുന്ന വാട്ടര്‍ അതോറിറ്റിയുടെ സ്ഥാനത്ത് പുതിയ കമ്പനി വരുമ്പോള്‍ 2500 രുപ എണ്ണി കൊടുക്കേണ്ടി വരും. പണം കൊടുത്തില്ലെങ്കില്‍ വെള്ളം കുടിക്കാതെ മരിക്കാം. അതാണ് ചാണ്ടി സ്റൈല്‍. 25 പൈസ നിരക്ക് സ്ഥായിയായ നിരക്കാണെന്നൊന്നും കരുതരുത്. അത് കൂട്ടുന്നതിന് ബദ്ധശ്രദ്ധരായി നില്‍ക്കുന്ന റഗുലേറ്ററി അതോറിറ്റി തുക പുതുക്കി കൂട്ടി നിശ്ചയിച്ചുകൊണ്ടേയിരിക്കും. ചുരുക്കി പറഞ്ഞാല്‍ ദാഹജലം നിഷേധിക്കുന്ന സര്‍ക്കാരായി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ മാറിയിരിക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് ജലവിഭവ രംഗത്ത് ഉണ്ടായിരുന്ന അവസ്ഥയും പ്രതിപാദിക്കേണ്ടതുണ്ട്. എ കെ ആന്റണിയുടെ കാലത്ത് ജലം വില്‍പ്പനയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത് മുകളില്‍ പറഞ്ഞിരുന്നു. ആ വലതുപക്ഷ കാഴ്ചപ്പാടിനെ തിരുത്തി കുറിക്കാനാണ് തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ പരിശ്രമിച്ചത്. 2008ല്‍ ജനകീയ ജലനയം പ്രഖ്യാപിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചു. സ്ഥാപന ശാക്തീകരണത്തിലൂടെ ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള വലതുപക്ഷ പരിപാടികള്‍ വലിച്ചെറിഞ്ഞു. ഒരു ഓഫീസുപോലും അടച്ചുപൂട്ടിയില്ല. പകരം പുതിയ ഓഫീസുകള്‍ കൊണ്ടുവന്നു. പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. വാട്ടര്‍ അതോറിറ്റിയുടെ 1006 കോടിരൂപ ബജറ്റുകളിലൂടെ എഴുതി തള്ളി. വായ്പകളുടെ മുതല്‍ 836.9 കോടി പലിശരഹിത ഫണ്ടാക്കി മാറ്റി. നോണ്‍പ്ളാന്‍ ഫണ്ട് വര്‍ധിപ്പിച്ചത് നൂറ് ശതമാനമായാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളായ ജന്‍ഡ്രം, യുഡിസ്മറ്റ് എന്നിവയിലൂടെ സ്പാന്‍ പദ്ധതിക്കായുള്ള 750 കോടി രൂപയുടെ ധനസഹായം വിനിയോഗിച്ചു. വാട്ടര്‍ അതോറിറ്റിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഏകജാലക സംവിധാനവും പ്രോജക്ടുകള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ പ്രോജക്ട് ഡിവിഷനുകളും രൂപീകരിച്ചു. ഹെല്‍പ്പ് ലൈന്‍ കൌണ്ടറുകളും ഹെല്‍പ്പ് ഡസ്കുകളും സ്ഥാപിച്ചു. ഐടി മാസ്റര്‍ പ്ളാന്‍ പദ്ധതിയായി ഇ- ഗവേണന്‍സ്, പൈപ്പ്ലൈന്‍ ചോര്‍ച്ച പരിഹരിക്കാന്‍ ബ്ളൂബ്രിഗേഡ്, ഉപഭോക്തൃ സൌഹൃദ സ്ഥാപനമാക്കുന്നതിന് പൌരാവകാശ രേഖ തുടങ്ങിയവ നടപ്പില്‍ വരുത്തി. വാസ്കോണ്‍ എന്ന കണ്‍സള്‍ട്ടന്‍സി വിംഗ് സ്ഥാപിച്ചു. ക്രോസ് സബ്സിഡി സ്വരൂപിക്കുന്നതിനായി കുപ്പിവെള്ള പ്ളാന്റ്, പൈപ്പ് ഫാക്ടറി എന്നിവ ആവിഷ്കരിക്കുന്നതിന് സ്റേറ്റ് റഫറല്‍ ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു.
എല്‍ ഡി എഫ് ഭരണകാലത്തെ സംസ്ഥാനത്തിന്റെ മികവിനെ കണക്കിലെടുത്ത് നാഷണല്‍ അര്‍ബന്‍ അവാര്‍ഡും ഉപഭോക്തൃ സൌഹൃദ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരവും നമ്മുടെ പൊതുജല വിതരണ സംവിധാനത്തെ തേടിയെത്തി. ഇടതുകാലത്തെ മികവിനൊപ്പം നടക്കാതെ ഇന്ന് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ വീണ്ടും ജലത്തെ വില്‍പ്പനക്ക് വെയ്ക്കുകയാണ്. ഇടതുപക്ഷ സമീപനത്തെ തൂത്തെറിഞ്ഞ് സ്വകാര്യവത്കരണ- ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കുകയാണ്. കുടിവെള്ളം നമ്മുടെ അവകാശമാണ്. അതിനെ ഉമ്മന്‍ചാണ്ടിയുടെയും വലതുപക്ഷത്തിന്റെയും തോന്ന്യവാസങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ പാടില്ല .
www.facebook.com/mvgovindan.master
Phone : 0484-2531920