വി ഡി സതീശനെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎം; കണ്ണൂരിലെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമെന്ന് ആരോപണം
മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഗവർണർക്ക് പരാതി നൽകാനൊരുങ്ങി സിപിഐഎം. കണ്ണൂരിൽ നടത്തിയ വിവാദ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചാണ് പരാതി നൽകുന്നത്. ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരായ നടപടിയെ പ്രതിരോധിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം.
നവംബർ 20ന് കണ്ണൂരിൽ നടന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി ഡി സതീശന്റെ പരാമർശം. സർക്കാരിന്റെ രൂപീകരണത്തിനായി കഠിനാധ്വാനം ചെയ്യുകയും മർദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത പ്രവർത്തകരെ അഭിസംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
'ഈ സർക്കാരിനെ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്ത, മർദനമേറ്റുവാങ്ങിയ, ചോരപ്പുഴകൾ താണ്ടി വന്ന എന്റെ കൊച്ചനുജന്മാരോടും അനുജത്തിമാരോടും പറയുന്നു, നിങ്ങളുടെ ചോരയിൽ നിന്ന് കൂടി പിറന്നതാണ് ഈ സർക്കാർ. നിങ്ങളെ സങ്കടപ്പെടുത്തില്ല, പ്രയാസപ്പെടുത്തില്ല. നിങ്ങളുടെ ചോരയ്ക്ക് ഞങ്ങൾ പകരം ചോദിക്കും. പഴയതുപോലെയല്ല' എന്നായിരുന്നു വി ഡി സതീശന്റെ വാക്കുകൾ.
അതേസമയം, പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ ഇന്നലെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് പരാതി സമർപ്പിച്ചത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസംഗം പ്രകോപനപരമാണെന്നും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.