Skip to main content
വാർത്തകൾ

സ്ത്രീകളുടെ ഗാർഹിക അധ്വാനത്തിന് നിയമപരമായ അംഗീകാരം വേണം; സമ്പത്തിൽ തുല്യാവകാശവും ഉറപ്പാക്കണം: ബൃന്ദ കാരാട്ട്

brinda karat

സ്ത്രീകളുടെ ഗാർഹിക അധ്വാനത്തിന് നിയമപരമായ അംഗീകാരം നൽകുകയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന സമ്പത്തിൽ തുല്യാവകാശം ഉറപ്പാക്കുകയും ചെയ്യുന്ന നിയമപരിഷ്കാരങ്ങൾ രാജ്യത്ത് അനിവാര്യമാണെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട്. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി തൃശൂരിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കാനാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതെന്ന ബി.ജെ.പിയുടെ വാദം കാപട്യമാണെന്ന് ബൃന്ദ കാരാട്ട് വിമർശിച്ചു. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ അപമാനിക്കാനുള്ള ഉപകരണമായാണ് സിവിൽ കോഡ് ഉപയോഗിക്കപ്പെടുന്നതെന്നും അവർ ആരോപിച്ചു.

പ്രതിഫലമില്ലാത്ത പരിചരണ ജോലികളുടെ സാമ്പത്തിക മൂല്യം വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിന്റെ 'ടൈം യൂസ് സർവേ' കണക്കുകൾ അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ഗാർഹിക അധ്വാനത്തിന് പണപരമായ മൂല്യം കണക്കാക്കിയാൽ പ്രതിവർഷം 22.6 ലക്ഷം കോടി രൂപ വരും. ഇത് 2023ലെ കേന്ദ്ര ബജറ്റിന്റെ ഏഴ് ശതമാനത്തോളം വരുമെന്നും അവർ പറഞ്ഞു. ഇത്രയേറെ സാമ്പത്തിക മൂല്യമുള്ള അധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

സനാതന ധർമ്മത്തിന്റെ മറവിൽ ജാതിവ്യവസ്ഥയെ മഹത്വവത്കരിക്കുന്ന പ്രവണത ശക്തിപ്പെടുകയാണെന്നും അവർ വിമർശിച്ചു. ജാതിവ്യവസ്ഥയുടെ ഭാഗമായി ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങൾ അതീവ ഗുരുതരമാണെന്നും അവർ പറഞ്ഞു.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം പരിശോധിച്ചായിരിക്കണം പരിഷ്കാരങ്ങൾ ആരംഭിക്കേണ്ടതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. തിരുത്താൻ കഴിയുന്നവ തിരുത്തുകയും മാറ്റാനാകാത്തവ പൊളിച്ചെഴുതുകയും വേണം. സ്വന്തം വീടുകൾക്കുള്ളിലെ അസമത്വത്തെയും സ്ത്രീകൾ ചോദ്യം ചെയ്യണം. ആർ.എസ്.എസിന്റെ 'ആദർശ നാരി' എന്ന സങ്കൽപ്പം സ്ത്രീകളെ നിശബ്ദരും വിധേയരുമാക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമ്മാണത്തിലും സ്ത്രീകൾ നിർണായക പങ്കുവഹിച്ചിട്ടും ചരിത്രാഖ്യാനങ്ങളിൽ പിതാവിന്റെ പാരമ്പര്യത്തിന് മുൻഗണന ലഭിക്കുകയും മാതാക്കൾ അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.

ഭരണഘടനാ നിർമ്മാണ സഭയിലെ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. തൃശൂരിലെ ഒരു സ്കൂളിന് ദാക്ഷായണി വേലായുധന്റെ പേര് നൽകിയത് അഭിമാനകരമാണെന്നും അവരുടെ പേരും പാരമ്പര്യവും രാജ്യത്തുടനീളം കൂടുതൽ അറിയപ്പെടണമെന്നും അവർ പറഞ്ഞു.