ദേശീയപതാക ഉയർത്തുന്നത് കുറ്റമാണോ? കേന്ദ്രത്തെയും ഡൽഹി പൊലീസിനെയും വിമർശിച്ച് അഭിജീത് ദിപ്കെ
ജന്തർ മന്തറിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച സിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതിനെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെയും രൂക്ഷമായി വിമർശിച്ച് അഭിജീത് ദിപ്കെ. കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ കടുത്ത വിമർശനമുയർത്തിയ അദ്ദേഹം, രാജ്യത്ത് ത്രിവർണ്ണ പതാക ഉയർത്തുന്നത് കുറ്റകരമാണോയെന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം ചോദിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് പൊതുസ്ഥലങ്ങളിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച സ്വാതന്ത്ര്യസമര സേനാനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന നടപടികളോടാണ് ഇപ്പോഴത്തെ സംഭവങ്ങളെ അദ്ദേഹം ഉപമിച്ചത്.
ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സിജെപി നേതാക്കൾ മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുരക്ഷാ ബാരിക്കേഡുകളും ഗേറ്റുകളും മറികടന്ന് ജന്തർ മന്തറിലെത്തിയ അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ നേതാക്കൾ ദേശീയപതാക വീശി മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിന് പിന്നാലെ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു വർഷത്തേക്ക് സമാധാനലംഘനം നടത്തരുതെന്ന വ്യവസ്ഥയോടെ ജാമ്യത്തിൽ കഴിയുകയായിരുന്ന നേതാക്കൾ ജാമ്യവ്യവസ്ഥ ലംഘിച്ച് ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാണ് പൊലീസിന്റെ ആരോപണം. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്.
അതേസമയം, സിജെപി നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അറസ്റ്റിനെ കടുത്ത ഭാഷയിൽ അപലപിച്ചു. ദേശീയപതാകയുമായി പ്രതിഷേധിച്ചതിന്റെ പേരിൽ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയും അഞ്ച് ദിവസത്തെ റിമാൻഡും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.