ജീവിതച്ചെലവ് വർധനയ്ക്കെതിരെ യൂറോപ്പിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം; ഫ്രാൻസിലും ജർമനിയിലും വൻ പ്രതിഷേധം
ഫ്രാൻസിലെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ അലയൊലികൾ യൂറോപ്പിലാകെ വ്യാപിക്കുന്നു. ജീവിതച്ചെലവ് വർധനയ്ക്കും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കും എതിരെ ശനിയാഴ്ച ഫ്രാൻസിലെയും ജർമനിയിലെയും വിവിധ നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. ഇറ്റലിയിൽ വെള്ളിയാഴ്ച തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പൊതുപണിമുടക്കിനും വിദ്യാർഥികളുടെയും സാധാരണ ജനങ്ങളുടെയും വലിയ പിന്തുണ ലഭിച്ചു.
ഫ്രാൻസിൽ പാരിസ്, മാർസെയ്, ലിയോൺ, ടുലൂസ് തുടങ്ങി രാജ്യത്തെ 150ഓളം നഗരങ്ങളിലാണ് പ്രതിഷേധം നടന്നത്. വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പൊതുസേവനങ്ങളുടെ നിലവാരം താഴുന്നതിലും ജീവിതച്ചെലവ് ഉയരുന്നതിലും പ്രതിഷേധിച്ചായിരുന്നു പ്രകടനങ്ങൾ. ഭൂരിഭാഗം നഗരങ്ങളിലും സമരങ്ങൾ സമാധാനപരമായാണ് നടന്നത്. ആഭ്യന്തരമന്ത്രി ലോറന്റ് നുനെസിന്റെ കണക്കുപ്രകാരം 3.20 ലക്ഷം പേരാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇത് 4.10 ലക്ഷമായിരുന്നു. എന്നാൽ സംഘാടകർ പങ്കാളിത്തം അഞ്ചുലക്ഷത്തോളമാണെന്ന് അവകാശപ്പെട്ടു. പാരിസിൽ മാത്രം ഏകദേശം 70,000 പേർ അണിനിരന്നു.
അടുത്ത ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ വർധിച്ചുവരുന്ന ഇടതുപക്ഷ നേതാവ് ജീൻ-ലൂക് മെലൻഷോൺ പാരിസിലെ പ്രകടനത്തിന് നേതൃത്വം നൽകി. ചില നഗരങ്ങളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. രാജ്യത്തുടനീളം 565 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ന്യൂനപക്ഷ സർക്കാർ 2027ലെ ചെലവുചുരുക്കൽ ബജറ്റിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് സെപ്റ്റംബർ അവസാനം പ്രതിഷേധം ശക്തമായത്. ഒരു മാസത്തിലേറെയായി മെച്ചപ്പെട്ട പഠനസാഹചര്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്കൂൾ വിദ്യാർഥികൾ, തൊഴിലാളി യൂണിയനുകൾ, യെല്ലോ വെസ്റ്റ് പ്രക്ഷോഭകർ എന്നിവരെല്ലാം പ്രതിഷേധത്തിൽ ഒന്നിച്ചു. ജീവിതച്ചെലവിലെ വർധനയും സാമൂഹിക അസമത്വവും ഉയർത്തുന്ന ആശങ്കകളാണ് ഇവരെ ഒരുമിപ്പിച്ചത്. അടുത്ത ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സ്കൂളുകളിലും സർവകലാശാലകളിലും വീണ്ടും ഉപരോധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു. നവംബർ അഞ്ചിന് കൂടുതൽ പ്രതിഷേധങ്ങൾ നടത്താൻ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്.
