തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കൽ: സുപ്രീം കോടതി വിധിക്കെതിരെ എസ്.എഫ്.ഐ; നീതിബോധത്തെ വിമർശിച്ച് എം. ശിവപ്രസാദ്
തിരുപ്രംകുണ്ഡ്രം കാർത്തിക ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ബാബരി മസ്ജിദ് തകർത്ത ആർ.എസ്.എസിന്റെ അജണ്ടയിൽ പൊള്ളാത്ത സുപ്രീം കോടതിയുടെ നീതിബോധം ഇപ്പോൾ പൊള്ളുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
‘തമസോ മാ ജ്യോതിർഗമയ’ എന്ന ആശയം ഉയർത്തിക്കാട്ടിയ ശിവപ്രസാദ്, സമത്വപൂർണമായ നീതിബോധത്തിന്റെ പ്രകാശം ജുഡീഷ്യറിയിലും ഭരണാധികാരികളിലും സാധാരണ ജനങ്ങളിലും ഒരുപോലെ പരക്കേണ്ടതുണ്ടെന്നും കുറിച്ചു.
അതേസമയം, തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കൽ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ അതൃപ്തി അറിയിച്ച ബെഞ്ച്, ദീപത്തൂണിൽ അടുത്ത ദിവസം തന്നെ ദീപം തെളിയിക്കണമെന്നും നിർദേശിച്ചു. ഉത്തരവ് ലംഘിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സംസ്ഥാനത്ത് ഭരണപരമായ വീഴ്ചകൾ നിലനിൽക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ജില്ലാ കളക്ടർ, ഡി.ജി.പി തുടങ്ങിയവരോട് വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടു. ക്ഷേത്ര ഭരണസമിതിയെ സസ്പെൻഡ് ചെയ്ത കോടതി, ക്ഷേത്രഭരണ ചുമതല നിർവഹിക്കാൻ മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ എസ്. വൈദ്യനാഥൻ, വി. പാർഥിബൻ എന്നിവരെ റിസീവർമാരായി നിയമിക്കുകയും ചെയ്തു.
ദീപം തെളിയിക്കുന്നതിനുള്ള സുരക്ഷാ ചുമതല തമിഴ്നാട് പൊലീസിൽ നിന്ന് മാറ്റി സി.ആർ.പി.എഫിന് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച കോടതി, ഡിസംബർ 15ന് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു.