അനുഭവങ്ങളില്‍ നിന്ന് നേടിയത്
രാജേഷ് ജോബോയ്
![]() |
|
സ്ത്രീകള്‍ വ്യാപകമായി ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നത് വളരെ ശരിയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പീഡനങ്ങള്‍ക്ക് ഇരയാകുന്ന കാലമാണ്. ഇരകള്‍ക്ക് സംരക്ഷണം നല്കുന്ന ഒരു സംവിധാനം സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്കാന്‍ കോടതികളും തയ്യാറാകണം. പ്രതിസ്ഥാനത്ത് എത്ര ഉന്നതരുണ്ടായാലും അവര്‍ക്ക് ശിക്ഷ കൊടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുമിച്ച് നില്ക്കണമെന്നാണ് എന്റെ അഭിപ്രായം. |
ജീവിതം പകര്‍ന്ന് നല്‍കിയ പാഠങ്ങള്‍
വളരെ ചെറിയ ജീവിതമാണ് എന്റേതെങ്കിലും ഞാന്‍ ഒരുപാട് പഠിച്ചു. പക്ഷേ ജീവിതത്തില്‍ നിരാശയൊന്നും തോന്നിയിട്ടില്ല. വളരെയേറെ മാനസികമായി തളര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിരവധിയുണ്ടായിട്ടും എങ്ങനെയൊക്കെയോ ഞാന്‍ അത്ഭുതകരമായിതന്നെ അതിനെയൊക്കെ അതിജീവിച്ചു. എല്ലാം ദൈവനിയോഗമെന്ന് പറയുന്നതാവും ശരി. പിന്നെ എന്റെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനയും എനിക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. എന്റെ ജീവിതത്തിലെ ദുരനുഭവങ്ങള്‍ എനിക്ക് കരുത്താണ് പകര്‍ന്നിട്ടുള്ളത്. നന്മ, തിന്മ, സ്നേഹം, ദയ, വെറുപ്പ്, അസൂയ ഇവയുടെയൊക്കെ വിവിധ ഭാവങ്ങള്‍ ഞാനനുഭവിച്ച് കഴിഞ്ഞു. എന്തുതന്നെയായാലും ഒരു കാര്യം ശരിയാണ്, നമ്മള്‍ പ്രതീക്ഷിക്കുന്നതും സ്വപ്നം കാണുന്നതും ഒന്നുമല്ല നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. പക്ഷേ ജീവിതത്തില്‍ വന്നു ചേരുന്ന സംഭവങ്ങളെ പോസിറ്റീവായി കാണണമെന്നാണ് എന്റെ അനുഭവം. ചെറിയ പ്രശ്നങ്ങള്‍ പോലും പലപ്പോഴും നമ്മെ വല്ലാതെ തളര്‍ത്താറുണ്ട്. എങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ മനസ്സ് പരുവപ്പെടുത്തിയേ തീരൂ. നമ്മള്‍ കരുതും പോലെയല്ല പലരും. എല്ലാവരെയും സ്നേഹിക്കണം. പക്ഷേ ആരെയും വിശ്വസിക്കരുത്. പിന്നെ സംഭവിക്കുന്നതെല്ലാം തലേവര എന്നു പറഞ്ഞ് നിരാശപ്പെടുന്നതില്‍ അര്‍ത്ഥമില്ല. ധൈര്യമായി ഈശ്വരവിശ്വാസത്തോടെ ജീവിതവുമായി മുന്നേറണമെന്നാണ് എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്.
