വാർത്തകൾ
പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പുറത്താക്കണമെന്ന ഗവർണറുടെ ശുപാർശയെച്ചൊല്ലി കോൺഗ്രസിലും സർക്കാരിലും ഭിന്നത. ഗവർണറുടെ നീക്കത്തെ കെ. മുരളീധരൻ പിന്തുണച്ചപ്പോൾ, സർക്കാരിനെ അറിയിക്കാതെ നടപടിയെടുത്തത് ഭരണഘടനാ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി എ.പി. അനിൽകുമാർ വിമർശിച്ചു. ശുപാർശയെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല പ്രതികരണത്തിൽനിന്ന് ഒഴിഞ്ഞുമാറി.
ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പ് തിടുക്കപ്പെട്ട് ശുപാർശ നൽകിയത് ഗൗരവമുള്ള നടപടിയാണെന്നും രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമായി മാറരുതെന്നും എ.പി. അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ഗവർണറുടെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന വിമർശനവുമായി സിപിഐഎം രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി നിർണായകമാകുക.