മാപ്പപേക്ഷയില്ല, തിരിച്ചുപോക്കുമില്ല; കാലടി സർവകലാശാലയിൽ എസ്.എഫ്.ഐ സമരം ശക്തം
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരത്തെ തുടർന്ന് സസ്‌പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരുടെ നടപടി പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എന്നാൽ വൈസ് ചാൻസലർക്ക് മാപ്പപേക്ഷ സമർപ്പിച്ചാൽ മാത്രമേ ഇവർക്ക് തിരിച്ചുപ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയും മുന്നോട്ടുവച്ചിട്ടുണ്ട്.
ശ്യാംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവരുടെ സസ്‌പെൻഷൻ പിൻവലിക്കില്ല. സസ്‌പെൻഷനിലിരിക്കെ ക്യാമ്പസിൽ പ്രവേശിച്ചെന്ന കാരണത്താൽ ഇവരുടെ നടപടി രണ്ടുമാസത്തേക്ക് കൂടി നീട്ടാനും യോഗം തീരുമാനിച്ചു.
വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തെന്നതടക്കമുള്ള ആരോപണങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. 60 ദിവസത്തിലേറെയായി ഇവർ സസ്‌പെൻഷനിൽ തുടരുകയാണ്. സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി.
അതേസമയം, മാപ്പപേക്ഷ നൽകി തിരിച്ചുകയറില്ലെന്നാണ് എസ്.എഫ്.ഐയുടെയും വിദ്യാർഥികളുടെയും നിലപാട്. 16 പേരുടെയും സസ്‌പെൻഷൻ പിൻവലിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും സംഘടന വ്യക്തമാക്കി. മാപ്പെഴുതി നൽകുന്നത് ആർ.എസ്.എസ് രീതിയാണെന്നും അതിന് എസ്.എഫ്.ഐ തയ്യാറല്ലെന്നും നേതാക്കൾ പ്രതികരിച്ചു.