അഭിനയിച്ചുകാണിക്കലല്ല സൌഹൃദം
ജീവിതത്തില്‍ സൌഹൃദങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നല്ല സൌഹൃദങ്ങള്‍ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയാണ് നമുക്ക് പകരുന്നത്. എനിക്ക് വളരെ വിപുലമായ സൌഹൃദങ്ങളൊന്നുമില്ല. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇപ്പോള്‍ സുഹൃത്തുക്കളായി ഉള്ളത്. അവരോട് പോലും നിരന്തരമൊന്നും സൌഹൃദങ്ങള്‍ പുലര്‍ത്തുന്ന ശീലമൊന്നുമില്ല. കുട്ടിക്കാലത്ത് എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. നാട്ടിലൊക്കെ ഒരുപാടു കളിക്കൂട്ടുകാര്‍ വീടിനടുത്തുണ്ടായിരുന്നു. അവരില്‍ അപൂര്‍വ്വം ചിലരുമായി ഇപ്പോഴും കുശലാന്വേഷണങ്ങളൊക്കെ നടത്താറുണ്ട്. സിനിമയില്‍ വന്ന കാലത്തൊക്കെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ചില സൌഹൃദങ്ങളില്‍ നിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ മൂലം ആ കൂട്ടുകെട്ടുകള്‍ ഞാന്‍ തന്നെ നിര്‍ത്തുകയായിരുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ നിന്നുപോലും ഒരുപാട് കയ്പേറിയ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. സത്യത്തില്‍ ഞാനേറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത സുഹൃത്തുക്കളാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളത്. വളരെ സ്വാര്‍ത്ഥതയോടെയാണ് അവരെന്നോട് പെരുമാറിയിട്ടുള്ളത്. വളരെയധികം കുശുമ്പും കുന്നായ്മയും എന്നോട് കാണിച്ചിട്ടുണ്ട്. എന്തുകൊണ്ടെന്ന് അറിയില്ല പലരും അസൂയയോടും എന്നോട് പെരുമാറിയിട്ടുണ്ട്. സുഹൃത്തുക്കളെപ്പോഴും നമ്മുടെ സന്തോഷത്തിലും വേദനയിലും പങ്ക് ചേരേണ്ടവരാണ്. പക്ഷേ എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗം പേരും അങ്ങനെയായിരുന്നില്ല. എന്റെ വേദനകളില്‍ എന്നെ ഒറ്റപ്പെടുത്താനും മാറിനിന്ന് കളിയാക്കാനുമാണ് പല സുഹൃത്തുക്കളും ശ്രമിച്ചിട്ടുള്ളത്. വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളില്‍ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് എന്നെ ഫോണ്‍ ചെയ്യാന്‍ പോലും തയ്യാറായത്. മാസങ്ങളോളം ഞാന്‍ മാനസികമായി ഏറെ വിഷമിച്ച് കഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കളാരും തയ്യാറായില്ല. എന്നെ വിളിക്കുമെന്നും എന്റെയരികില്‍ ഓടിയെത്തുമെന്നും ഞാനാഗ്രഹിച്ച സുഹൃത്തുക്കളാണ് എന്നെ തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറാകാതിരുന്നത്. ഞാനേറെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത സുഹൃത്തുക്കളുടെ തിരിച്ചടികള്‍ എന്നെ ഇന്നും വേദനിപ്പിക്കുകയാണ്. കൂടെപ്പിറപ്പുകളെന്നുകരുതിയ സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയ വേദനകള്‍ എനിക്ക് മറക്കാനാകില്ല. അതുകൊണ്ട് തന്നെ സൌഹൃദത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ഏറെയും കണ്ണീരിന്റെ രുചിയുള്ളതാണ്.
പ്രണയം ഒഴുകിക്കൊണ്ടേയിരിക്കുന്നു
പ്രണയം നല്ല ഒരു സ്നേഹഭാവമായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ജീവിതത്തില്‍ ആശ്വാസമേകുന്ന ഒരു വികാരം കൂടിയായി പ്രണയം എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പ്രണയിക്കുമ്പോള്‍ നമുക്ക് താങ്ങും തണലുമാണ് അനുഭവപ്പെടുന്നത്. പ്രണയം സത്യത്തില്‍ വലിയൊരു ആശ്വാസമാണ്. ജീവിതത്തില്‍ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ പ്രണയത്തിന്റേതെന്നാണ് തോന്നിയിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ കാണുന്ന പ്രണയങ്ങളില്‍ എത്രത്തോളം സത്യസന്ധതയുണ്ടെന്നറിയില്ല. കാപട്യവും സ്വാര്‍ത്ഥതയും നിറഞ്ഞ പ്രണയമാണ് നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. കേവലമൊരു വികാരത്തിനപ്പുറം നല്ല ഒരു അനുഭൂതിയായി പ്രണയങ്ങള്‍ മാറുന്നില്ല. പ്രണയത്തില്‍ സ്വാര്‍ത്ഥത കടന്നുകൂടിയതോടെ യഥാര്‍ത്ഥ പ്രണയത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ട് വരികയാണ്. പ്രണയം കാമുകീകാമുകന്മാര്‍ക്ക് മാത്രമുള്ളതല്ല, ആര്‍ക്കും ആരോടും പ്രണയമാകാം. ദൈവത്തിനോടും ആകാം. സുഹൃത്തുക്കളോടും ആകാം. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ പലരേയും പ്രണയിക്കുകയാണ്.
