രാമദാസന്‍ മാഷിന്റെ,
സ്വന്തം ജീവിതപരീക്ഷണങ്ങള്‍
മിനി എം.ബി.

|
|
അര്‍ച്ചന ടീച്ചര്‍ ചിരിച്ചു. കുടവയറും താങ്ങി രാമദാസന്‍മാഷ് നടന്നുനീങ്ങി. മാഷിന് അമ്പത് വയസ് കാണുമോ..? അതോ നാല്‍പ്പത്തഞ്ചോ..? ആര്‍ക്കറിയാം. സ്ഥിരബിന്ദുവായി നില്‍ക്കുന്ന മാഷിന്റെ ജീവിതം! അതില്‍ വയസിനെന്തു പ്രാധാന്യം? അര്‍ച്ചന വിചാരിച്ചു. മാഷ് കല്ല്യാണം കഴിച്ചിട്ടില്ല. എങ്കിലും സ്കൂളിലൊരു സംസാരമുണ്ട്. മാഷ് കല്ല്യാണം കഴിച്ചിരിക്കുന്നത് സ്റോറിനെയാണെന്ന്. സ്റോറിനു തൊട്ടടുത്ത 6 ബി ക്ളാസാണ് മാഷിന്റെ. ക്ളാസ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മാഷിന്റെ ഒരു കണ്ണെന്നല്ല ഒന്നരക്കണ്ണും സ്റോറിലാണ്. അവിടെയിരിക്കുന്ന മാഷിന്റെ ഭാവം കണ്ടാല്‍ വല്ലാത്ത ഒരു സുരക്ഷിതത്വബോധം അനുഭവിക്കുന്നതായി തോന്നും. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിന്റെ ചുമതലയും മാഷിനാണ്. സ്കൂളില്‍ ഉച്ചഭക്ഷണത്തിന് കറിയില്‍ ചേര്‍ക്കാന്‍ ഒരുപിടി പയറോ, കുറച്ച് വാഴയ്ക്കയോ ഒക്കെയുണ്ടാവും മാഷിന്റെ വകയായിട്ട്. ഇങ്ങനെയുള്ള പച്ചക്കറികള്‍ സൂക്ഷിക്കുന്നതും സ്റോറിലാണ്.
'മാഷേ... ഇന്ന് സ്റാഫ്മീറ്റിങ്ങ് ഉണ്ട്.'
'ഉവ്വ് ടീച്ചറേ... നടന്നോളൂ... ഞാനും വര്വാ...'
കോണിപ്പടി കയറി സ്റാഫ്റൂമില്‍ എത്തുമ്പോള്‍ ഏറെക്കുറെ എല്ലാവരും എത്തിയിട്ടുണ്ട്. ഹെഡ്മാസ്റര്‍ വരുകയേ വേണ്ടു തുടങ്ങാന്‍. കാര്യമായ എന്തൊക്കെയോ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എച്.എം കടന്നുവന്നു. എല്ലാവരും ഒന്നെഴുന്നേറ്റുനിന്നു. മാഷ് എല്ലാവരേയും ഒന്നുനോക്കി. വരാത്തവരെ തെരയുകയാണ് ആ കണ്ണുകള്‍.
'ഒന്നാം ക്ളാസുകാര്‍...' മാഷ് ചോദിച്ചു.
'ഒരാള്ണ്ട് മാഷേ... ചെറിയ കുട്ടികളെ ഇട്ടിട്ട് എല്ലാവര്‍ക്കും കൂടി വരാന്‍ കഴിയില്ല. രണ്ടാള് ക്ളാസ് നോക്കുന്നുണ്ട്.' ശ്രീലതടീച്ചര്‍ പറഞ്ഞു.
'പ്രീ-പ്രൈമറീന്ന് ആരാ..?'
രജനിടീച്ചര്‍ മൊത്തം പ്രീ-പ്രൈമറിവിഭാഗത്തിന്റെ പ്രതിനിധിയായി എണീറ്റ് നിന്നു. 'ആരു വന്നാലും ശരി, കാര്യങ്ങള്‍ എത്തണം. അറിഞ്ഞില്ലാന്ന് പറയരുത് പിന്നെ...'
മാഷ് പതിവുവാചകങ്ങള്‍ ഉരുവിട്ടു. ആരും മിണ്ടിയില്ല. വെള്ളിയാഴ്ചയായതിനാല്‍ ഉച്ചയ്ക്ക് പള്ളിയില്‍ പോയിരുന്ന ജലീല്‍മാഷ് അകത്തേക്ക് കടന്നുവന്നു.
