Skip to main content
വാർത്തകൾ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ പ്രതിഷേധം; ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ മുദ്രാവാക്യങ്ങളുമായി എസ്‌എഫ്‌ഐ-യുകെ

sfi uk

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധവുമായി എസ്‌എഫ്‌ഐ-യുകെ. ഒക്ടോബർ 16ന് നടന്ന പ്രതിഷേധത്തിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നും ജനാധിപത്യം സംരക്ഷിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

പ്രതിഷേധം തടസ്സപ്പെടുത്താൻ വലതുപക്ഷ സംഘങ്ങൾ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിന്മാറിയില്ലെന്ന് എസ്‌എഫ്‌ഐ-യുകെ പ്രസ്താവനയിൽ അറിയിച്ചു. മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടർന്ന പ്രവർത്തകർ ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ശബ്ദമുയർത്തി.

ബിജെപി ഭരണകൂടത്തിന്റേത് സ്വേച്ഛാധിപത്യപരമായ നടപടികളാണെന്ന് ആരോപിച്ച സംഘടന, ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി. പ്രതിഷേധക്കാരുടെ മുദ്രാവാക്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വലതുപക്ഷ സംഘങ്ങൾക്ക് പിന്മാറേണ്ടിവന്നെന്നും എസ്‌എഫ്‌ഐ-യുകെ അവകാശപ്പെട്ടു.

ഇന്ത്യയിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ലണ്ടനിലും സമരം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.

അതേസമയം, ഡൽഹിയിൽ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. സിജെപിയുടെ ‘തിരംഗ മാർച്ചി’നിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ മോചിപ്പിച്ചിരുന്നു. ഡൽഹിയിലെ പൊലീസ് നടപടികളും തെരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജ്യത്ത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.