Skip to main content
വാർത്തകൾ

ചൈനയിൽ ലോങ് മാർച്ചിന്റെ 90-ാം വാർഷികം; ചരിത്രപ്രാധാന്യം ഓർമിപ്പിച്ച് ഷി ജിൻപിങ്

xi

ചൈനീസ് വിപ്ലവചരിത്രത്തിലെ നിർണായക സംഭവമായ ലോങ് മാർച്ചിന്റെ വിജയത്തിന്റെ 90-ാം വാർഷികം ബെയ്ജിങ്ങിൽ ആചരിച്ചു. ഗ്രേറ്റ് ഹാൾ ഓഫ് ദ പീപ്പിളിൽ നടന്ന അനുസ്മരണച്ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്രസംഗിച്ചു. ലോങ് മാർച്ചിന്റെ ചരിത്രപ്രാധാന്യം ഉയർത്തിക്കാട്ടിയ അദ്ദേഹം, രാജ്യത്തിന്റെ പുനരുജ്ജീവനത്തിനായുള്ള മുന്നേറ്റത്തിൽ അതിന്റെ ആത്മാവ് കൈമുതലാക്കണമെന്ന് ആഹ്വാനം ചെയ്തു.

1934 ഒക്ടോബറിൽ ചൈനീസ് റെഡ് ആർമി ആരംഭിച്ച ദീർഘയാത്ര 1936 ഒക്ടോബറിലാണ് അവസാനിച്ചത്. ഏകദേശം 12,500 കിലോമീറ്റർ നീണ്ട യാത്രയിൽ സൈനികർ നദികളും മലനിരകളും ചതുപ്പുനിലങ്ങളും താണ്ടി നിരവധി പോരാട്ടങ്ങളെ അതിജീവിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പിലും പിന്നീട് നടന്ന വിപ്ലവ മുന്നേറ്റത്തിലും ലോങ് മാർച്ച് നിർണായക പങ്കുവഹിച്ചു.

പാർട്ടിയുടെ നേതൃത്വത്തിലുള്ള വിശ്വാസം, സ്വാശ്രയത്വം, ജനപിന്തുണ, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് എന്നിവയാണ് ലോങ് മാർച്ച് പകർന്ന പ്രധാന പാഠങ്ങളെന്ന് ഷി ജിൻപിങ് പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള വികസനം, പൊതുസമൃദ്ധി, ദേശീയ സുരക്ഷ, സായുധസേനയുടെ ആധുനികവൽക്കരണം, പാർട്ടി നേതൃത്വത്തിന്റെ ശക്തിപ്പെടുത്തൽ എന്നിവയും അദ്ദേഹം മുന്നോട്ടുവച്ചു.

വാർഷികാചരണത്തിന്റെ ഭാഗമായി ലോങ് മാർച്ചുമായി ബന്ധപ്പെട്ട 5,000-ത്തിലധികം ചരിത്രരേഖകൾ ചൈന പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മ്യൂസിയത്തിൽ അപൂർവ രേഖകളും റെഡ് ആർമിയുടെ യാത്രയുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും ഉൾപ്പെടുത്തിയ പ്രത്യേക പ്രദർശനങ്ങളും ആരംഭിച്ചു.