Skip to main content
വാർത്തകൾ

‘റോഡിൽ കാൽനടയാത്രക്കാർക്ക് സുരക്ഷയില്ല’; അക്ഷരയുടെ മരണത്തിൽ പൊലീസിനും എംവിഡിക്കും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

hc

കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിനി അക്ഷര മരിച്ച സംഭവത്തിൽ പൊലീസിനും മോട്ടോർ വാഹന വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിമുറിയിൽ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കണ്ട കാഴ്ചകൾ സഹിക്കാനാകാത്തതാണെന്ന് നിരീക്ഷിച്ചു. റോഡിൽ പെൺകുട്ടിക്ക് കൂടുതൽ നീങ്ങി നടക്കാൻ പോലും ഇടമുണ്ടായിരുന്നില്ലെന്നും ഫുട്പാത്ത് ഇല്ലാത്ത റോഡുകളിലൂടെ നടക്കുന്നവർ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. ചില വാഹനങ്ങൾ നിരത്തിലെത്തുന്നത് ‘കില്ലിങ് മെഷീനുകൾ’ പോലെയാണെന്നും കോടതി വിമർശിച്ചു.

നാടിനെ നടുക്കിയ സംഭവത്തിൽ ഭരണ-നിയമ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. പെൺകുട്ടിയുടെ കുടുംബത്തോട് എന്താണ് പറയാനാകുകയെന്നും എത്രതവണ മാപ്പ് പറയുമെന്നും ചോദിച്ച കോടതി, ഈ സംവിധാനത്തിനുവേണ്ടി മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം കോടതിയുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറുകയാണെന്നും ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കി. ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്രമണങ്ങളും നേരിടേണ്ടിവരാറുണ്ടെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ബസ് ഡ്രൈവർമാർക്ക് അടിയന്തരമായി തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകരുതെന്നും കോടതി നിർദേശിച്ചു. ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടും ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ചിലർ വീണ്ടും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സംഭവങ്ങളിൽ വാഹന ഉടമകൾക്കെതിരെ എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്നും ചോദിച്ചു. ബസുകളുടെ സമയക്രമത്തെക്കുറിച്ചല്ല പൊലീസ് ആശങ്കപ്പെടേണ്ടതെന്നും ഡ്രൈവർമാർ നിയമാനുസൃതവും സുരക്ഷിതവുമായാണോ വാഹനം ഓടിക്കുന്നതെന്ന് പരിശോധിക്കുകയാണ് ഉത്തരവാദിത്തമെന്നും കോടതി ഓർമിപ്പിച്ചു.

സംഭവത്തിൽ അടിയന്തര നടപടികൾ ആരംഭിച്ചതായി കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ കോടതിയെ അറിയിച്ചു. കൊച്ചിയിലെ മുഴുവൻ ബസ് ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് തയ്യാറാക്കിവരികയാണെന്നും അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകളുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.