Skip to main content
വാർത്തകൾ

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം: എം.വി. ഗോവിന്ദൻ മാസ്റ്റർ

mv govindan master

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗത്തിലെ ചർച്ചകൾ പൂർത്തിയായി. നേരത്തെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട കരുനാഗപ്പള്ളിയിലെ നാല് മുതിർന്ന നേതാക്കളെ തിരിച്ചെടുത്തതായി ജില്ലാ സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു. പി.ആർ. വസന്തൻ, സി. രാധാമണി, ടി.കെ. ബാലചന്ദ്രൻ, അഡ്വ. ബി. ഗോപൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തിയത്.

വർഗ-ബഹുജന സംഘടനകളിൽ നിന്നുള്ളവരടക്കം പത്ത് പേരെ ജില്ലാ കമ്മിറ്റിയുടെ ക്ഷണിതാക്കളായും നിയമിക്കാൻ യോഗം തീരുമാനിച്ചു. കെ.ജി. ബിജു, ടി.ആർ. ശങ്കരപിള്ള, ഡി. വിശ്വസേനൻ, ജെ. രാമാനുജൻ, പി. സജീ, ടി.എസ്. പത്മകുമാർ, ആർ. രവീന്ദ്രൻ, ടി.ആർ. ശ്രീനാഥ്, രഞ്ചു സുരേഷ്, എച്ച്. ബെയിസിലാൽ എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.

അതേസമയം, യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർകേന്ദ്ര ഏജൻസികൾക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. നോട്ടീസ് പതിപ്പിച്ചതും ഈ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബിജെപിയുടെ താളത്തിനൊത്ത് പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇ.ഡിക്കും ബിജെപിക്കും കേരളത്തിലേക്ക് കടന്നുകയറാൻ സഹായം നൽകുന്നത് യുഡിഎഫാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.