ബിൽക്കിസ് ബാനു കേസിൽ പ്രതികൾക്ക് ജാമ്യം; സുപ്രീം കോടതി നടപടിക്കെതിരെ എം.എ. ബേബി
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയെ വിമർശിച്ച് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ബലാത്സംഗവും കൊലപാതകവും നടത്തിയ കുറ്റവാളികൾക്ക് ജാമ്യം അനുവദിച്ചത് നിർഭാഗ്യകരമായ തീരുമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ബിൽക്കിസ് ബാനുവിന് ആവശ്യമായ സംരക്ഷണവും നിയമസഹായവും നൽകേണ്ടത് സി.പി.ഐ.എമ്മിന്റെ കടമയാണെന്നും ബേബി വ്യക്തമാക്കി.
ബിപിൻചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രാമൻലാൽ മോഡി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. 17 വർഷത്തിലേറെ ജയിൽശിക്ഷ അനുഭവിച്ചതും അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ടെന്നതും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രതികളിൽ ഒരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നതും കോടതി പരിഗണിച്ചു.
അതേസമയം, തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിറക്കിയതെന്ന് ബിൽക്കിസ് ബാനു പ്രതികരിച്ചു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നീതി കൈവിട്ടുപോകുന്നതായും പഴയ ഭീതികൾ വീണ്ടും വേട്ടയാടുകയാണെന്നും അവർ പറഞ്ഞു. കോടതി ഉത്തരവിനെക്കുറിച്ച് പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും ബിൽക്കിസ് ബാനു പ്രതികരണത്തിൽ വ്യക്തമാക്കി.