ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കി ഇന്ത്യാ മുന്നണി; മോക്ക് ഇംപീച്ച്‌മെന്റുമായി പ്രതിഷേധം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ സംഘടിപ്പിച്ച മോക്ക് പാർലമെന്റിൽ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് പ്രതീകാത്മകമായി പുറത്താക്കി. പ്രതിപക്ഷ നേതാക്കൾ, വിദ്യാർഥി നേതാക്കൾ, പൗരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത പരിപാടി മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറാണ് നിയന്ത്രിച്ചത്.
രാജ്യത്തെ ഏഴിൽ ഒരാളുടെ വോട്ട് ഗ്യാനേഷ് കുമാർ നീക്കം ചെയ്തെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടർമാരിൽ 15 ശതമാനത്തോളം പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നും ഇവർ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ 2024ലെ തെരഞ്ഞെടുപ്പിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നതായും രാഹുൽ ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ ബിജെപി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും രാഹുൽ വിമർശിച്ചു. വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഗ്യാനേഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ആരോപണങ്ങൾ തെളിവുകൾ സഹിതം ഉന്നയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ഇന്ത്യാ മുന്നണിയുടെ പ്രധാന വിമർശനം.