Skip to main content
വാർത്തകൾ

സാമ്രാജ്യത്വവും ജനാധിപത്യത്തിന്റെ ഭാവിയും ചർച്ചയാകുന്നു; നവംബർ 22ന് കൊൽക്കത്തയിൽ സീതാറാം യെച്ചൂരി ഫൗണ്ടേഷൻ പരിപാടി

yechuri

സാമ്രാജ്യത്വവും ജനാധിപത്യത്തിന്റെ ഭാവിയും ചർച്ച ചെയ്യുന്നതിനായി സീതാറാം യെച്ചൂരി ഫൗണ്ടേഷന്റെ (SYF) നേതൃത്വത്തിൽ കൊൽക്കത്തയിൽ ഏകദിന പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 22ന് സാൾട്ട് ലേക്കിലെ ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററിലാണ് പരിപാടി. വിദ്യാർഥികളുടെ അവതരണങ്ങൾ, യുവജന സംവാദം, പ്രമുഖരുടെ സെമിനാർ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ജ്യോതി ബസു സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസ് ആൻഡ് റിസർച്ചുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

അന്തരിച്ച സിപിഐഎം ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവും പാർലമെന്റേറിയനും പൊതുബുദ്ധിജീവിയുമായിരുന്ന സീതാറാം യെച്ചൂരിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ലാഭേച്ഛയില്ലാത്ത പൊതുചാരിറ്റബിൾ ട്രസ്റ്റാണ് സീതാറാം യെച്ചൂരി ഫൗണ്ടേഷൻ. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള പൊതുബോധം വളർത്തുക, ഭരണഘടനാ മൂല്യങ്ങൾ പ്രചരിപ്പിക്കുക, ഇടതുപക്ഷ-പുരോഗമന ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്രം രേഖപ്പെടുത്തുക, ഗവേഷണവും പഠനവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.

പരിപാടിയുടെ ആദ്യഘട്ടത്തിൽ രാവിലെ സാമ്രാജ്യത്വത്തിന്റെ സമകാലിക രൂപങ്ങളെക്കുറിച്ച് വിദ്യാർഥികളുടെ കൊളോക്വിയം നടക്കും. ബിരുദ, ബിരുദാനന്തര വിദ്യാർഥികളിൽനിന്ന് ഒക്ടോബർ ആദ്യം ഫൗണ്ടേഷൻ ആശയക്കുറിപ്പുകൾ ക്ഷണിച്ചിരുന്നു. അവസാന തീയതിയായ ഒക്ടോബർ അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 168 അപേക്ഷകൾ ലഭിച്ചു. ഇവയിൽനിന്ന് മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത പത്ത് വിദ്യാർഥികളാണ് നവംബർ 22ന് ആശയങ്ങൾ അവതരിപ്പിക്കുക. പിന്നീട് ഇവ വിശദമായ ലേഖനങ്ങളാക്കി സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് രാജ്യത്തെ പ്രതിനിധി ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വിദ്യാർഥി-യുവജന പ്രവർത്തകർ പങ്കെടുക്കുന്ന തുറന്ന സംവാദം നടക്കും. സമീപകാലത്ത് ഈ വിഷയത്തിൽ സജീവമായി ഇടപെട്ടുവരുന്ന യുവജനങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുക.

വൈകിട്ട് നടക്കുന്ന സെമിനാറാണ് പരിപാടിയുടെ പ്രധാന ആകർഷണം. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയാണ് ഉദ്ഘാടന പ്രഭാഷണം നടത്തുക. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്നായിക്കും ഇന്ത്യയിലെ ക്യൂബൻ അംബാസഡർ ജുവാൻ കാർലോസ് മാർസാൻ അഗ്വിലേരയും മുഖ്യപ്രഭാഷണങ്ങൾ നടത്തും. സമകാലിക സാമ്രാജ്യത്വത്തിന്റെ വിവിധ വശങ്ങളാണ് സെമിനാറിൽ ചർച്ച ചെയ്യുക.

പരിപാടിയുടെ ഭാഗമായി ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററിലെ ഗാലറിയിൽ സീതാറാം യെച്ചൂരിയുടെ ജീവിതവും രാഷ്ട്രീയ പ്രവർത്തനവും അടയാളപ്പെടുത്തുന്ന ഫോട്ടോ-ഓഡിയോ-വിഷ്വൽ പ്രദർശനവും ഒരുക്കും. പങ്കെടുക്കുന്നവർക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ടാകും.

ഫൗണ്ടേഷന്റെ രണ്ടാമത് സീതാറാം യെച്ചൂരി സ്മാരക പ്രഭാഷണം ഒക്ടോബർ 25ന് ന്യൂഡൽഹിയിൽ നടന്നിരുന്നു. പ്രമുഖ ചരിത്രകാരി റോമില ഥാപ്പർ ‘ചരിത്രരചനയും പ്രാചീന ഇന്ത്യൻ ചരിത്രവും’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്.