'ഇന്നത്തെ പ്രധാന വിഷയം നമുക്ക് പ്രത്യേകമായിട്ട് ഒരു ലാബ് വേണം എന്നതാണ്. ഈ വര്‍ഷം അന്താരാഷ്ട്ര രസതന്ത്രവര്‍ഷമാണ്.900 കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി സ്കൂളില്‍ ലാബ് ഇല്ലെന്ന് വന്നാല്‍ അതൊരു മോശാണ്. ലാബിന്റെ സാധനങ്ങള്‍ അലമാരക്കകത്ത് ഇരുന്നാല്‍ പോര.' എച്.എം ഒന്നു നിര്‍ത്തി, എല്ലാവരേയും ഒന്നു നോക്കി. മര്‍മപ്രധാനമായ ഭാഗമാണ് ഇനി പറയാന്‍ പോകുന്നതെന്ന് അര്‍ച്ചന കണക്കുകൂട്ടി.
'അതുകൊണ്ട് ലാബിന് പ്രത്യേകമായൊരു മുറി വേണം. കുട്ടികള്‍ക്ക് പരീക്ഷിച്ച് പഠിക്കാന്‍ കഴിയണം. അതാണ് ഇന്നത്തെ അജണ്ട. ഇപ്പൊ തല്‍ക്കാലം ഒരു മുറിയും ഇവിടെ ഒഴിവില്ലാത്ത സ്ഥിതിക്ക് എങ്ങനെ എവിടെ ലാബ് സെറ്റ് ചെയ്യാമെന്ന കാര്യം നമ്മള്‍ തീരുമാനിക്കണം.'
സ്റാഫ്റൂമിന്റെ എല്ലാ ഭാഗത്തുനിന്നും ഒരു പിറുപിറുപ്പ് രൂപപ്പെട്ടു. ചിലര്‍ ഇതെത്ര കേട്ടതാ എന്ന മട്ടില്‍ പുറത്തേക്ക് നോക്കിയിരുന്നു. ആരും എണീറ്റ് ഒന്നും പറയാതായപ്പോള്‍ എച്.എം വീണ്ടും പറഞ്ഞു.
'എന്തായാലും വഴി നിങ്ങള്‍ തന്നെ പറയണം. ഏകപക്ഷീയമായി ഞാന്‍ തീരുമാനം എടുത്തൂന്ന് പിന്നെ പറയരുത്.' തുടര്‍ന്നുള്ള അല്‍പ്പസമയം പുഴുവിനെപ്പോലെ ഇഴഞ്ഞ് കടന്നുപോയി. അവസാനം സ്റാഫ് സെക്രട്ടറി സന്തോഷ്മാഷ് എഴുന്നേറ്റു.
'ഇതെന്റെ സ്വന്തം അഭിപ്രായമാണ്. സ്റാഫ്സെക്രട്ടറി എന്ന നിലയിലല്ല ഞാനീ പറയണത്.'
മാഷ് നിര്‍ത്തി. മാഷ് പറയുന്നത് കേള്‍ക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ഓരോരുത്തരും ഏതെങ്കിലും വിധത്തില്‍ മാഷോട് കടപ്പെട്ടവരാണ് എന്നതാണ് സത്യം. സെന്‍സസ്ഡ്യൂട്ടി സമയത്ത് രാമദാസന്‍മാഷ് അറസ്റിലാവാതിരുന്നത്, സന്തോഷ്മാഷ് രാപകല്‍ സ്കൂളിലിരുന്ന് മാഷിന്റെ പണി കൂടി എടുത്തുകൊടുത്തിട്ടാണ് എന്നത് അറിയാത്തവരായി ആരും തന്നെ അവിടെയില്ല. കാര്യമല്ലാത്ത ഒന്നും മാഷ് പറയില്ല എന്നതിനാല്‍ നേരത്തെ സാ മട്ടില്‍ ഇരുന്നവരും മാഷില്‍ കണ്ണുറപ്പിച്ചു.
'രണ്ടുമൂന്ന് വഴികളുണ്ട് മാഷേ.... ഒന്ന് നമ്മുടെ ഒരു ക്ളാസ് ഹാളിലേക്ക് മാറ്റുക. എന്നിട്ട് ആ മുറി ലാബായി ഉപയോഗിക്കുക. മറ്റൊന്ന് ഇപ്പോള്‍ ഉപയോഗിക്കാത്ത വര്‍ക്കഷോപ്പിന്റെ ഒരു ഭാഗത്ത് ലാബ് സെറ്റ് ചെയ്യുക.
' എച്.എം ചാടിയെണീറ്റു.
'വര്‍ക്കഷോപ്പ് ലാബാക്കാന്‍ പറ്റില്ല. അത് കാലാകാലമായി വര്‍ക്ക്ഷോപ്പായി ഉപയോഗിക്കുന്നതാണ്. ഞാനായിട്ട് അതിനൊരു മാറ്റം വരുത്തില്ല.'