ജർമനിയിൽ ചെലവുചുരുക്കലിനും നിർബന്ധിത സൈനിക സേവനത്തിനുമെതിരെ വിദ്യാർഥികൾ
സാമൂഹിക ക്ഷേമമേഖലയിലെ സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയും ജർമനിയിലെ 30 നഗരങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ‘ജെൻ സി റെഗെൽറ്റ്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക സമരത്തിൽ ഏകദേശം രണ്ടുലക്ഷം പേർ പങ്കെടുത്തതായാണ് റിപ്പോർട്ട്. തലസ്ഥാനമായ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിന് മുന്നിൽ ആയിരങ്ങൾ അണിനിരന്നു. ഇവിടെ ഏകദേശം 5,000 പേർ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്.
‘ചാൻസലർ മെർസ് സ്ഥാനമൊഴിയണം’, ‘ചെലവുചുരുക്കൽ നയം ഞങ്ങളുടെ ഭാവി തകർക്കുന്നു’, ‘യുദ്ധബജറ്റിനും വെട്ടിക്കുറയ്ക്കലിനും എതിര്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ചില നഗരങ്ങളിൽ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കുരുമുളക് സ്പ്രേയും ഉപയോഗിച്ചു. ആരോഗ്യ, പെൻഷൻ സംവിധാനങ്ങളിൽ പരിഷ്കാരം കൊണ്ടുവരാനുള്ള ചാൻസലർ ഫ്രെഡറിക് മെർസിന്റെ നിർദേശങ്ങളെയും കാലാവസ്ഥാ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയെയും വിദ്യാർഥി സംഘടനകൾ വിമർശിച്ചു. സൈനിക സേവനത്തിനായി നിർബന്ധിത വൈദ്യപരിശോധന ഏർപ്പെടുത്താനുള്ള നിയമനിർമാണത്തെയും അവർ എതിർത്തു. നിർബന്ധിത സൈനിക റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുന്നതിലേക്കുള്ള നീക്കമായാണ് വിദ്യാർഥികൾ ഇതിനെ കാണുന്നത്.
ഇറ്റലിയിൽ തൊഴിലാളികളും വിദ്യാർഥികളും തെരുവിൽ
ജീവിതച്ചെലവ് വർധനയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫണ്ട് അപര്യാപ്തതയ്ക്കുമെതിരെ ഇറ്റലിയിലും പ്രതിഷേധം ശക്തമായി. വെള്ളിയാഴ്ച യുഎസ്ബി ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിൽ ട്രക്ക് ഡ്രൈവർമാർ, ടാക്സി തൊഴിലാളികൾ, കർഷകർ എന്നിവർ പങ്കെടുത്തു. ഇന്ധനവില വർധനയ്ക്കും പ്രതിരോധ ചെലവുകൾ ഉയർത്തുന്നതിനുമെതിരെ നേരത്തേ പ്രതിഷേധിച്ചിരുന്ന ഇവർക്കൊപ്പം വിദ്യാർഥികളും അധ്യാപകരും പെൻഷൻകാരും അണിനിരന്നു. ബൊലോഞ്ഞ, ജെനോവ, നേപ്പിൾസ്, ടൂറിൻ തുടങ്ങി നിരവധി നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു. ടൂറിനിൽ മാത്രമാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകളുള്ളത്.
റോമിൽ ടെർമിനി റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ രണ്ട് ട്രാക്ടറുകളും ഒരു ടാക്സിയും പങ്കെടുത്തു. കൊളോസിയത്തിന് സമീപത്തുകൂടി നീങ്ങിയ പ്രകടനക്കാർ പതാകകളും ബാനറുകളുമായി മുദ്രാവാക്യങ്ങൾ മുഴക്കി. ‘ബോംബുകൾക്കു പകരം വീടുകൾ’ എന്നതായിരുന്നു പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. ഗാസയിലെ സാധാരണക്കാർ നേരിടുന്ന ബോംബാക്രമണത്തിന്റെ ദുരിതം ചിത്രീകരിക്കുന്ന തെരുവുനാടകവും ഒരു സംഘം അവതരിപ്പിച്ചു. പ്രധാന നഗരങ്ങളിലെ പ്രകടനങ്ങളിൽ പലസ്തീൻ പതാകകളും വ്യാപകമായി ഉയർന്നു.