Skip to main content
വാർത്തകൾ

മേയറെ പുകഴ്ത്തി പറഞ്ഞതിന് പിന്നാലെ നഗരം വെള്ളത്തിൽ; മല്ലിക സുകുമാരന് ട്രോൾ മഴ

mallika

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിച്ചതിന് മേയർ വി.വി. രാജേഷിനെ പ്രശംസിച്ചതിന് പിന്നാലെ നടി മല്ലിക സുകുമാരനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. കനത്ത മഴയിൽ തമ്പാനൂർ ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന മേഖലകൾ വീണ്ടും വെള്ളത്തിനടിയിലായതോടെയാണ് താരത്തിന്റെ പഴയ പരാമർശം ചർച്ചയായത്. മേയറെ പുകഴ്ത്തിയുള്ള പ്രസ്താവനയ്ക്ക് പിന്നാലെ നഗരം വെള്ളത്തിലായതോടെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം മേയറുടെ ഓഫീസിലെത്തി കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിൽ മല്ലിക സുകുമാരൻ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിച്ചതിന് മേയറെ അഭിനന്ദിച്ചത്. തമ്പാനൂരിലെ വെള്ളക്കെട്ട് മാറിയെന്നും നേരത്തെ സാരി ഉയർത്തിപ്പിടിച്ച് നടക്കേണ്ട സാഹചര്യമുണ്ടായിരുന്നെന്നും ഇപ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. കോർപറേഷന്റെ ശുചീകരണ പ്രവർത്തനങ്ങളെയും മല്ലിക പ്രശംസിച്ചിരുന്നു.

എന്നാൽ, പിന്നാലെയുണ്ടായ ശക്തമായ മഴയിൽ തമ്പാനൂർ അരമണിക്കൂറിനുള്ളിൽ വീണ്ടും വെള്ളത്തിലായി. ബസ് സ്റ്റാൻഡിലും റോഡുകളിലും കടകളിലും വെള്ളം കയറിയതോടെ യാത്രക്കാരും വാഹനയാത്രക്കാരും ദുരിതത്തിലായി. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും റോഡിലേക്ക് ഒഴുകിയെത്തിയതും സ്ഥിതി കൂടുതൽ വഷളാക്കി.

ഇതോടെയാണ് മേയറെ പ്രശംസിച്ചുകൊണ്ടുള്ള മല്ലികയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്. പ്രസ്താവനയെ പരിഹസിച്ച് നിരവധി ട്രോളുകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. അതേസമയം, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ കോർപറേഷന്റെ വീഴ്ച ആരോപിച്ച് രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്.