സന്തോഷ്മാഷ് ശാന്തനായി. അപ്പോള്‍ രാമദാസന്‍മാഷ് പ്രവേശിച്ച് ഒരു ബെഞ്ചിന്റെ അരികിലായി ഇരിപ്പുറപ്പിച്ചു.
'തടിയന്‍ വന്നു.'
ലീലാമണിടീച്ചര്‍ പറഞ്ഞു. രാമദാസന്‍മാഷെ 'ഡാ... രാമാ...' എന്ന് വിളിക്കാന്‍ സ്വാതന്ത്യ്രമുള്ള ലീലാമണിടീച്ചര്‍ പറയുന്നത് കേട്ട് ലീനടീച്ചര്‍ ഒന്നു ചിരിച്ചു.
'ഇനി ഒരഭിപ്രായം കൂടിയുണ്ട് എനിക്ക്. നമ്മുടെ സ്റോറിന്റെ ഒരു ഭാഗം ലാബായി ഉപയോഗിക്കുക. പാഠപുസ്തകവിതരണം ഇപ്പോള്‍ സ്റോറിലൂടെയല്ലല്ലോ. അപ്പോള്‍ ഇത്ര വലിയ റൂം ആവശ്യമില്ല.'
സന്തോഷ്മാഷ് പറഞ്ഞുനിര്‍ത്തി. രാമദാസന്‍മാഷ് ചാടിയെണീറ്റു. മാഷ് വികാരവിക്ഷുബ്ധനായി.
'അത് പറ്റില്ല. ഞാനുള്ളപ്പൊ അത് നടക്കില്ല. സ്റോറിന്റെ ഒരു ഭാഗം ലാബാക്കണമെങ്കില്‍ ഇടയിലൊരു ചുമരും, എന്റെ സ്റോറിന് വേറേ വാതിലും വേണം.'
എല്ലാവരും ഒരു സ്തംഭനാവസ്ഥയിലായി. അതുവരെ നിശ്ശബ്ദയായി ഇരുന്ന സീനിയര്‍മോസ്റ്റ് ടി.പി.കെ എന്ന് വിളിക്കുന്ന ടി.പ്രസന്നകുമാരി ടീച്ചര്‍ എണീറ്റു.
'മാഷേ... ഇത് ഗവണ്‍മെന്റ് സ്കൂളാണ്. ഇവിടുത്തെ ഒരു റൂമും ഒരാള്‍ടേം സ്വന്തമല്ല. നമ്മളാരും വീട്ടീന്ന് കൊണ്ട്വന്ന് കെട്ടീതല്ല ഈ സ്കൂള്‍. കുട്ട്യോള്‍ടെ സൌകര്യത്തിന് എന്ത് വിട്ടുവീഴ്ചയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.'
പറഞ്ഞ് അവസാനമായപ്പോള്‍ ടീച്ചറുടെ കണ്ണു നിറയുകയും, ചുണ്ട് വിതുമ്പുകയും ചെയ്തു. അന്തരീക്ഷത്തിലെ പിരിമുറുക്കം എല്ലാവരേയും ബാധിച്ചതായി തോന്നി. ആരും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. രാമദാസന്‍മാഷ് വീണ്ടും എണീറ്റു. ഇക്കുറി ശബ്ദം ഒന്നു പതറിയിരുന്നു.
'ഞാനീ സ്കൂളില്‍ വന്നിട്ട് 20 വര്‍ഷായി. വന്ന കൊല്ലം ഏറ്റെടുത്തതാ ഈ സ്റോര്‍. ഇങ്ങനൊരു കാര്യം ഇന്നുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. ഒരു കാര്യം ചെയ്യാം.റൂം മാത്രല്ല, ഞാനീ സ്റോറിന്റെ ചാര്‍ജും ഒഴിയാം. പക്ഷെ എനിക്ക് സൊസൈറ്റിയുടെയും, സ്റോറിന്റെയും കണക്കുകള്‍ ശരിയാക്കാന്ണ്ട്. എന്നിട്ട് ഞാന്‍ മാറിത്തരാം. ആരാന്ന് വെച്ചാ അതിന്റെ ചാര്‍ജ് എടുത്തോളൂ..'
മാഷ് ഇരുന്നുകൊണ്ട് മുഖം തുടച്ചു. അര്‍ച്ചനടീച്ചറുടെ കാതില്‍ ബിന്ദുടീച്ചര്‍ പിറുപിറുത്തു.
'അയാള്‍ പെന്‍ഷന്‍ ആവണ വരെ കണക്ക് ശരിയാക്കില്ല. ശരിയാക്കിയാലല്ലേ റൂം ഒഴിഞ്ഞുകൊടുക്കണ്ടു.'
അതുവരെ എല്ലാം കേട്ടിരുന്ന ജലീല്‍മാഷ് പറഞ്ഞു.