എന്റെ വീടെനിക്കെല്ലാമാണ്
എന്റെ ജീവിതത്തിന്റെ കരുത്ത് മാതാപിതാക്കളാണ്്. ഞാന്‍ തളര്‍ന്നുവീണ സന്ദര്‍ഭങ്ങളിലൊക്കെ എന്നെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് എന്റെ കുടുംബത്തിനാണ്. എന്റെ വേദനകളില്‍ എന്നോടൊപ്പം കരയാനും എന്നെ ആശ്വസിപ്പിക്കാനും അച്ഛനും അമ്മയും സഹോദരനും മാത്രമാണുണ്ടായിരുന്നത്. ഭൂമിയിലെ എല്ലാം നഷ്ടപ്പെട്ടു പോയെന്ന തോന്നിയപ്പോഴും എന്നെ താങ്ങി നിര്‍ത്തിയത് വീട്ടുകാര്‍ തന്നെയായിരുന്നു. എന്റെ റോള്‍ മോഡല്‍ എന്റെ അമ്മയാണ്. ഞാനെല്ലാം അമ്മയില്‍ നിന്നാണ് പഠിച്ചത്. പാചകവും വീട്ടുജോലിയുമൊക്കെ അമ്മയെന്നെ പഠിപ്പിച്ച് തരാറുണ്ട്. കുട്ടിക്കാലം മുതലേ അമ്മയെ അനുകരിച്ചാണ് ഞാന്‍ വളര്‍ന്നത്. അമ്മ പൂര്‍ണ്ണമായും ഒരു വീട്ടമ്മ തന്നെയാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ പാലിക്കേണ്ട എല്ലാ ശീലങ്ങളും അനുഷ്ഠാനങ്ങളും അമ്മയെന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍ ദൈവാനുഗ്രഹം കൊണ്ട് വഴക്കും ബഹളവുമൊന്നും ഉണ്ടാകാറില്ല. എപ്പോഴും സന്തോഷത്തിന്റെ നിമിഷങ്ങളാണ് എനിക്ക് വീട്ടില്‍ നിന്നു കിട്ടുന്നത്. മാതാപിതാക്കളുടെ സ്നേഹം എന്നെ എപ്പോഴും വീട്ടിലേക്കാണ് അടുപ്പിക്കുന്നത്. സിനിമയുടെ ജോലികളുമായി ബന്ധപ്പെട്ട് ദൂരങ്ങളിലൊക്കെ സഞ്ചരിക്കുമ്പോഴും എന്റെ മനസ്സ് വീട്ടില്‍ തന്നെയായിരിക്കും. മാതാപിതാക്കളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ കണ്‍കണ്ട ദൈവങ്ങള്‍. അവരോട് എപ്പോഴും സ്നേഹവും ആദരവും പുലര്‍ത്തുകയാണ് മക്കളുടെ കടമ. അക്കാര്യത്തില്‍ എനിക്ക് നൂറുശതമാനവും വിജയിക്കാന്‍ കഴിഞ്ഞെന്നാണ് എന്റെ വിശ്വാസം.
വിശ്വാസം പ്രകടനമല്ല
ദൈവവിശ്വാസമുണ്ടെങ്കിലും എനിക്ക് അമിതമായി ദൈവത്തെ വിശ്വസിക്കുന്നതിനോട് യോജിപ്പില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദൈവത്തെ വിളിക്കുന്ന രീതിയോട് എനിക്ക് താല്പര്യമില്ല. കാര്യം കാണാന്‍ വേണ്ടി ദൈവത്തിന് വഴിപാടൊന്നും ഞാന്‍ നേരാറില്ല. ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മനസ്സില്‍ എപ്പോഴും ദൈവമുണ്ടായിരിക്കും. അമ്പലത്തിലൊന്നും ഞാന്‍ പതിവായി പോകാറില്ല. പിന്നെ പിറന്നാളിന് സ്ഥിരമായി അമ്പലത്തില്‍ പോകാറുണ്ട്. ഗുരുവായൂരിലും മൂകാംബികയിലും നാട്ടിലെ കുടുംബക്ഷേത്രത്തിലുമാണ് ഞാന്‍ പോകാറുള്ളത്. കുട്ടിക്കാലത്ത് സന്ധ്യകളില്‍ വീട്ടില്‍ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടില്‍ എല്ലാ വീടുകളിലും ഈ പ്രാര്‍ത്ഥനയുണ്ടായിരുന്നു. കുട്ടികളൊക്കെ വൈകിട്ട് കളികളിലാണെങ്കിലും സന്ധ്യനേരത്ത് വീടുകളില്‍ വിളക്ക് വച്ചാല്‍ കൈയും കാലും കഴുകി വിളക്കിനരികിലിരുന്ന് സന്ധ്യാനാമം ചൊല്ലും. എല്ലാ വീടുകളിലും വളരെ ഉച്ചത്തിലായിരുന്നു കുട്ടികള്‍ സന്ധ്യാനാമം ചൊല്ലിയിരുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മയാണ് കുട്ടിക്കാലത്തെ ആ പ്രാര്‍ത്ഥന. മുതിര്‍ന്ന ശേഷം അത്തരം ശീലങ്ങളൊന്നുമില്ലെങ്കിലും സന്ധ്യാനേരത്ത് വീട്ടിലുണ്ടെങ്കില്‍ മനസ്സില്‍ സന്ധ്യാനാമം ചൊല്ലാറുണ്ട്.
