നിപ മരുന്ന് വിവാദം: കെ. മുരളീധരൻ മാപ്പുപറയണമെന്ന് വീണാ ജോർജ്
നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ റെംഡിസിവിർ മരുന്ന് നൽകിയെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ മുൻ ആരോഗ്യ മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ പരാമർശം നിരുത്തരവാദപരവും ആരോഗ്യപ്രവർത്തകരുടെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നതുമാണെന്ന് അവർ ആരോപിച്ചു. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പുപറയണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
നിപ ബാധിതരായ അഞ്ച് പേർക്കാണ് റെംഡിസിവിർ നൽകിയതെന്നും ഇവരെല്ലാം രോഗത്തെ അതിജീവിച്ചെന്നും വീണാ ജോർജ് പറഞ്ഞു. മരുന്നിന്റെ കാലാവധി സംബന്ധിച്ച വിവരങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സോഫ്റ്റ്വെയറിൽ ലഭ്യമാണെന്നും 2025 സെപ്റ്റംബർ വരെ മരുന്നിന് കാലാവധിയുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.
മരുന്നിന്റെ കാലാവധി സംബന്ധിച്ച് വിദഗ്ധ സമിതിയുടെ പരിശോധന നടത്തുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ പരിശോധനയ്ക്ക് മുൻപുതന്നെ മന്ത്രി തെറ്റായ പ്രസ്താവന നടത്തിയെന്നും വീണാ ജോർജ് ആരോപിച്ചു. ആരെങ്കിലും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ വിദഗ്ധ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു.