എസ്ഐആർ സോഫ്റ്റ്വെയർ വിവരങ്ങൾ പുറത്തുവിടില്ല; ‘ട്രേഡ് സീക്രട്ട്’ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടർ പട്ടികയിലെ പിഴവുകളും പൊരുത്തക്കേടുകളും കണ്ടെത്താൻ ഉപയോഗിക്കുന്ന എസ്ഐആർ സോഫ്റ്റ്വെയറിന്റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സോഫ്റ്റ്വെയർ വിവരങ്ങൾ ‘ട്രേഡ് സീക്രട്ട്’ ആണെന്നും രഹസ്യാത്മക സ്വഭാവമുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയത്.
തെലങ്കാന സ്വദേശിയായ എം.എ. മുജീബ് അയൂബ് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്റെ മറുപടി. എസ്ഐആറിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ പേര്, സംശയകരമായ വോട്ടർ എൻട്രികൾ സോഫ്റ്റ്വെയർ സ്വയം കണ്ടെത്തുമോ, ഇതിൽ നിർമിതബുദ്ധി (എഐ) ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് അപേക്ഷകൻ ഉന്നയിച്ചത്. എന്നാൽ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം.
നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ സോഫ്റ്റ്വെയറിന്റെ പ്രവർത്തനത്തെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സോഫ്റ്റ്വെയറിലെ ചില ഓപ്ഷനുകൾ ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്നായിരുന്നു അവരുടെ ആരോപണം. സോഫ്റ്റ്വെയറിന്റെ പ്രവർത്തനത്തെയും സുതാര്യതയെയും ചൊല്ലി ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന കമ്മീഷന്റെ നിലപാട്.