തിരുവനന്തപുരം ഡിസിസി യോഗത്തിൽ നേതാക്കൾ മുങ്ങി; ദീപാ ദാസ്മുൻഷിക്ക് അതൃപ്തി
തിരുവനന്തപുരം ഡിസിസിയുടെ പ്രത്യേക യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കാതിരുന്നത് കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ്മുൻഷിയെ പ്രകോപിപ്പിച്ചു. ഡൽഹിയിലെ പ്രക്ഷോഭത്തിന് മുന്നോടിയായി ചേർന്ന യോഗത്തിൽ എംഎൽഎമാരും ഡിസിസി പ്രസിഡന്റും പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായാണ് അവർ വിമർശിച്ചത്. നൂറിലധികം മണ്ഡലം കമ്മിറ്റികളിൽനിന്ന് വെറും 30 പേർ മാത്രമാണ് യോഗത്തിനെത്തിയത്. 24 ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേർ മാത്രമാണ് പങ്കെടുത്തതെന്നും എംപിയും യോഗത്തിൽ ഉണ്ടായിരുന്നില്ലെന്നും ദീപാ ദാസ്മുൻഷി ചൂണ്ടിക്കാട്ടി.
ഒരു വലിയ ബോർഡ് സ്ഥാപിച്ചതുകൊണ്ടുമാത്രം ആളുകൾ എത്തുമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിച്ച അവർ, യോഗത്തിലെ കുറഞ്ഞ പങ്കാളിത്തത്തെ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ വൻ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിസിസി യോഗം വിളിച്ചുചേർത്തത്. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്താൻ ലക്ഷ്യമിട്ടുള്ള പരിപാടിയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ ഉദ്ദേശ്യം.
ഡിസിസി പ്രസിഡന്റ് യോഗത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഉപേക്ഷിച്ച പദവിയാണെന്നും തുടരാൻ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് വിശദീകരണം ലഭിച്ചത്. അത്തരമൊരു നിലപാടുള്ളപ്പോൾ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും യോഗത്തിൽ വിശദീകരിക്കപ്പെട്ടു. നേതാക്കളുടെ അഭാവവും പ്രവർത്തകരുടെ കുറഞ്ഞ പങ്കാളിത്തവും കോൺഗ്രസിനുള്ളിലെ സംഘടനാ ഏകോപനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.