Skip to main content
വാർത്തകൾ

‘ഉദ്യോഗാർഥികൾക്ക് തലമുണ്ഡനം, ഉദ്യോഗസ്ഥർക്ക് നാടുകടത്തൽ’; വി.ഡി. സതീശൻ സർക്കാരിനെതിരെ എ.എ. റഹീം

rahim,

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ വി.ഡി. സതീശൻ മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. “ഉദ്യോഗാർഥികൾക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥർക്ക് നാടുകടത്തലുമാണ് വി.ഡി. സതീശൻ മന്ത്രിസഭയുടെ രീതി” എന്ന് അദ്ദേഹം പരിഹസിച്ചു. 12 ദിവസമായി വളർമതി നിരാഹാര സത്യാഗ്രഹം തുടരുകയാണെന്നും സമരപ്പന്തലിലെത്തി ഉദ്യോഗാർഥികൾക്ക് ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം അറിയിച്ചെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

125 ദിവസമായി എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരത്തിലാണെന്നും വളർമതിയടക്കമുള്ളവർ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു. സമരപ്പന്തലിൽ ഉദ്യോഗാർഥികളുമായി വിശദമായി സംസാരിച്ചെന്നും വളർമതിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും റഹീം വ്യക്തമാക്കി. ശാരീരിക ക്ഷമതയേക്കാൾ മാനസിക കരുത്തിലാണ് നിരാഹാരം തുടരുന്നതെന്നാണ് വളർമതി തന്നോട് പറഞ്ഞതെന്നും മരണംവരെ സമരം തുടരാനാണ് അവരുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തെ ജനാധിപത്യവിരുദ്ധവും നിഷേധാത്മകവുമായ രീതിയിലാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് റഹീം ആരോപിച്ചു. വളർമതിയുടെ ജീവൻ രക്ഷിക്കാൻ ചർച്ച നടത്തുന്നതിനു പകരം സമരക്കാർക്കെതിരെ കേസെടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വിമർശിച്ചു. കേസെടുത്ത് സമരത്തിൽനിന്ന് പിന്മാറ്റാമെന്ന് കരുതേണ്ടെന്നും ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ ദുരഭിമാനവും നിഷേധാത്മക സമീപനവും ഉപേക്ഷിച്ച് സമരക്കാരുമായി ചർച്ച നടത്തണം. ഉദ്യോഗാർഥികളുടെ ജീവൻവച്ച് കളിക്കാനും സമരത്തെ അടിച്ചമർത്താനും ശ്രമിച്ചാൽ വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടിവരുമെന്നും റഹീം മുന്നറിയിപ്പ് നൽകി. വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയവർ ഇപ്പോഴും അധികാരത്തിലുണ്ടെന്നും സമാധാനപരമായി സമരം ചെയ്യുന്നവരോട് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നതിന്റെ കാരണം സർക്കാർ ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.