അധികാരം എന്നെന്നേക്കുമായി കൈപ്പിടിയിലൊതുക്കാൻ ബിജെപി ശ്രമിക്കുന്നു; മണ്ഡല പുനർനിർണയ ബില്ലിനെതിരെ കപിൽ സിബൽ
മണ്ഡല പുനർനിർണയ ബില്ലിലൂടെയും 131-ാം ഭരണഘടനാ ഭേദഗതിയിലൂടെയും രാജ്യത്തെ അധികാരം എന്നെന്നേക്കുമായി കൈപ്പിടിയിലൊതുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. നവംബർ 30ന് ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസായാൽ രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യത്തിന്റെ കൂടി അന്ത്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയത് മുതൽ രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിബൽ ആരോപിച്ചു. വനിതാ സംവരണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭ പുതിയ മണ്ഡല പുനർനിർണയ ബില്ലിന് അംഗീകാരം നൽകിയിരിക്കുന്നത്. ലോക്സഭയിലെ നിലവിലെ സീറ്റുകൾ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വീതം വർധിപ്പിച്ച് ആകെ അംഗസംഖ്യ 840 ആക്കാനാണ് ബില്ലിലെ നിർദേശം.
840 അംഗങ്ങളുള്ള ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയിൽ മാറ്റം വരുത്താനും ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനും എളുപ്പമാകുമെന്ന് കപിൽ സിബൽ ചൂണ്ടിക്കാട്ടി. 2024ലെ തെരഞ്ഞെടുപ്പിൽ 241 സീറ്റുകൾ മാത്രം നേടിയ ബിജെപിക്ക് 2029ലും ഭൂരിപക്ഷം നേടാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാർട്ടികളെ പിളർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തൃണമൂൽ കോൺഗ്രസിൽനിന്ന് കൂറുമാറിയ 20 എംപിമാർക്കും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വിട്ട ആറ് എംപിമാർക്കുമെതിരായ അയോഗ്യതാ ഹർജികളിൽ സ്പീക്കർ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതും നവംബർ 30ന് അവരുടെ വോട്ടുകൾ ഉറപ്പാക്കാനാണെന്ന് സിബൽ കുറ്റപ്പെടുത്തി.
മണ്ഡല പുനർനിർണയത്തിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ രൂപീകരിക്കാനുള്ള നിർദേശത്തെയും അദ്ദേഹം വിമർശിച്ചു. കമ്മീഷന്റെ തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ബിജെപിക്ക് അനുകൂലമായി മണ്ഡലങ്ങൾ പുനർനിർണയിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. അസമിലും ജമ്മു കശ്മീരിലും സമാനമായ രീതികൾ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
സർക്കാർ നിർദേശിക്കുന്ന ഒരാൾക്ക് പകരം മൂന്നംഗ മണ്ഡല പുനർനിർണയ സമിതി രൂപീകരിക്കണമെന്നാണ് സിബലിന്റെ നിർദേശം. സർക്കാർ നിർദേശിക്കുന്ന ഒരു വിരമിച്ച ജഡ്ജി, പ്രതിപക്ഷം നിർദേശിക്കുന്ന മറ്റൊരാൾ, ഇരുവരും ചേർന്ന് തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ ജഡ്ജി എന്നിവരടങ്ങുന്നതായിരിക്കണം സമിതി.
പുതിയ സെൻസസിന് കാത്തുനിൽക്കാതെ നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാമെന്ന വാഗ്ദാനത്തിൽ പ്രാദേശിക പാർട്ടികൾ വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാന താൽപര്യങ്ങൾക്കുവേണ്ടി ഭരണഘടനാ ജനാധിപത്യത്തെ ബലികഴിക്കുന്നവർ ചരിത്രത്തിന് മുന്നിൽ മറുപടി പറയേണ്ടിവരുമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.