വീട്ടിയാല്‍ തീരാത്തവ
നമ്മുടെ ജീവിതം എക്കാലത്തും ആരോടെങ്കിലുമൊക്കെ കടപ്പെട്ടതാണ്. മാതാപിതാക്കളോടും സഹോദരങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊക്കെ കടപ്പെട്ട് കിടക്കുകയാണ്. നമുക്ക് കിട്ടുന്ന ചെറിയ സഹായങ്ങളില്‍ പോലും വലിയ കടപ്പാടുകളാണുള്ളത്. എന്റെ ജീവിതം ഇന്നത്തെ നിലയിലെത്തിയതിന് എനിക്ക് പലരോടും കടപ്പാടുകളുണ്ട്. അവരുടെയൊക്കെ പേര് പറയുന്നതിലും നല്ലത് അവരോടുള്ള സ്നേഹം മനസ്സില്‍ കാത്ത് സൂക്ഷിക്കണമെന്നുള്ളതാണ്. ആര്‍ക്കെങ്കിലും സഹായം ചെയ്യാന്‍ കഴിയുന്ന അവസരങ്ങള്‍ പാഴാക്കരുത്. സ്നേഹിക്കാനും, കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്. പക്ഷേ ഇന്ന് കടപ്പാടുകള്‍ക്ക് വലിയ വില കല്പിക്കുന്നില്ലെന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്. സ്നേഹവും കടപ്പാടുകളും പലരും ബോധപൂര്‍വ്വം മറക്കുകയാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് തള്ളിവിടുന്ന ഇന്നത്തെ മക്കളോട് നമുക്ക് എങ്ങനെയാണ് കടപ്പാടിനെക്കുറിച്ച് പറഞ്ഞ് കൊടുക്കാനാകുന്നത്.
എനിക്ക് ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചൊന്നും വലിയ വിശ്വാസമില്ല. നല്ലത് ചെയ്താല്‍ നല്ലത് ലഭിക്കും എന്ന വിശ്വാസമാണുള്ളത്. ദൈവത്തെ മറന്ന് ഒന്നും പ്രവര്‍ത്തിക്കാതിരിക്കുക. കഴിവതും തിന്മ ചെയ്യാതിരിക്കുക, ആരെയും വേദനിപ്പിക്കാതിരിക്കുക. പക്ഷേ നമ്മുടെ ജീവിതം അറിഞ്ഞോ അറിയാതെയോ പലരേയും വേദനിപ്പിക്കാറുണ്ട്. തെറ്റ് സംഭവിച്ചാല്‍ മാപ്പ് പറയണം. ഞാനിപ്പോഴും വാക്ക് പാലിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. എന്റെ പെരുമാറ്റമോ വാക്കോ കൊണ്ട് മറ്റൊരാള്‍ വേദനിച്ചാല്‍ അതെനിക്കു സഹിക്കാനാകില്ല. എന്നെ വല്ലാതെ വിഷമിപ്പിക്കുന്ന സംഭവം കൂടിയായിരിക്കും അത്. എന്തെങ്കിലും ചെയ്യും മുമ്പ് ജോത്സ്യനെ കാണുന്നതിനോടൊന്നും എനിക്ക് താത്പര്യമില്ല. രാഹുകാലവും മറ്റും ഞാന്‍ നോക്കാറില്ല. നമ്മുടെ പ്രവൃത്തിമൂലം എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന് സമയത്തേയും കാലത്തേയും പഴി ചാരുന്നതിനോട് എനിക്ക് താത്പര്യമില്ല.
