Skip to main content
വാർത്തകൾ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: സമരം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇന്ത്യ സഖ്യം

india alliance

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനതലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഇന്ത്യ സഖ്യം ഒരുങ്ങുന്നു. ദീപാവലി പ്രമാണിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധങ്ങൾക്ക് താൽക്കാലിക ഇടവേള നൽകുമെങ്കിലും സമരം തുടരാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം. വിഷയത്തിൽ വീണ്ടും ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ അനുമതി തേടുന്നതിനൊപ്പം ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുന്നതിനെക്കുറിച്ചും ചർച്ചകൾ തുടരുകയാണ്.

‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ’ കൂട്ടായ്മ തുടർസമര പരിപാടികൾ തീരുമാനിക്കുന്നതിനായി നവംബർ 20ന് ഡൽഹിയിൽ യോഗം ചേരും. രാംലീല മൈതാനത്ത് നടന്ന റാലി രാജ്യത്തിന്റെ വികാരമാണ് പ്രതിഫലിപ്പിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. ഗ്യാനേഷ് കുമാറിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷത്തിന്റെ ‘ദില്ലി ചലോ’ റാലിക്കെതിരെ ബിജെപിയും വ്യാപാര സംഘടനകളും രംഗത്തെത്തി. പ്രതിഷേധം പരാജയമായിരുന്നുവെന്നും ഡൽഹിയിലെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ബിജെപിയുടെ ആരോപണം. റാലിയെ തുടർന്ന് നഗരത്തിലെ 25 പ്രധാന മാർക്കറ്റുകളിലായി രണ്ടര ലക്ഷത്തോളം കടകൾ അടഞ്ഞുകിടന്നെന്നും 11,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വ്യാപാരികൾ പരാതിപ്പെട്ടു. രാംലീല മൈതാനത്തെ ജനപങ്കാളിത്തം വ്യക്തമാക്കാൻ കോൺഗ്രസ് പുറത്തുവിട്ട ചിത്രങ്ങൾ വ്യാജമാണെന്നും ബിജെപി ആരോപിച്ചു.

എന്നാൽ ആരോപണങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി. ലോകം ശ്രദ്ധിച്ച റാലിയെ പരാജയമെന്ന് വിശേഷിപ്പിച്ച് ചെറുതാക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോകില്ലെന്ന് കോൺഗ്രസ് വക്താക്കൾ പ്രതികരിച്ചു. ബിജെപി മുൻപ് നടത്തിയ റാലികളിലെ ആകെ ജനപങ്കാളിത്തത്തിന് തുല്യമായിരുന്നു കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽനിന്ന് മാത്രം എത്തിയ ജനക്കൂട്ടമെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പരിഹസിച്ചു.

കൊണാട്ട് പ്ലേസിലെ കടകൾ ബിജെപി പ്രവർത്തകർ ബലമായി അടപ്പിക്കുകയായിരുന്നുവെന്നും രാംലീല മൈതാനത്തിന് സമീപത്തെ ചെറുകിട കച്ചവടക്കാർക്ക് റാലി ഗുണകരമായെന്നും തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. ഇതോടെ റാലിയുടെ ജനപങ്കാളിത്തത്തെയും വ്യാപാര മേഖലയിലുണ്ടായ പ്രത്യാഘാതങ്ങളെയും ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോര് തുടരുകയാണ്.