'മാഷെ.. കുട്ടികളെ എന്തായാലും ഹാളിലേക്ക് മാറ്റണ്ട എന്നാണ് എന്റെ അഭിപ്രായം. അവിടെ ഇപ്പൊത്തന്നെ രണ്ടുക്ളാസ്ണ്ട്. മൂന്നാമതൊരു ക്ളാസ് വന്നാല്‍ മൂന്നു ക്ളാസും കുളമാവും. പിന്നെ ആകെയുള്ള വഴി നമ്മള്‍ സ്റാഫ്റൂം ഒഴുഞ്ഞുകൊടുക്കുക എന്നതാണ്.'
മാഷ് എല്ലാവരേയും നോക്കി. സംഭവത്തിന്റെ ഗതി മാറിയിട്ടും ആരും പ്രതികരിച്ചില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ ബിന്ദുടീച്ചര്‍ എഴുന്നേറ്റുപറഞ്ഞു.
'ഞങ്ങള്‍ എവിടെയെങ്കിലും ഇരുന്നോളാം മാഷേ... ഞങ്ങള്‍ക്കൊരു റൂം വേണ്ട. ഓഫീസ്റൂമിന്റെ ഒരു മൂലയില്‍ ഇരിക്കുന്നതുകൊണ്ട് മാഷ്ക്ക് ബുദ്ധിമുട്ടുണ്ടോ?'
'എനിക്കൊരു വിഷമവുമില്ല.'
എച്.എം. സന്തുഷ്ടനായി പറഞ്ഞു.
'എന്നാ തല്‍ക്കാലം അങ്ങനെ തീരുമാനിക്കാം..ലെ..'
കാര്യങ്ങള്‍ ഒച്ചപ്പാടില്ലാതെ പരിഹരിച്ചതില്‍ എച്.എം തൃപ്തനാണ് എന്ന് തോന്നി. എല്ലാവരും കൂടി ഒത്തൊരുമിച്ച് ഇരിക്കുന്നതിലുള്ള സുഖം നഷ്ടപ്പെട്ടതിലുള്ള അരോചകത്വം ചിലരിലെങ്കിലുമുണ്ട്. രാമദാസന്‍മാഷിന്റെ ചിരിക്ക് ഇപ്പോള്‍ വേണ്ടത്ര തെളിച്ചമില്ല. സ്റാഫ്മീറ്റിങ്ങില്‍ എന്തൊക്കെ പറഞ്ഞാലും, അത് കഴിഞ്ഞാല്‍ ആ കാര്യവും കഴിഞ്ഞു. പിന്നെ അതാരും മനസ്സില്‍ വെച്ചിരിക്കുകയില്ല. എങ്കിലും ഇതത്ര വേഗം മറക്കാന്‍ മാഷിന് കഴിയുകയില്ല എന്ന് അര്‍ച്ചനക്ക് തോന്നി. ഏത് ശരി, ഏത് തെറ്റ് എന്ന് വിവേചിച്ചറിയാന്‍ നമുക്ക് പലപ്പോഴും കഴിയുകയില്ല. എല്ലാം ആപേക്ഷികമാണ്. മാഷെ കുറിച്ചോര്‍ത്തപ്പോള്‍ അര്‍ച്ചനക്ക് വിഷമം തോന്നി. ഇതില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല എന്നും തോന്നി. ക്ളാസ്റൂമില്‍ ചെന്ന് ബാഗെടുത്ത് നടക്കുമ്പോള്‍ മുമ്പില്‍ വനജടീച്ചര്‍. ടീച്ചറോടൊപ്പം പുറത്തിറങ്ങുമ്പോള്‍ സ്കൂള്‍മുറ്റമ തീര്‍ത്തും ഒഴിഞ്ഞിരുന്നു. സ്റോര്‍ തുറന്നിട്ടുണ്ട്. വനജടീച്ചര്‍ അതു കണ്ടോ ആവോ? ടീച്ചര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
'ഇവിടെ ജീവനില്ലാത്ത അരിക്കും, വിറകിനും, ബുക്കിനും നല്ല ക്ളാസ്റൂമുണ്ട്. ജീവനുള്ള കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ റൂമില്ല.'
അര്‍ച്ചന ഒന്നും പറയാതെ വെറുതെ തലയാട്ടി. സ്റോറിന്റെ ജനലിനരികില്‍ എത്തിയപ്പോള്‍ ഉള്ളിലേക്ക് നോക്കാതിരിക്കാനായില്ല അര്‍ച്ചനക്ക്. നീളമുള്ള ചൂല്‍ കൊണ്ട് മാറാല തട്ടുകയാണ് രാമദാസന്‍മാഷ്!.
E-mail: This e-mail address is being protected from spambots. You need JavaScript enabled to view it
Comments
RSS feed for comments to this post