കിനാവുകാണും നേരം
എല്ലാവര്‍ക്കും എന്ന പോലെ എനിക്കും സ്വപ്നങ്ങളുണ്ട്. പക്ഷേ കാണുന്ന സ്വപ്നങ്ങളൊക്കെ സഫലമാകണമെന്നൊന്നും എനിക്ക് ആഗ്രഹമില്ല. സ്വപ്നങ്ങള്‍ എപ്പോഴും ജീവിക്കാനുള്ള നല്ല പ്രേരണയാണ്. നല്ല നല്ല സ്വപ്നങ്ങള്‍ കാണുന്നത് മനസ്സിനും നല്ലതാണ്. സ്വപ്നങ്ങള്‍ ഫലിക്കുമെന്ന വിശ്വാസമൊന്നും എനിക്കില്ല. സ്വപ്നം കണ്ടതൊക്കെ നേടാന്‍ വേണ്ടി പരിശ്രമിച്ചാല്‍ ലഭിക്കുമെന്നും എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിച്ചാല്‍ തീര്‍ച്ചയായും നമുക്ക് ലഭിക്കും. അതിന് ദൈവത്തിന്റെ പിന്തുണകൂടിയുണ്ടെങ്കില്‍ ഫലം നിശ്ചയം. ഇനിയും സിനിമയില്‍ നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ സ്വപ്നങ്ങള്‍.
ആഗ്രഹങ്ങളെന്തിന്
ഒന്നിനോടും അമിതമായ താല്പര്യമോ വെറുപ്പോ എനിക്കില്ല. കുട്ടിക്കാലം മുതലേ അത്തരമൊരു ശീലത്തോടെയാണ് ഞാന്‍ വളര്‍ന്നത്. ശരിക്കും പറഞ്ഞാല്‍ പരിമിതിയില്‍ നിന്നുകൊണ്ട് ജീവിക്കാനാണ് എന്നെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത്. അമിതമായി ആഗ്രഹിക്കുന്നത് നമുക്ക് ലഭിക്കാതെ പോയാല്‍ അത് നമ്മെവല്ലാതെ നിരാശപ്പെടുത്തും. അതുകൊണ്ട് അമിതമായ ആഗ്രഹങ്ങളൊന്നും ഞാന്‍ നടത്താറില്ല. തനി നാട്ടിന്‍പുറത്തുകാരിയായി വളര്‍ന്ന് വന്ന എനിക്ക് വലിയ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ അമ്മയെപ്പോലെ ഒരു വീട്ടമ്മയാകണമെന്നതായിരുന്നു. പക്ഷേ എന്തുകൊണ്ടോ അതിന് കഴിഞ്ഞില്ല. പക്ഷേ ഞാനൊരിക്കലും ആഗ്രഹിക്കാത്തതും സ്വപ്നം കാണാത്തതുമായിരുന്നു എന്റെ ഇന്നത്തെ ജീവിതം. വളരെയോറെ സൌഭാഗ്യങ്ങളുടെ നടുവിലാണ് ഇപ്പോള്‍ ഞാന്‍. ഒരു വീട്ടമ്മയാകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു നടിയാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്. എപ്പോഴും എനിക്ക് എന്റേതായ ചില ശീലങ്ങളുണ്ട്. പക്ഷേ അവയൊന്നും മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല. കൊച്ച് കൊച്ച് പിടിവാശികള്‍ പോലും എനിക്ക് ഇല്ലായെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
സ്ത്രീത്വം
സ്ത്രീകള്‍ വ്യാപകമായി ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്നത് വളരെ ശരിയാണ്. നമ്മുടെ പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല. എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പീഡനങ്ങള്‍ക്ക് ഇരയാകുന്ന കാലമാണ്. ഇരകള്‍ക്ക് സംരക്ഷണം നല്കുന്ന ഒരു സംവിധാനം സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാകണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്കാന്‍ കോടതികളും തയ്യാറാകണം. പ്രതിസ്ഥാനത്ത് എത്ര ഉന്നതരുണ്ടായാലും അവര്‍ക്ക് ശിക്ഷ കൊടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുമിച്ച് നില്ക്കണമെന്നാണ് എന്റെ അഭിപ്രായം. .