ജെഎൻയു വിദ്യാർഥികളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി എം.എ. ബേബിയും വി. ശിവദാസനും
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും രാജ്യസഭാംഗം വി. ശിവദാസനും എത്തി. സമരത്തിന്റെ പത്താം ദിവസമാണ് മൂന്ന് യൂണിയൻ ഭാരവാഹികൾ ഉൾപ്പെടെ നിരാഹാരമിരിക്കുന്ന 12 വിദ്യാർഥികൾക്ക് ഇരുവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
യൂണിയൻ ഭാരവാഹികളുടെ സസ്പെൻഷൻ പിൻവലിക്കുക, ആഭ്യന്തര പ്രവേശന പരീക്ഷാ സംവിധാനം പുനഃസ്ഥാപിക്കുക, ലൈംഗികാതിക്രമങ്ങൾക്കെതിരായ ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി (ജിഎസ്സിഎഎസ്എച്ച്) പുനഃസ്ഥാപിക്കുക, തകർച്ച നേരിടുന്ന ക്യാമ്പസ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചത്. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര, വൈസ് പ്രസിഡന്റ് കെ. ഗോപിക, ജനറൽ സെക്രട്ടറി സുനിൽ യാദവ് എന്നിവരും മറ്റ് ഒമ്പത് വിദ്യാർഥികളുമാണ് സമരത്തിലുള്ളത്.
സർവകലാശാലയിലെ സബർമതി പോയിന്റിൽ സമരക്കാരെയും വിദ്യാർഥികളെയും അഭിസംബോധന ചെയ്ത എം.എ. ബേബി, പാർട്ടി പ്രവർത്തകർ, കർഷകർ, ബുദ്ധിജീവികൾ എന്നിവരുടെ പേരിൽ സമരത്തിന് പിന്തുണ അറിയിച്ചു.
ജനാധിപത്യ പ്രക്രിയകൾക്കെതിരായ ആക്രമണങ്ങളും വ്യാപകമായ അടിച്ചമർത്തലുകളും രാജ്യത്ത് നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമത്വത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളുന്ന തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂണിയൻ ഭാരവാഹികളെ പുറത്താക്കിയത് അന്യായമാണെന്നും ബേബി പറഞ്ഞു. ജെഎൻയുവിലെ വിദ്യാർഥി നേതാക്കൾക്കെതിരായ നടപടിയെയും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് പൗരന്മാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനെയും അദ്ദേഹം താരതമ്യം ചെയ്തു.
“തിരഞ്ഞെടുക്കപ്പെട്ട യൂണിയന്റെ നേതൃത്വത്തെ പുറത്താക്കിയതിനെതിരെയാണ് നിങ്ങൾ നിരാഹാര സമരം നടത്തുന്നത്. ജ്ഞാനേഷ് കുമാറിനെ ഉപയോഗിച്ച് നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ പൗരന്മാരെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണ്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളുകയും ചൂഷണവും അടിച്ചമർത്തലും ഇല്ലാത്ത സമത്വസമൂഹം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ പുറത്താക്കുന്നത്,” ബേബി പറഞ്ഞു.
കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുകയും വർഗീയ ധ്രുവീകരണത്തിലൂടെ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. പൊതുജീവിതത്തിൽനിന്ന് വർഗീയ വിഷം തുടച്ചുനീക്കേണ്ടതിന്റെ ദീർഘകാല പ്രാധാന്യവും ബേബി ചൂണ്ടിക്കാട്ടി. വൈസ് ചാൻസലറുടെ ശിക്ഷാനടപടികളെ വിദ്യാർഥി പ്രസ്ഥാനം പരാജയപ്പെടുത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും ജെഎൻയു പോലുള്ള സർവകലാശാലകളിൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള അധികൃതരുടെ ശ്രമങ്ങളെയും വി. ശിവദാസനും വിമർശിച്ചു. അക്കാദമിക് വകുപ്പുകൾക്കും ലൈബ്രറികൾക്കും പകരം പൊലീസ് സ്റ്റേഷനുകൾക്കും സുരക്ഷാ സംവിധാനങ്ങൾക്കുമായി വിഭവങ്ങൾ ചെലവഴിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. വിദ്യാർഥികളുടെ സമരം ഇന്ത്യൻ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ശിവദാസൻ വ്യക്തമാക്കി.