Skip to main content
വാർത്തകൾ

ഖനി നിയമഭേദഗതി ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണം; ജാർഖണ്ഡ് നിയമസഭയുടെ പ്രമേയത്തിന് പിന്തുണയുമായി സിപിഎം

prakash viplav

കേന്ദ്ര സർക്കാരിന്റെ ഖനികളും ധാതുക്കളും സംബന്ധിച്ച നിയമഭേദഗതി ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണെന്ന് സിപിഎം. നിയമഭേദഗതിക്കെതിരെ ജാർഖണ്ഡ് നിയമസഭ പാസാക്കിയ പ്രമേയത്തിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു.

പാർലമെന്റിൽ ചർച്ചപോലും അനുവദിക്കാതെയാണ് കേന്ദ്ര സർക്കാർ ബിൽ പാസാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പ്രസ്താവനയിൽ ആരോപിച്ചു. നിയമഭേദഗതി സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ബില്ലിനെ സിപിഎം ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം പ്രാബല്യത്തിൽ വന്നാൽ ജാർഖണ്ഡ് ഉൾപ്പെടെയുള്ള ധാതുസമ്പന്ന സംസ്ഥാനങ്ങൾ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും സാമൂഹിക സുരക്ഷാ പദ്ധതികൾക്കായുള്ള ചെലവുകളെ ബാധിക്കുമെന്നും വിപ്ലവ് മുന്നറിയിപ്പ് നൽകി. ധാതുക്കൾക്ക് അധിക സെസ് ഏർപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര നിയമഭേദഗതിക്കെതിരായ പോരാട്ടം ശക്തമാക്കാൻ സംസ്ഥാനത്തെ എല്ലാ ജനാധിപത്യ, മതനിരപേക്ഷ പാർട്ടികളും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും സിപിഎം ആഹ്വാനം ചെയ്തു.

ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026 പുനഃപരിശോധിക്കുകയോ പിൻവലിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് സംസ്ഥാന സർക്കാർ പ്രമേയം അവതരിപ്പിച്ചത്.