Skip to main content
വാർത്തകൾ

തൊഴിലുറപ്പ് പദ്ധതിയിൽ വൻ ഇടിവ്; ആറുമാസത്തിനിടെ കേരളത്തിന് നഷ്ടമായത് 1.44 കോടി തൊഴിൽദിനങ്ങൾ

thozhilurappu


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി പദ്ധതി നിലവിൽ വന്നതിനു പിന്നാലെ കേരളത്തിൽ തൊഴിൽദിനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാനത്ത് 1.44 കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവഴി തൊഴിലാളികൾക്ക് ഏകദേശം 580 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായതായും വിലയിരുത്തപ്പെടുന്നു. ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ ഉപജീവനത്തെ ഈ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്.

2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ ആറുമാസത്തിനിടെ സംസ്ഥാനത്ത് 4,00,83,883 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ വരെ നൽകാനായത് 2,56,21,586 തൊഴിൽദിനങ്ങൾ മാത്രമാണ്. ഇതോടെ 1,44,62,297 തൊഴിൽദിനങ്ങളുടെ കുറവുണ്ടായി. പുതിയ വിബി ജി റാം ജി പദ്ധതി ജൂലൈ ഒന്നുമുതലാണ് പ്രാബല്യത്തിൽ വന്നത്.

സംസ്ഥാനത്ത് 40.71 ലക്ഷം കുടുംബങ്ങളിലെ 58.48 ലക്ഷം തൊഴിലാളികളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17.77 ലക്ഷം കുടുംബങ്ങളിലെ 20.61 ലക്ഷം തൊഴിലാളികൾ സജീവമായി പദ്ധതിയെ ആശ്രയിക്കുന്നവരാണ്. എന്നാൽ, ഇതുവരെ 8.06 ലക്ഷം കുടുംബങ്ങളിലെ 8.63 ലക്ഷം തൊഴിലാളികൾക്ക് മാത്രമാണ് തൊഴിൽ നൽകാൻ കഴിഞ്ഞത്.

പുതിയ നിയമപ്രകാരം ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസം വരെ തൊഴിൽ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതി പിന്നിട്ടിട്ടും തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങൾക്ക് ഈ പരിധിയുടെ അഞ്ചിലൊന്ന് പോലും തൊഴിൽദിനങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതിയിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളാണ് തൊഴിൽ ലഭ്യത കുറയാൻ പ്രധാന കാരണമെന്ന് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

അതേസമയം, പഴയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗീകാരം ലഭിച്ചിരുന്നതും പുതിയ വിബി ജി റാം ജി പദ്ധതിയിൽ അനുവദനീയവുമായ 375 ഇനം പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഈ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശനവും ഉയരുന്നു.

ഗ്രാമ, ബ്ലോക്ക്, ജില്ലാതലങ്ങളിൽ പദ്ധതി നിർവഹണവും മേൽനോട്ടവും മുൻകാലങ്ങളിലേതുപോലെ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമാണ്. പുതിയ പദ്ധതിയുടെ വ്യവസ്ഥകൾക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലെ പ്രവർത്തന മന്ദഗതിയും തൊഴിൽദിനങ്ങൾ കുറയുന്നതിന് കാരണമാകുന്നുണ്ടോയെന്ന ചർച്ചയും സജീവമാകുകയാണ്.