സതീശനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; പറഞ്ഞത് ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ: അടൂർ പ്രകാശ്
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് അടൂർ പ്രകാശ്. കെ.പി.സി.സി കൺവീനറായ താൻ പല കാര്യങ്ങളും അറിയുന്നില്ലെന്ന് നേരത്തെ പറഞ്ഞത് വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് പേരെ ചുമതലപ്പെടുത്തിയ കാര്യം തീരുമാനമെടുത്ത ശേഷമാണ് അറിഞ്ഞതെന്നും മസ്കറ്റ് ഹോട്ടലിൽ ജയ്ഹിന്ദുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
പത്രങ്ങളിലൂടെയാണ് പല കാര്യങ്ങളും അറിഞ്ഞത്. താൻ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അറിയിക്കേണ്ട കാര്യങ്ങൾ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. പരാതി അറിയിക്കേണ്ട വേദിയിൽ തന്നെയാണ് അത് അറിയിച്ചതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. മന്ത്രിമാർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അതേക്കുറിച്ച് അവരോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്മോഹൻ ഉണ്ണിത്താനെതിരെയും അടൂർ പ്രകാശ് രംഗത്തെത്തി. ഉണ്ണിത്താൻ തന്നിൽനിന്ന് മറുപടി അർഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അടൂരിന്റെ പരാതി എ.ഐ.സി.സി ഗൗരവമായി എടുക്കുന്നില്ലെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തോടായിരുന്നു പ്രതികരണം.