സാമൂഹിക അടിസ്ഥാന സൗകര്യ വികസനത്തിന് നികുതി ഇളവുകൾ; പുതിയ സാമ്പത്തിക പദ്ധതിയുമായി ക്യൂബ
സാമ്പത്തിക പ്രതിസന്ധിക്കിടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും കൂടുതൽ നിക്ഷേപം ആകർഷിക്കാൻ നികുതി ഇളവുകളുടെ പുതിയ പാക്കേജുമായി ക്യൂബൻ സർക്കാർ. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ, വ്യക്തിഗത നികുതിദായകർ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹിക പദ്ധതികൾക്കും പ്രാദേശിക സേവനങ്ങൾക്കും പൊതുഫണ്ടിന് പുറമെ ബിസിനസ് മേഖലയിൽനിന്ന് കൂടുതൽ വിഭവങ്ങൾ സമാഹരിക്കുകയാണ് ലക്ഷ്യം.
ധനകാര്യ-വിലനിർണയ മന്ത്രാലയത്തിന്റെ റെസല്യൂഷൻ 208/2026 പ്രകാരമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. സ്കൂളുകൾ, ആശുപത്രികൾ, പോളിക്ലിനിക്കുകൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവയുടെ നിർമാണം, നവീകരണം, ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവയ്ക്കായി നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങൾക്ക് നിക്ഷേപത്തുകയുടെ 20 ശതമാനം വരെ നികുതിയിളവ് ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി പരമാവധി അഞ്ച് വർഷം വരെ ഈ ആനുകൂല്യം ലഭ്യമാക്കും.
സാമൂഹിക ആവശ്യങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങൾക്ക് പണം, ഉപകരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സംഭാവന ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സംഭാവനയുടെ മൂല്യത്തിന്റെ 10 ശതമാനത്തിന് തുല്യമായ നികുതിയിളവ് ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, സഹകരണ സംഘങ്ങൾ, സ്വയംതൊഴിൽ സംരംഭകർ, കാർഷിക ഉൽപാദകർ എന്നിവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.
മൊത്ത വരുമാനത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും സാമൂഹിക സേവനങ്ങളിൽനിന്ന് നേടുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തനത്തിന്റെ ആദ്യ അഞ്ച് വർഷങ്ങളിൽ വരുമാനത്തിന്മേലുള്ള നികുതി നിരക്കിൽ ഇളവ് അനുവദിക്കും. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് തീരുവയിലും ഇളവുണ്ടാകും.
നിക്ഷേപങ്ങളും സംഭാവനകളും തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചായിരിക്കണം നടപ്പാക്കേണ്ടതെന്ന് ധനകാര്യ-വിലനിർണയ മന്ത്രി വ്ലാദിമിർ റെഗ്യൂറോ അലേ വ്യക്തമാക്കി. ഓരോ പ്രദേശത്തിന്റെയും മുൻഗണനകൾക്കനുസരിച്ച് പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. വാർഷിക നികുതി കണക്കുതീർപ്പിലൂടെയാണ് ഇളവുകൾ അനുവദിക്കുക. നാഷണൽ ടാക്സ് അഡ്മിനിസ്ട്രേഷൻ ഓഫീസ് (ONAT) ഇടപാടുകൾ പരിശോധിച്ച് നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കും. ആനുകൂല്യം ലഭിക്കുന്ന സ്ഥാപനങ്ങൾ ലഭിച്ച വിഭവങ്ങളുടെ കൃത്യമായ കണക്കുകൾ സൂക്ഷിക്കണം.
ജൂണിൽ ക്യൂബൻ നാഷണൽ അസംബ്ലി അംഗീകരിച്ച 176 സാമ്പത്തിക-സാമൂഹിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നടപടി. പൊതുഅടിസ്ഥാന സൗകര്യങ്ങളുടെയും സാമൂഹിക സേവനങ്ങളുടെയും പുനരുദ്ധാരണത്തിൽ സർക്കാർ-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിഷ്കാരപ്പാക്കേജിലെ 112-ാം നടപടിയാണ് റെസല്യൂഷൻ 208 നടപ്പാക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയുടെ പൊതുബജറ്റിലെ സമ്മർദം കുറയ്ക്കുന്നതിനൊപ്പം അവശ്യ സാമൂഹിക സേവനങ്ങൾക്ക് കൂടുതൽ ധനസഹായം കണ്ടെത്താനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ലാറ്റിനമേരിക്കൻ-കരീബിയൻ സാമ്പത്തിക കമ്മീഷന്റെ (ECLAC) കണക്കുകൾ പ്രകാരം 2026ൽ ക്യൂബയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 10.3 ശതമാനം ഇടിവുണ്ടാകാൻ സാധ്യതയുണ്ട്.