മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭം ശക്തം; 7,000 പേർ അണിനിരന്നു, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മുംബൈയിലേക്ക് മാർച്ച്
വരൾച്ചാദുരിതാശ്വാസം, വിള ഇൻഷുറൻസ് തുക, കാർഷിക വായ്പ എഴുതിത്തള്ളൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിൽ കർഷകരുടെയും തൊഴിലാളികളുടെയും സ്ത്രീകളുടെയും വൻ പ്രതിഷേധം. അഹില്യാനഗർ ജില്ലയിലെ അകോലെയിൽ വ്യാഴാഴ്ച നടന്ന മാർച്ചിൽ ഏകദേശം 7,000 പേർ പങ്കെടുത്തു. അഖിലേന്ത്യാ കിസാൻ സഭ (AIKS), സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (CITU), അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA), ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം.
ചുവപ്പും വെള്ളയും നിറത്തിലുള്ള പതാകകളുമായി പ്രധാന റോഡുകളിലൂടെ നീങ്ങിയ പ്രതിഷേധക്കാർ തഹസിൽ ഓഫിസിന് മുന്നിൽ പൊതുയോഗം ചേർന്നു. സംസ്ഥാന സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളെ യോഗത്തിൽ നേതാക്കൾ രൂക്ഷമായി വിമർശിച്ചു. സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, അഖിലേന്ത്യാ കിസാൻ സഭ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവളെ, ദേശീയ ജോയിന്റ് സെക്രട്ടറി ഡോ. അജിത് നാവാലെ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ വരൾച്ച ബാധിച്ച 80 ശതമാനത്തിലധികം കർഷകർക്ക് ഗണ്യമായ ആശ്വാസധനം അനുവദിക്കുക, വിള ഇൻഷുറൻസ് നഷ്ടപരിഹാരം ഉടൻ നൽകുക, കൃത്യമായി വായ്പ തിരിച്ചടച്ച കർഷകരുടെ രണ്ടുലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. വനഭൂമി, മേച്ചിൽപ്പുറങ്ങൾ, ക്ഷേത്ര ട്രസ്റ്റ് ഭൂമി, വർക്കാസ് ഭൂമി, വീടിരിക്കുന്ന ഭൂമി എന്നിവ കൃഷി ചെയ്യുന്നവർക്ക് ഉടമസ്ഥാവകാശ രേഖകൾ നൽകണമെന്നും നിർത്തിവച്ച ലാഡ്ലി ബെഹ്ന പദ്ധതിയുടെ സാമ്പത്തിക സഹായം പുനരാരംഭിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
വരൾച്ച ബാധിച്ച കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായം അപര്യാപ്തമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മഴക്കുറവ് മൂലം വിളനാശം രൂക്ഷമായതും ഉൽപ്പാദനം കുറഞ്ഞതും കൃഷിച്ചെലവും കടബാധ്യതയും വർധിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. നമോ കിസാൻ നിധി പദ്ധതിയിലൂടെ ലഭിക്കേണ്ട 4,000 രൂപ തടഞ്ഞുവച്ചശേഷം 5,000 രൂപ വരൾച്ചാദുരിതാശ്വാസമായി പ്രഖ്യാപിച്ചത് കർഷകരോടുള്ള അനീതിയാണെന്നും അവർ ആരോപിച്ചു.
ആവശ്യങ്ങളടങ്ങിയ നിവേദനവും കർഷകരുടെയും പൊതുജനങ്ങളുടെയും ആയിരക്കണക്കിന് അപേക്ഷകളും തഹസിൽദാർക്ക് കൈമാറി. ആവശ്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സംഘാടകർ അറിയിച്ചു.
ഒക്ടോബർ 26 വരെ അകോലെയിൽ രാപ്പകൽ അനിശ്ചിതകാല സമരം തുടരുമെന്ന് കിസാൻ സഭ അറിയിച്ചു. അതിനകം സർക്കാർ കൃത്യമായ തീരുമാനമെടുത്തില്ലെങ്കിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകരുമായി നൂറുകണക്കിന് വാഹനങ്ങളിൽ മുംബൈയിലേക്ക് മാർച്ച് നടത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. കർഷകരുടെ സംസ്ഥാനതല പ്രശ്നങ്ങളിൽ തീരുമാനമെടുക്കാൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം.