Skip to main content
വാർത്തകൾ

‘വോട്ട് മോഷണം അവസാനിപ്പിക്കുക’; ലണ്ടനിൽ ഇന്ത്യൻ പ്രവാസികളുടെ പ്രതിഷേധം

sfi uk

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആർ (SIR) നടപടികൾക്കുമെതിരെ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധം. 2026 ഒക്ടോബർ 17ന് ഇന്ത്യൻ വിദ്യാർഥി സംഘടനകളും പ്രവാസി സംഘടനകളും പങ്കെടുത്ത പ്രതിഷേധത്തിനൊപ്പം കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്നവരും പ്രകടനം നടത്തി. ഇരുവിഭാഗങ്ങളെയും മെട്രോപൊളിറ്റൻ പൊലീസ് വേർതിരിച്ചുനിർത്തി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആക്ടിവിസ്റ്റ് ധ്രുവ് റാട്ടി പ്രധാന പ്രഭാഷകനായി. ‘വോട്ട് മോഷണം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ധാരണയിലൂടെ തിരഞ്ഞെടുക്കുന്ന സംവിധാനം വരുന്നതുവരെ ഇത്തരം പ്രതിഷേധങ്ങൾ തുടരുമെന്ന് ധ്രുവ് റാട്ടി പറഞ്ഞു.

സേവ് ഡെമോക്രസി, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യുകെ ഘടകം,   സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ നൽകി.

അതേസമയം, ‘ഇന്ത്യ ഡയസ്പോറ (ഐഡി) യുകെ’യുടെ നേതൃത്വത്തിൽ സർക്കാർ അനുകൂല പ്രകടനവും നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്റെയും ശക്തവും ഐക്യവുമുള്ള വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിനൊപ്പം യുകെയിലെ ഇന്ത്യൻ പ്രവാസി സമൂഹം ഉറച്ചുനിൽക്കുന്നുവെന്ന് സംഘടനയുടെ സ്ഥാപകൻ ഹിർദേശ് ഗുപ്ത പറഞ്ഞു.

മരണപ്പെട്ടവരുടെയും വ്യാജമായതും ഇരട്ടത്തവണ ഉൾപ്പെട്ടതും അർഹതയില്ലാത്തതുമായ വോട്ടർ എൻട്രികൾ കണ്ടെത്തി പട്ടിക ശുദ്ധീകരിക്കുകയാണ് എസ്ഐആർ നടപടിയുടെ ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാൽ, ഈ നടപടിയുടെ സുതാര്യതയും നടപ്പാക്കുന്ന രീതിയും സംബന്ധിച്ച് രാഷ്ട്രീയതലത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.