പിഎസ്‌സി വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സിപിഐഎം
പിഎസ്‌സി ചെയർമാനെ നീക്കം ചെയ്യാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് പ്രസ്താവനയിൽ പാർട്ടി ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നടപടികളോട് കോൺഗ്രസ് ദേശീയതലത്തിൽ സ്വീകരിക്കുന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്കുള്ളതെന്ന് അറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.
പിഎസ്‌സി അംഗത്തിനെതിരെ നടപടിയെടുക്കാൻ നിയമപരമായ മാർഗങ്ങളുണ്ടായിട്ടും ഗവർണർ അവ പാലിച്ചില്ലെന്നാണ് പാർട്ടിയുടെ ആരോപണം. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട ആരോപണത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയാണ്. ഇതുവരെ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പിഎസ്‌സി പിരിച്ചുവിടാൻ ശുപാർശ നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നും സർക്കാർ ശുപാർശകൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടയാളാണ് ഗവർണറെന്നും സിപിഐഎം പറഞ്ഞു.
പിഎസ്‌സിയുമായി ബന്ധപ്പെട്ട നിർണായക ഫയലുകളോ വിവരങ്ങളോ സംസ്ഥാന സർക്കാർ ഗവർണർക്ക് കൈമാറിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സർവകലാശാലകൾക്ക് പിന്നാലെ പിഎസ്‌സിയെയും സംഘപരിവാർ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച സിപിഐഎം, ഗവർണറുടെ നടപടിക്കെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും അറിയിച്ചു. ഗവർണറുടെ നീക്കത്തെക്കുറിച്ച് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.