ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക വിചാരണ; ഖാർഗെയുടെ വസതിയിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രതിഷേധം
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി ‘ഇന്ത്യ’ സഖ്യം. ഇന്ന് (ഒക്ടോബർ 30) ഉച്ചയ്ക്ക് 3.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക പരസ്യവിചാരണ നടക്കും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകുന്ന ചടങ്ങിൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം ഖാർഗെ അവതരിപ്പിക്കും. തുടർന്ന് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.
പാർലമെന്റിൽ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം തടസ്സപ്പെട്ടതോടെയാണ് പ്രതിപക്ഷം പ്രതീകാത്മക വിചാരണയുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഖാർഗെയുടെ വസതി വേദിയായി തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന മഹാറാലിയിൽ എല്ലാവരും അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. പ്രതിഷേധക്കാരെ തടയാൻ പോലീസ് നീക്കം നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു. ശൈത്യകാല സമ്മേളനത്തോടെ പാർലമെന്റിനകത്തും പുറത്തും സമരം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം.