ഹോർട്ടി വൈൻ വിവാദം: ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്:എം.ബി. രാജേഷ്
സംസ്ഥാനത്തെ ഹോർട്ടി വൈൻ വിവാദത്തിൽ പ്രതികരണവുമായി മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്നും മുൻ സർക്കാരിന്റെ കാലത്ത് കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഉൽപ്പാദനത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷ്യധാന്യങ്ങൾ ഒഴികെയുള്ള കാർഷികോത്പന്നങ്ങൾ പുളിപ്പിച്ചാണ് ഹോർട്ടി വൈൻ നിർമിക്കുന്നതെന്നും ഇതിൽ സ്പിരിറ്റ് ചേർക്കുന്നില്ലെന്നും രാജേഷ് വിശദീകരിച്ചു. ഹോർട്ടി വൈനും വീര്യം കൂടിയ മദ്യവും ഒന്നാണെന്ന പ്രചാരണം തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘടനകളുടെയും കാർഷിക വിദഗ്ധരുടെയും ആവശ്യങ്ങളും വിശദമായ ചർച്ചകളും പരിഗണിച്ചാണ് എൽഡിഎഫ് സർക്കാർ നയപരമായ തീരുമാനമെടുത്തത്. കാർഷിക സർവകലാശാലയ്ക്ക് നിലവിൽ വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചാലക്കുടിയിലെ ബേക്കറിയിൽ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത് കഴിഞ്ഞ ജൂണിൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണെന്ന് രാജേഷ് ആരോപിച്ചു. വിൽപ്പനാനുമതി നൽകിയ വിവരം എക്സൈസ് മന്ത്രി എം. ലിജു അറിഞ്ഞില്ലെന്നത് ഭരണപരമായ വീഴ്ചയാണെന്നും മന്ത്രിമാർ പല കാര്യങ്ങളും അറിയാത്ത അവസ്ഥയിലാണ് നിലവിലെ സർക്കാരെന്നും അദ്ദേഹം വിമർശിച്ചു.