യുപിയിൽ 181 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്; ഇന്ത്യാ സഖ്യം ഒറ്റക്കെട്ടെന്ന് അഖിലേഷ് യാദവ്
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 181 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഡൽഹിയിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 403 അംഗ നിയമസഭയിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി തുടരുമെന്നും നിലവിലെ സഖ്യത്തിൽ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അഖിലേഷ് വ്യക്തമാക്കി. ബിഎസ്പി അധ്യക്ഷ മായാവതിയുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ മോഷ്ടിക്കപ്പെട്ടുവെന്ന ആരോപണം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഭക്തരുടെ മതവികാരം സംരക്ഷിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് വിമർശിച്ച അദ്ദേഹം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിച്ച് ലോക റെക്കോർഡുകൾ സൃഷ്ടിക്കുമ്പോഴും വഴിപാടുകൾ മോഷണം പോകുന്നത് ശ്രദ്ധിച്ചില്ലെന്നും ആരോപിച്ചു. ആദ്യം ഇറ്റാവയിലെ കേദാരേശ്വർ ധാം സന്ദർശിച്ച ശേഷം അയോധ്യയിലെത്തുമെന്നും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ വിജയിപ്പിച്ച ഫൈസാബാദിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാരിനെതിരെ നിരവധി ആരോപണങ്ങളും അഖിലേഷ് ഉന്നയിച്ചു. സംസ്ഥാനത്ത് 20-ലധികം മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതായും 69,000 അസിസ്റ്റന്റ് അധ്യാപക നിയമനത്തിൽ സംവരണ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. അഗ്നിവീർ പദ്ധതി യുവാക്കളുടെ തൊഴിലവസരങ്ങളെ ബാധിച്ചുവെന്നും വ്യാജ ഏറ്റുമുട്ടലുകളും പൊലീസ് അതിക്രമങ്ങളും വർധിച്ചുവെന്നും കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും അഴിമതി നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഉൾക്കൊള്ളുന്ന 'പിഡിഎ' കൂട്ടായ്മയിലൂടെ ഉത്തർപ്രദേശിൽ രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു.